ആകാശത്തിന്റെ അനന്തതയിലുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് ജ്യോതിഷവും ജ്യോതിശാസ്ത്രവും വികസിച്ചു വന്നത് എന്നതാണ് ഈ രണ്ടിനുമിടയിലുള്ള പൊതുവായ കാര്യം. ഇതിലപ്പുറം രണ്ടിനും തമ്മിൽ സമാനതകൾ ഒന്നുമില്ല. ഒന്ന് വെറും വിശ്വാസവും മറ്റേത് ശുദ്ധശാസ്ത്രവുമാണ്. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം അതിന്റെ നിലപാടുകൾ ഒരിക്കലും പരിഷ്കരിക്കപ്പെടുന്നില്ല; ഒരിക്കലും പരീക്ഷണ വിധേയമാക്കപ്പെടുന്നുമില്ല. മറിച്ച്, ശാസ്ത്രം നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതിയ പുതിയ അറിവുകൾ സ്വായത്തമാക്കുകയും പഴയവയെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ നവീകരിക്കപ്പെടുന്ന വിജ്ഞാനമേഖലകളുടെ മുൻപന്തിയിൽതന്നെയാണ് ജ്യോതിശാസ്ത്രത്തിന്റെ സ്ഥാനം.
നക്ഷത്രങ്ങളും ഗ്രഹങ്ങളും പരസ്പരം മാറിപ്പോയ പ്രാചീന മനുഷ്യന്റെ അറിവുമായി നോക്കുമ്പോൾ, അനന്തമായ പ്രപഞ്ചത്തിലെ എണ്ണമറ്റ ഗാലക്സികളെക്കുറിച്ചും നക്ഷത്രങ്ങൾ എരിഞ്ഞടങ്ങിയ തമോഗർത്തങ്ങളെക്കുറിച്ചുമുള്ള ആധുനിക മനുഷ്യന്റെ അറിവ് എത്രയോ മുന്നിലാണ്. എന്നാൽ ദൃഷ്ടിഗോചരമായ ജ്യോതിർഗോളങ്ങളുടെ സാന്നിധ്യം വെച്ച് പഴയ മനുഷ്യർ ഉറപ്പിച്ചെടുത്ത ചില ധാരണകളിൽ ജ്യോതിഷം തളംകെട്ടി നിൽക്കുന്നു.
എങ്കിലും ഒരേ ഭൗതികവസ്തുക്കളെച്ചൊല്ലിയുള്ള മനുഷ്യമനനത്തിൽ നിന്ന് രൂപംകൊണ്ട രണ്ടു ധാരകൾ എന്ന നിലയിൽ ജ്യോതിഷത്തെയും ജ്യോതിശാസ്ത്രത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ഏറെ പ്രസക്തിയുണ്ട്. മനുഷ്യമനസ്സിൽ ദൃഢമായുറച്ച ചില ധാരണകളെ അപ്രകാരമേ തിരുത്തിയെഴുതാനാകൂ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴിഞ്ഞ കുറേകാലമായി ഈ വഴിക്കുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. കേരളത്തിലങ്ങോളമിങ്ങോളം ക്ലാസുകളും സംവാദങ്ങളും നക്ഷത്രനിരീക്ഷണക്യാമ്പുകളുമായി പരിഷത്ത് ആരംഭിച്ച ബോധനപരിപാടിക്ക് നേതൃത്വംകൊടുത്തവരിൽ ഒരാളാണ് കെ. പാപ്പൂട്ടി. ഇങ്ങനെ നടന്ന ക്ലാസുകളിൽ നിന്ന് സാധാരണക്കാരായ ജനങ്ങളുന്നയിച്ച ഒരാവശ്യം എന്ന നിലയിലാണ് പരിഷത്ത് ഈ പുസ്തകത്തെ കാണുന്നത്. ജനങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തുകയും ജ്യോതിശാസ്ത്രപരമായ ബോധനപ്രക്രിയയെ കരുത്തുറ്റതാക്കുകയുമാണ് ഈ പുസ്തകംകൊണ്ട് ഉദ്ദേശിക്കുന്നത്.