ആയിരുന്ന ബാബിലോണിയരാണ് ഈ ആശയങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെത്തിച്ചതെന്നും ഓരോ രാജ്യക്കാരും ചെറിയ മാറ്റങ്ങളേ അതിൽ വരുത്തിയുള്ളൂ എന്നും തോന്നുന്നു. യൂറോപ്പിലും ഇന്ത്യയിലും രാശികൾക്കു നൽകിയ പേരുകൾ ബാബിലോണിയരുടേതു തന്നെ. അവർക്കു മഴക്കാലം തുടങ്ങുന്ന അക്വാറിയസ് (കുടമേന്തിയ രൂപം) തന്നെയാണ് കൊടും വേനലിൽ വരുന്ന നമ്മുടെ കുംഭവും. ഭാരതത്തിലാണ് ജ്യോതിഷം ഉടലെടുത്തതെന്നും ഇവിടെ നിന്നു മറ്റിടങ്ങളിലേക്കു വ്യാപിക്കുകയാണുണ്ടായതെന്നും വാദിക്കുന്നവർ ഇക്കാര്യം മറന്നുകളയുന്നു. എന്നു മാത്രമല്ല, ബാബിലോണിയരുടേതുപോലെ നാലഞ്ച് ആയിരം വർഷം പഴക്കമുള്ള രേഖകളൊന്നും ഇവിടെ നിന്നു കണ്ടെത്തിയിട്ടുമില്ല. രാശിനാമങ്ങൾ മിക്കതും അവരുടെ കാലാവസ്ഥയുമായും പുരാണേതിഹാസങ്ങളുമായും ബന്ധപ്പെട്ടാണ് വന്നതെന്ന് കാണാൻ എളുപ്പമാണ്.
സൂര്യൻ 12 മാസംകൊണ്ട് 12 രാശികളിലൂടെ സഞ്ചരിക്കുന്നു. ഒരു രാശിയിൽ സൂര്യൻ ഒരു മാസക്കാലം ഉണ്ടാകും എന്നർത്ഥം. ആ മാസത്തിന് ആ രാശിയുടെ പേരായിരിക്കും. മേടം രാശിയിൽ സൂര്യനുള്ള കാലം മേടമാസം. മേടം ഒന്നാം തിയ്യതി സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് കടക്കുന്നു. മേടത്തിന്റെ ആരംഭ ബിന്ദുവെ മേഷാദി എന്നു വിളിക്കും.
സുര്യൻ ഒരു രാശിയിൽനിന്ന് അടുത്ത രാശിയിലേക്കു കടക്കുന്നതിനെ (രാശിപ്പകർച്ചയെ) സംക്രമം, സംക്രാന്തി (ശങ്കരാന്തി) എന്നൊക്കെ വിളിക്കും. മേട സംക്രാന്തി നമുക്കു വിഷുവാണ് (പണ്ട് വിഷു 'വിഷുവം' എന്ന ജ്യോതിശ്ശാസ്ത്ര പ്രതിഭാസവുമായി ബന്ധപ്പെട്ടായിരുന്നു. വിഷുവവും അയനവും എന്ന അനുബന്ധം കാണുക) സൂര്യൻ ഇടവത്തിൽ പ്രവേശിക്കുന്നതാണ് ഇടവ സംക്രാന്തി. ഇങ്ങനെ 12 സംക്രാന്തികളുണ്ട്.
മേടം ഒന്നാം തിയ്യതി സുര്യൻ മേടം രാശിയോടൊപ്പം കിഴക്കുദിക്കും. രണ്ടു മണിക്കൂർകൊണ്ട് മേടം രാശി പൂർണമായും ഉദിച്ചുയർന്നു പോകും. (ഒരു രാശി 30 ഡിഗ്രിയും ഭൂമി ഒരു മണിക്കൂർ കൊണ്ട് സ്വയം കറങ്ങുന്നത് 15 ഡിഗ്രിയും ആണെന്നോർക്കുക.) തുടർന്ന് ഇടവം, മിഥുനം എന്നിങ്ങനെ 12 രാശികളും 24 മണിക്കൂർകൊണ്ട് ഉദിച്ച് ഭൂമിക്കു ചുറ്റും സഞ്ചരിക്കും. മേടത്തോടൊപ്പം സഞ്ചരിച്ച് അസ്തമിക്കുന്ന സൂര്യൻ പിറ്റേ ദിവസവും മേടത്തോടൊപ്പം ഉദിക്കും. പക്ഷേ, മേഷാദിയിൽ നിന്ന് ഏകദേശം ഒരു ഡിഗ്രി പിന്നോക്കം (കിഴക്കോട്ട്) പോയിരിക്കും. ഇങ്ങനെ 31 ദിവസം കൊണ്ട് സൂര്യൻ മേടത്തിലെ 30 ഡിഗ്രി പിന്നിട്ട്, ഇടവ സംക്രാന്തി നാൾ, ഇടവത്തിലേക്കു കടക്കും. ഇടവ മാസവും 31 ദിവസമാണ്. മിഥുനവും കർക്കിടവും നീളം കൂടിയ