താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/45

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൂര്യ ചന്ദ്രന്മാരുടെ പഥങ്ങൾ തമ്മിൽ 5ഡിഗ്രി 9 മിനുട്ട് ചരിവുണ്ട്. തന്മൂലം അവ, ഭൂമിയുടെ ഇരുവശത്തുമായി, അന്യോന്യം ഛേദിക്കും. ഇതാണ് രാഹുവും കേതുവും.

1.10 രാഹുവും കേതുവും

ചന്ദ്രപഥവും ക്രാന്തിപഥവും ഏകദേശം ഒരേ വഴിതന്നെയാണെന്നു പറഞ്ഞല്ലോ. എന്നാൽ രണ്ടും കൃത്യമായി സംപതിക്കുന്നില്ല. അവ തമ്മിൽ 5 ഡിഗ്രി 9മിനുട്ടിന്റെ (മിനുട്ട് = ഡിഗ്രിയുടെ 160 ) ഭാഗം ചരിവുണ്ട്. തന്മൂലം അവ രണ്ടു സ്ഥാനങ്ങളിൽ അന്യോന്യം മുറിച്ചു കടക്കും; രണ്ടും ഭൂമിയുടെ ഇരുവശത്തുമായി വരും. (മുറിച്ചു കടക്കുന്നതായി നമുക്ക് തോന്നുന്നതാണ്. ചാന്ദ്രപഥം ഭൂമിയിൽനിന്ന് 3,84,000 കി.മീ. അകലെയും സൂര്യപഥം 15 കോടി കി.മീ. അകലെയുമാണ്.) ഈ രണ്ടു സ്ഥാനങ്ങളെയാണ് രാഹു എന്നും കേതു എന്നും പറയുന്നത്. ചാന്ദ്രപഥം ക്രാന്തിവൃത്തത്തെ തെക്കുനിന്നു വടക്കോട്ടു ഖണ്ഡിക്കുന്ന സ്ഥാനം കേതുവും എതിരെയുള്ളത് രാഹുവും എന്നാണ് സങ്കല്പം. (രാഹു 2000 ജൂലൈ മുതൽ - മിഥുനത്തിലാണ്. 1½ വർഷം കഴിയുമ്പോൾ ഇടവത്തിൽ എത്തും. കേതു ധനുവിൽ നിന്ന് വൃശ്ചികത്തിലും).

കഴിയുകയില്ല. അതാണ് സൂര്യഗ്രഹണം. സൂര്യചന്ദ്രൻമാർ ഒരേ സമയം കേതുവിൽ എത്തിയാലും സൂര്യഗ്രഹണമാണ് നടക്കുക. ചന്ദ്രൻ വളരെ ചെറുതായതുകൊണ്ട് ഭൂമിയിൽ അതിന്റെ പൂർണ നിഴൽ വീഴുന്ന വിസ്തൃതിയും ചെറുതായിരിക്കും. (ഏറിയാൽ 272 കി. മീ. ചുറ്റളവിൽ മാത്രം.) ചന്ദ്രന്റെ ചലനവും ഭൂമിയുടെ ഭ്രമണവും കാരണം നിഴൽ അതിവേഗം നീങ്ങിപ്പോകും. ഏതാനും സെക്കന്റു മുതൽ 7മി. 31സെ. വരെ ഒരിടത്ത് സൂര്യഗ്രഹണം അനുഭവപ്പെടാം. എന്നാൽ ചന്ദ്രഗ്രഹണം മണിക്കൂറുകളോളം നീണ്ടു നിൽക്കും. ഭൂമിയുടെ നിഴൽ വലുതായതുകൊണ്ട് ചന്ദ്രനെ ഏറെ സമയം മറയ്ക്കാൻ അതിനു കഴിയും.

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സൂര്യഗ്രഹണം ക്രി. മു. 2136-ൽ ചൈനയിൽ ആണ്. സിറിയയിൽ നിന്നു കണ്ടെടുത്ത ഉഗാരിത് ഫലകത്തിൽ ക്രിസ്തുവിനു മുമ്പ് 1375-ൽ നടന്ന ഗ്രഹണത്തിന്റെ വിവരണം കാണാം.

ഗ്രഹണങ്ങൾ ഉണ്ടാക്കി തമസ്സ് (ഇരുട്ട്) സൃഷ്ടിക്കുന്ന സ്ഥാനങ്ങൾ ആയതുകൊണ്ടാകാം, ആര്യഭടനും മറ്റും രാഹുകേതുക്കളെ തമോഗ്രഹങ്ങൾ എന്നാണു വിളിച്ചത്. രാഹു കേതുക്കൾ ഒരു രാശിയിൽ 1½ വർഷം ഉണ്ടാകും എന്നു സൂചിപ്പിച്ചുവല്ലോ. 18.6 വർഷംകൊണ്ട് അവ ഭൂമിയെ (രാശി ചക്രത്തിലൂടെ) ഒന്നു ചുറ്റിവരും. സൂര്യചന്ദ്രൻമാരും ഗ്രഹങ്ങളും എല്ലാം സഞ്ചരിക്കുന്നതായി നാം കാണുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ആണെങ്കിൽ (വക്രഗതിയുള്ളപ്പോൾ ഒഴികെ) രാഹുകേതുക്കൾ ചുറ്റുന്നത് എതിർ ദിശയിലാണ്. അവ എപ്പോഴും വക്രത്തിലാണ് എന്നർഥം.