താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/24

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

23 ‍ ഡിഗ്രി വരെ വടക്കോട്ടും തെക്കോട്ടും സൂര്യൻ സഞ്ചരിക്കുന്നു. ഇതിനെ അയന ചലനങ്ങൾ എന്നു വിളിക്കും. ഇക്കാരണത്താൽ സൂര്യനെ നോക്കി ദിക്കു നിർണയിക്കുന്നതിൽ സാരമായ പിശകു വരും.

ധ്രുവനെ കാണുന്ന ദിശ: ധ്രുവനക്ഷത്രത്തെ ഉത്തരധ്രുവത്തിൽ നിൽക്കുന്ന ഒരാൾ തന്റെ തലയ്ക്കു മീതെയും ഭൂമധ്യരേഖയിൽ നിൽക്കുന്ന ആൾ വടക്കെ ചക്രവാളത്തിലും കാണും. ഭൂമിയിൽ ഒരാൾ എത്ര ഡിഗ്രി അക്ഷാംശത്തിൽ നിൽക്കുന്നുവോ, ചക്രവാളത്തിൽ നിന്ന് അത്രയും ഡിഗ്രി ഉയരത്തിൽ അയാൾ ധ്രുവനെ കാണും.

നക്ഷത്രങ്ങൾക്ക് അയന ചലനം ഇല്ലാത്തതുകൊണ്ട് കൂടുതൽ കൃത്യമായി ദിക്കറിയാൻ അവയാണ് മെച്ചം എന്ന് ജ്യോതിഷികൾ മനസ്സിലാക്കി. ബാബിലോണിയരെപ്പോലെ വിദൂരദേശങ്ങളുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ച ജനതകൾക്ക് മറ്റൊരു വിധത്തിലും നക്ഷത്രനിരീക്ഷണം അത്യാവശ്യമായിവന്നു. ബാബിലോണിയർ ഇന്ത്യയിലെയും ചൈനയിലെയും പല നഗരങ്ങളിലും വന്നു വ്യാപാരം നടത്തിയിരുന്നു എന്നാണല്ലോ ചരിത്രം പറയുന്നത്. ദീർഘമായ യാത്രയ്ക്കിടയിൽ അവർക്കു പലപ്പോഴും മരുഭൂമികൾ താണ്ടേണ്ടി വരും. മരുഭൂമിയിലൂടെ യാത്രചെയ്യാൻ രാത്രിയിലേ പറ്റൂ. അപ്പോൾ ദിക്കു കാണിക്കാൻ സൂര്യനുണ്ടാവില്ലല്ലോ. നക്ഷത്രങ്ങൾ അതിനു സഹായിക്കും എന്നവർ കണ്ടെത്തി.

ദിക്കറിയാൻ പറ്റിയ ചില നക്ഷത്രങ്ങളേയും നക്ഷത്ര ഗണങ്ങളേയും തിരിച്ചറിഞ്ഞതായിരിക്കണം ജ്യോതിഷത്തിന്റെ വളർച്ചയിലെ സുപ്രധാന ഘട്ടം. ധ്രുവനക്ഷത്രമായിരുന്നു അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. വടക്കെ ആകാശത്ത് ചക്രവാളത്തോടു ചേർന്ന്, നല്ല ശോഭയുള്ള ഒരു നക്ഷത്രമാണത്. ചുറ്റുമുള്ള മറ്റു നക്ഷത്രങ്ങളെല്ലാം തീരെ ശോഭ കുറഞ്ഞവയാണ്. ചക്രവാളത്തിൽ നിന്ന് എത്ര ഉയരത്തിലാണ് ധ്രുവനെ കാണുകയെന്നത് നിരീക്ഷകന്റെ അക്ഷാംശം അനുസരിച്ചിരിക്കും. ഉദാഹരണത്തിന് മധ്യരേഖക്കടുത്ത് (0 ഡിഗ്രി അക്ഷാംശം) നിൽക്കുന്ന ഒരാൾ ധ്രുവനെ വടക്കെ ചക്രവാളത്തിലും മധ്യ കേരളത്തിൽ നിൽക്കുന്ന ആൾ (10.5 ഡിഗ്രി അക്ഷാംശം) ധ്രുവനെ ചക്രവാളത്തിൽ നിന്ന് 10.5 ഡിഗ്രി ഉയരത്തിലുമാകും കാണുക. ധ്രുവനെ കണ്ടുകഴിഞ്ഞാൽ വടക്കു ദിക്കുകിട്ടി. പിന്നെ മറ്റു ദിക്കുകൾ തിരിച്ചറിയുക എളുപ്പമാണല്ലോ.

ധ്രുവന്റെ സമീപത്തൊന്നും ശോഭയുള്ള നക്ഷത്രങ്ങളില്ലാത്തതുകൊണ്ട് അതിനെ തിരിച്ചറിയുക എളുപ്പമാണ്. ധ്രുവനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. എല്ലാ നക്ഷത്രങ്ങളും കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നതാണല്ലോ നാം കാണുന്നത്. എന്നാൽ ധ്രുവൻ മാത്രം ഉദിക്കുകയുമില്ല, അസ്തമിക്കുകയുമില്ല രാത്രി മുഴുവൻ ഒരേ നില്പ്. (പകലും അവിടെത്തന്നെയുണ്ടാകും, കാണാൻ കഴിയില്ലെന്നു മാത്രം) ധ്രുവനു ചുറ്റുമുള്ള നക്ഷത്രങ്ങളാകട്ടെ (സപ്തർഷികളും മറ്റും) അതിനെ പ്രദക്ഷിണം ചെയ്യുന്നതായും തോന്നും. ഈ അസാ