സംസ്കൃതത്തിൽ 'പുനർവസു' ആണ്; 'വീണ്ടും സമൃദ്ധി' എന്നും 'വീണ്ടും മഴ' എന്നും അർഥം പറയാം (വസുവിന് ഐശ്വര്യം, സമ്പത്ത്, ജലം എന്നെല്ലാം അർഥമുണ്ട്). പിന്നെ പൂയം (പൂഷ്യം) ഞാറ്റുവേലയായി. അതു കഴിഞ്ഞാൽ ആയില്യം (ആശ്ലേഷം - വിളകൾ ചില്ല പൊട്ടി ആശ്ലേഷിച്ചു നിൽക്കുന്ന കാലമാകാം)
വേട്ടക്കാരന്റെ നായയുടെ (കാനിസ് മേജർ) തിളങ്ങുന്ന കണ്ണാണ് സിറിയസ് നക്ഷത്രം. ആകാശത്തെ ഏറ്റവും ശോഭയുള്ള നക്ഷത്രമാണത്. വേട്ടക്കാരന്റെ തെക്കു കിഴക്കായി ഡിസംബർ - മാർച്ച് കാലത്ത് സന്ധ്യക്കുതന്നെ കാണാം. ജൂലായ് മാസത്തിൽ സൂര്യനു സമീപമെത്തും. ഉദയവും അസ്തമയവും സൂര്യനൊപ്പം. സിറിയസ് ഒരു നാൾ സൂര്യനോടൊപ്പം ഉദിച്ചാൽ പിന്നീട് എത്ര ദിവസം കഴിഞ്ഞാണ് അത് വീണ്ടും സൂര്യനോടൊപ്പം ഉദിക്കുക എന്നു ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച അവർ അതിനു ശരാശരി 365 1/4 ദിവസം വേണമെന്നു കണ്ടെത്തി. ഇതാണ് പിന്നീട് സൗരവർഷമായി കണക്കാക്കിയത്. |
കേരളത്തിൽ രോഹിണിയിൽത്തന്നെ ഞാറു നടുന്നതു കൊണ്ട് മകം ആകുമ്പോഴേക്കും കൊയ്ത്തു തുടങ്ങും. മകവും പൂരവുമാണ് നമ്മുടെ കൊയ്ത്തുകാലം. സ്വാഭാവികമായും ആ നക്ഷത്രങ്ങൾ ശുഭ നക്ഷത്രങ്ങളായി പരിഗണിക്കപ്പെട്ടു. സമ്പത്ത് ഒരു ചെറിയ വിഭാഗത്തിന്റേതു മാത്രമായിരുന്ന പഴയ കാലത്ത് ആർക്കും പട്ടിണിയില്ലാത്ത കാലം ആ രണ്ടു ഞാറ്റുവേലകൾ (ഇന്നത്തെ ചിങ്ങമാസം) ആയിരുന്നു. കുഞ്ഞുങ്ങൾ പിറന്നാൽ സന്തോഷിക്കുന്ന കാലം ആയതുകൊണ്ടാകം 'മകം പിറന്ന മങ്ക'യും 'പൂരം പിറന്ന പുരുഷ'നും നമ്മുടെ ഭാഷയിൽ സ്ഥാനം പിടിച്ചത്.
ജീവിതത്തിലെ സകല വ്യാപാരങ്ങളും ഞാറ്റുവേല ക്രമമനുസരിച്ചായിരുന്നു പണ്ടു ചിട്ടപ്പെടുത്തിയത്. കൃഷി മാത്രമല്ല, വിവാഹവും ഉത്സവവും എല്ലാം അതനുസരിച്ചായിരുന്നു. ഇന്ത്യയിൽ മാത്രമല്ല ബാബിലോണിയയിലും ഈജിപ്തിലുമെല്ലാം ഇതുപോലത്തെ രീതി കാണാം. നക്ഷത്രങ്ങളുടെ നന്മ-തിന്മകൾ മറ്റു രാജ്യക്കാർ തീരുമാനിച്ചതും നമ്മളെപ്പോലെ തന്നെ. സൂര്യൻ കാർത്തിക നക്ഷത്രങ്ങളോടൊപ്പം ഉദിക്കുന്ന കാലത്ത് ബാബിലോണിയയിലും സിറിയയിലുമെല്ലാം വരണ്ട ചുടുകാറ്റ് അടിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് അവർ കാർത്തികയെ 'ഏഴു ദുഷ്ട സഹോദരികൾ' (Seven evil sisters) എന്നാണ് വിളിച്ചത്. കേരളീയർക്കാകട്ടെ കാർത്തിക പ്രിയപ്പെട്ട നക്ഷത്രമാണ് കാരണം ആ ഞാറ്റുവേലയിൽ നമുക്കു പുതുമഴ കിട്ടും.
സിറിയസ് നക്ഷത്രം സൂര്യനോടൊപ്പം ഉദിക്കുന്ന കാലത്ത് നൈൽ നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഈജിപ്തുകാർ ഏറെക്കാലത്തെ നിരീക്ഷണ ഫലമായി കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ അടിയുന്ന എക്കൽ മണ്ണിലാണ് അവർ പിന്നീട് കൃഷിയിറക്കുക. സ്വാഭാവികമായും സിറിയസ്സ് ഈജിപ്തുകാർക്ക് ശുഭതാരമായി. യൂറോപ്യന്മാർക്ക് സിറിയസ് 'ഡോഗ്സ്റ്റാർ' ആണ്. കാരണം അതിന്റെ പ്രഭാതോദയം അവിടെ വരണ്ട വേനലിന്റെ തുടക്കമാണ്. ചുരുക്കത്തിൽ, നക്ഷത്രങ്ങളുടെ ശുഭാശുഭത്വം ഓരോ നാട്ടിലേയും ജീവിതരീതിയും കാലാവസ്ഥയും അനുസരിച്ചാണ് തീരുമാനിക്കപ്പെട്ടത്.