താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/27

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാവരും പ്രാചീന കാലത്തെ പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞർ.

ക്കാണ് എത്തുക. ഒടുവിൽ പുറപ്പെട്ടിടത്തു തിരിച്ചെത്തുകയും ചെയ്യും.

ഇന്ത്യയെ കൂടാതെ, ദിക്കുകൾക്ക് ദൈവികമായ പ്രാധാന്യം കൽപിച്ച മറ്റു രാജ്യങ്ങളായിരുന്നു ചൈനയും ഈജിപ്തും. ചൈനക്കാർ വിശ്വസിച്ചത് ലോകം ചതുരത്തിലാണെന്നും അതിന്റെ മധ്യത്തിലാണ് ചൈനയെന്നുമാണ്. 'മധ്യസാമ്രാജ്യം' (Middle Kingdom) എന്നാണവർ സ്വന്തം രാജ്യത്തെ വിശേഷിപ്പിച്ചത്. ധ്രുവനായിരുന്നു ദിക്കുകളുടെ കേന്ദ്രസ്ഥാനത്ത്. 'മഹാരഥം' എന്നവർ വിളിച്ച സപ്തർഷികളും ആരാധ്യനക്ഷത്രഗണമായിരുന്നു. ചൈനയിൽ നിർമിച്ച ഓരോ ക്ഷേത്രവും ഓരോ കെട്ടിടവും ഓരോ ശവകുടീരവും കൃത്യമായും തെക്കുവടക്ക് ദിശയിലാകണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. രാജാവിന്റെ സിംഹാസനം, ഗൃഹനാഥന്റെ ഇരിപ്പിടം, വീടുകളുടെ മുൻവാതിൽ - എല്ലാം തെക്കോട്ടായിരിക്കണം. (നമ്മെപ്പോലെ അവർ കാലനെ പേടിച്ചില്ല). സ്വാഭാവികമായും ജ്യോതിഷിക്ക് ചൈനീസ് സമൂഹത്തിൽ വലിയ സ്ഥാനമായിരുന്നു. യുദ്ധത്തിലും നായാട്ടിനും പുറപ്പെടുമ്പോഴും വിത്തുവിതയ്ക്കുമ്പോഴുമെല്ലാം അയാൾ വേണം മുഹൂർത്തവും ദിക്കും നിശ്ചയിക്കാൻ. ഗവൺമെന്റ് കെട്ടിടങ്ങളുടെ മുഖം കൃത്യമായും തെക്കോട്ടായിരിക്കണം. അത് രാജാവു തന്നെ അളന്ന് തിട്ടപ്പെടുത്തുകയും വേണം. അതൊരു വലിയ ചടങ്ങായിരുന്നു. ചുരുക്കത്തിൽ ചൈനക്കാരുടെ മതം തന്നെ ക്രമേണ ജ്യോതിശ്ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായി മാറി. സപ്തർഷികളുടെ ഉദയവും നിൽപും അർഥഗർഭമായി അവർ കരുതി. ദക്ഷിണായനാന്തത്തിൽ ബീജിങ്ങിലെ ചുവന്ന കുന്നിൽ (Red hill) നടക്കുന്ന ബലികർമങ്ങളിൽ അഞ്ചു ഗ്രഹങ്ങൾക്കൊപ്പം 'മഹാരഥ'ത്തിനും അവർ ബലിപീഠമൊരുക്കി. രാജാവു തന്നെയാണ് ബലികർമങ്ങൾക്കു നേതൃത്വം നൽകുക. (ദിക്കും സമയവും നിർണയിക്കാൻ ചൈനക്കാർ ഏറെയും ആശ്രയിച്ചത് 'മഹാരഥ'ത്തിനെയാണ്)

ചൈനക്കാരുടെ തത്വചിന്തയിലെ പ്രധാനപ്പെട്ട ഒരാശയമായിരുന്നു യാങ്-യിൻ തത്വം. (ഭാരതീയരുടെ പുരുഷനും-പ്രകൃതിയും പോലെ) ആകാശത്ത് അവയെ പ്രതിനിധീകരിച്ചത് സൂര്യനും ചന്ദ്രനുമാണ്. ഈ 'ആകാശമത'ത്തിന്റെ ചട്ടക്കൂടിൽ പിന്നീട് ബുദ്ധമതം ഒരു മേലങ്കിപോലെ വന്നു ചേരുകയാണുണ്ടായത്.

ഈജിപ്തിൽ ദിശാനിർണയകല ഇതിലേറെ വികസിച്ചിരുന്നു. 5000 കൊല്ലം പഴക്കമുള്ള 'ചിയോപ്‌സിന്റെ പിരമിഡിന്റെ' കോണുകളും ചതുർദിക്കുകളുമായുള്ള വ്യതിയാനം ഒരു ഡിഗ്രിയുടെ വളരെ ചെറിയ ഒരളവേ വരുന്നുള്ളൂവത്രേ. പിരമിഡിനുള്ളിൽ നിന്ന് അന്നത്തെ ധ്രുവനായ ത്യൂബനെ ഒരു കുഴലിനുള്ളിലൂടെ എന്നപോലെ കാണാൻ കഴിയും വിധമായിരുന്നു ഉള്ളിലേക്കുള്ള വഴി. ഫറവോ (ഈജിപ്തിലെ രാജാവ്) സ്വയം വിശേഷിപ്പിച്ചത് 'സൂര്യപുത്രൻ' എന്നാണ് (ചൈനക്കാർക്ക് രാജാവ് വാനപുത്രൻ-Son of the Heaven-ആയിരുന്നു). രാജാവ് വേണം ക്ഷേത്രങ്ങളുടെ ദിക്ക് നിർണയിച്ചു നൽകാൻ. ഒരു രാജകീയ ലിഖിതത്തിൽ ഇപ്രകാരം കാണുന്നു. "ഞാൻ കുറ്റിയും ചുറ്റികയും കൈയിലെടുക്കുന്നു. അറിവിന്റെ ദേവതയ്ക്കൊപ്പം ചരട് കൈയിലേന്തുന്നു. നക്ഷത്രങ്ങളുടെ പാതയിലേക്ക് ഞാൻ എന്റെ ദൃഷ്ടി തിരിക്കുന്നു. മഹാരഥത്തിൽ കണ്ണുകളുറപ്പിച്ച് ക്ഷേത്രത്തിന്റെ മൂലകൾ ഞാൻ അളന്ന് തിരിക്കുന്നു."

ഋഗ്വേദത്തിൽ ഇന്ദ്രന്റെ രഥമായിട്ടും ചൈനക്കാർ ദൈവത്തിന്റെ രഥമായിട്ടും ഫിനീഷ്യർ വലിയ കരടി (Dub - Kabir) ആയിട്ടും അതിനെ കണ്ടു. Ursa Major, Big Bear തുടങ്ങിയ യൂറോപ്യൻ പേരുകളും വലിയ കരടിയെ സൂചിപ്പിക്കുന്നു. രൂപം എന്തായാലും ദിക്ക് സൂചിപ്പിക്കാൻ ഈ ഗണം കൊള്ളാം. പുലഹനും ക്രതുവും യോജിപ്പിച്ച് വടക്കോട്ടു നീട്ടിയാൽ നേരെ