താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/6

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പ്രസാധകക്കുറിപ്പ്


ജ്യോതിഷവുമായി നിത്യജീവിതത്തെ ബന്ധിപ്പിച്ചിട്ടുള്ള ജനങ്ങൾ ഏറെയാണ്. വിവാഹമായാലും ഗൃഹപ്രവേശമായാലും കുട്ടികളുടെ ജനനമായാലും ഗ്രഹനില നോക്കുന്നവർ എത്രയോ പേരുണ്ട്. സ്വകാര്യവും കുടുംബപരവുമായ ഏതനുഭവത്തേയും ജ്യോതിർഗോള സാന്നിധ്യവുമായി കൂട്ടിയിണക്കുന്നവരുടെയും യാത്രകൾ പോലും ജ്യേതിഷിയുടെ നിർദേശാനുസരണം നിശ്ചയിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. പുരാണപ്രോക്തമായ ജ്യോതിഷത്തിൽ പ്രമാദം ഒട്ടുമില്ല എന്ന പ്രചരണം ഇതിനിടെ മുറുകിവരുന്നു. ജ്യോതിഷത്തെ ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന്റെ തുടർച്ചയും വളർച്ചയുമായി ഉയർത്തിക്കാട്ടാനും പലർക്കും മടിയില്ല. ടി.വി. ചാനലുകളിലൂടെയും പത്രങ്ങളിലൂടെയുമുള്ള ജ്യോതിഷ പരിപാടികളിൽ മനുഷ്യന്റെ ഭാഗധേയങ്ങളെ ആകാശഗോളങ്ങളുടെ സ്ഥാനക്രമവുമായി ചേർത്തുവെച്ചുള്ള പ്രവചനങ്ങൾ ശക്തമായിരിക്കുന്നു. ജാതകങ്ങൾ കമ്പ്യൂട്ടറിൽ ഗണിക്കപ്പെടുന്നു, വിവാഹപ്പൊരുത്തം കമ്പ്യൂട്ടർ നിശ്ചയിക്കുന്നു. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കമ്പ്യൂട്ടറിനപ്പുറം ശാസ്ത്രസത്യം മറ്റൊന്നുമില്ല. ഇതിന്റെയെല്ലാം ഫലമായി ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും രണ്ടാണ് എന്ന സത്യം പോലും പലർക്കും അറിഞ്ഞുകൂടാ എന്നതാണവസ്ഥ.