താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/186

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'ശാസനാ രൂപാൽ ശാസ്ത്രഃ' എന്നും 'നിർദേശഗ്രന്ഥയോഃ ശാസ്ത്രം' എന്നുമാണ് ശാസ്ത്രം എന്നതിന് സംസ്കൃതത്തിലെ നിർവചനം. അപ്പോൾ പക്ഷി ശാസ്ത്രവും ഗൗളി ശാസ്ത്രവും കാമശാസ്ത്രവുമെല്ലാം ശാസ്ത്രമാകാം; പക്ഷെ, സയൻസ് ആകാൻ പറ്റില്ല. അതുകൊണ്ടാണ് ജ്യോതിഷത്തിനു ബി.എസ്സ്.സി., എം.എസ്സ്.സി ബിരുദങ്ങൾകൊടുക്കാൻ സർവകലാശാലകളോടു യു.ജി.സി നിർദേശിച്ചപ്പോൾ ഭൂരിഭാഗം ശാസ്ത്രജ്ഞരും എതിർത്തത്. ശാസ്ത്രത്തിന്റെ കർക്കശമായ നിരീക്ഷണ – പരീക്ഷണ – സംശോധനാ രീതികളൊന്നും ഇത്തരം കപടശാസ്ത്രങ്ങൾക്കില്ലല്ലോ. ഒടുവിൽ ജ്യോതിഷപഠനത്തെ മാനവിക വിഷയമായി പരിഗണിക്കാൻ യു.ജി.സി നിർബന്ധിതമായി.

ഇതെല്ലാം ചേർന്നാണ് ജ്യോത്സ്യത്തിനു പുതിയൊരു ബഹുമാന്യത കൈവന്നിരിക്കുന്നത്. പ്രവചനങ്ങൾ ഫലിക്കുന്നതുമായി അതിനു ബന്ധമില്ല. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവരും അതിനു വഴങ്ങിക്കൊടുക്കുന്നുണ്ട്. വീട്ടിലെ മറ്റംഗങ്ങളുടെയും ബന്ധുക്കളുടെയും വിമർശനവും നിസ്സഹകരണവും ഒഴിവാക്കാനും, ഭാവിയിൽ എന്തെങ്കിലും ചെറിയ ആപത്തുകൾപോലും സംഭവിച്ചാൽ അതു തന്റെ 'യുക്തിവാദം' കൊണ്ടാണെന്നുള്ള ആരോപണം വരാതെ നോക്കാനും വേണ്ടി വിശ്വാസമില്ലാത്തവർ പോലും വിവാഹപ്പൊരുത്തം നോക്കാനും മറ്റും ജ്യോത്സ്യന്റെ അടുത്തുപോകുന്നു. ഇഷ്ടമില്ലാത്ത ചില വിവാഹബന്ധങ്ങൾ 'ജാതകചേർച്ചയില്ല' എന്ന പേരിൽ സൗഹൃദപൂർവം ഒഴിവാക്കാൻ (ജ്യോത്സ്യന്റെ സഹായത്തോടെ) കഴിയും എന്നതും ജ്യോതിഷം നല്കുന്ന ഒരു സൌകര്യമാണ്. നടക്കണമെന്ന് നിർബന്ധമുള്ള വിവാഹങ്ങൾക്കാകട്ടെ പൊരുത്തം അനുകൂലമാക്കാൻ ജ്യോതിഷത്തിൽ തന്നെ ധാരാളം പഴുതുകൾ ഉള്ളതുകൊണ്ട് അതിനും ജ്യോത്സ്യനെ 'വേണ്ടതുപോലെ' കണ്ടാൽ മതി. അനുയോജ്യമായ ജാതകങ്ങൾ ഓർഡർ അനുസരിച്ച് എഴുതിക്കൊടുക്കുന്ന ജ്യോത്സ്യന്മാരും ഇപ്പോൾ ധാരാളമുണ്ട്. ചുരുക്കത്തിൽ വിശ്വാസമല്ല കൂടുന്നത്, ആചാരാനുഷ്ഠാനങ്ങളോടുള്ള ഒരു തരം വിധേയത്വമാണ്.

? പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, താംബൂല പ്രശ്നം തുടങ്ങിയ ഫലപ്രവചന രീതികൾ വേറെയുമുണ്ടല്ലോ. അവയും ജ്യോതിഷവുമായി വല്ല ബന്ധവുമുണ്ടോ?

ഇതൊന്നും പ്രാചീന ജ്യോതിഷത്തിലുള്ള കാര്യങ്ങളല്ല; ഒക്കെ പിൽക്കാല 'ശാസ്ത്ര'ങ്ങളാണ്. ഹസ്തരേഖയിലെ ശുക്രമണ്ഡലവും വ്യാഴമണ്ഡലവും പോലുള്ള ബന്ധം തന്നെയെ ഇവയ്ക്കും ജ്യോതിഷവുമായുള്ളൂ. നല്ല വാചാലതയുണ്ടെങ്കിൽ ആളുകളെ എന്തും വിശ്വസിപ്പിക്കാൻ കഴിയും എന്നു കണ്ടെത്തിയവരാണ് ഈ 'ശാസ്ത്രജ്ഞ'ന്മാരെല്ലാം.

പക്ഷിശാസ്ത്രക്കാരന്റെ കയ്യിൽ 27 ചീട്ടുകളാണുള്ളത്- 27 നാളുകൾക്കു കണക്കാക്കി. ഈ ലോകത്തെ 600 കോടി ജനങ്ങളുടെയും, ഇനി ജനിക്കാൻ പോകുന്ന മനുഷ്യരുടെയും, ഭാവി മുഴുവൻ അതിലുണ്ടെന്നാണ് അയാളുടെ അവകാശവാദം. അതിലും രസികന്മാരാണ് നാഡീജ്യോത്സ്യന്മാർ. കേരളത്തിനു പുറത്തു നിന്നാണവരുടെ വരവ്. നിങ്ങൾ നാഡീജ്യോത്സ്യന്മാരെ സമീപിച്ച് വിരലടയാളവും അഡ്രസും നൽകുകയേവേണ്ടൂ. ഏതാനും ആഴ്ച കഴിഞ്ഞു വരാൻ പറയും. ചെല്ലുമ്പോൾ അഗസ്ത്യമുനി എഴുതിവെച്ചിരിക്കുന്ന പഴയ താളിയോല