43,20,000 വർഷമാണ് ഒരു മഹായുഗം. ആര്യഭടന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു മഹായുഗത്തിൽ ഗ്രഹങ്ങൾ പൂർത്തിയാക്കുന്ന പരിക്രമണങ്ങളുടെ എണ്ണം ചുവടെ കൊടുക്കുന്നു (മഹാഭാസ്കരീയത്തിൽ നിന്ന്:)
ആര്യഭടന്റെ അഭിപ്രായത്തിൽ 10,80,000 വർഷം വീതമുള്ള 4 യുഗങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. വർഷത്തിന്റെ നീളം 365 ദിവസവും 6 മണിക്കൂർ 12 മിനിറ്റ് 35.66 സെക്കന്റ് ആകയാൽ പൂർണ സംഖ്യാ സിവിൽ ദിനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് 10,80,000 വർഷം എന്ന് ബയോട്ട് എന്ന ചരിത്രകാരൻ കണക്കാക്കുന്നു. ആധുനിക സൂര്യ സിദ്ധാന്തത്തിൽ മഹായുഗത്തെ നാലു യുഗങ്ങളായി വിഭജിച്ചിരിക്കുന്നത് മറ്റൊരു വിധത്തിലാണ്. യുഗങ്ങളുടെ നീളം 4:3:2:1 വരും വിധം കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ ഭാഗിച്ചിരിക്കുന്നു. അതനുസരിച്ച് കൃതയുഗം 17,28,000 വർഷവും ത്രേതായുഗം 12,96,000 വർഷവും ദ്വാപരയുഗം 8,64,000 വർഷവും കലിയുഗം 4,32,000 വർഷവുമാണ്. ഈ വിഭജനത്തിന്റെ ജ്യോതിശാസ്ത്ര പ്രാധാന്യം വ്യക്തമല്ല. ഭാരതീയരുടെ കാലവിഭജനം മഹായുഗത്തിലും പര്യവസാനിക്കുന്നില്ല. 72 ചതുർ യുഗങ്ങൾ (മഹായുഗങ്ങൾ) ചേർന്നാൽ ഒരു മന്വന്തരവും 14 മന്വന്തരങ്ങൾ ഒരു ബ്രഹ്മദിവസവും 360 ബ്രഹ്മദിവസങ്ങൾ ഒരു ബ്രഹ്മസംവത്സരവും 120 ബ്രഹ്മസംവത്സരങ്ങൾ ഒരു കൽപവുമാണത്രേ. കല്പത്തിൽ 6 മന്വന്തരങ്ങൾ കഴിഞ്ഞു 7-ാമത്തെ മനുവിൽ 28-ാം ചതുർയുഗത്തിന്റെ ഒടുവിലെ കലിയുഗത്തിലാണത്രേ ഇപ്പോൾ ലോകമുള്ളത്. ഇപ്പോഴത്തെ കലിവർഷാരംഭം കൃ.മു.3102 ഫബ്രൂവരി 18 വെള്ളിയാഴ്ചയാണെന്ന് കണക്കാക്കിയിരിക്കുന്നു. കൽപം, മനു മുതലായവയ്ക്ക് എന്തെങ്കിലും ജ്യോതിശാസ്ത്രപരമായ പ്രാധാന്യം ഉള്ളതായി കാണുന്നില്ല. ശുദ്ധ ഭാവനാവിലാസം എന്നേ കരുതാൻ ന്യായമുള്ളു. |
തിഥി: രാശി ചക്രത്തിൽ സൂര്യനിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തെയാണ് തിഥി സംഖ്യ സൂചിപ്പിക്കുന്നത്. ഓരോ തിഥിയും 12 ഭാഗ (720 കല) വീതമാണ്. ഒരു ചാന്ദ്രമാസത്തെ 30 തിഥികളാക്കി തിരിച്ചിരിക്കുന്നു. 15 വെളുത്ത പക്ഷ തിഥികളും 15 കറുത്ത പക്ഷ തിഥികളും. സൂര്യനും ചന്ദ്രനും തമ്മിൽ 12 ഭാഗ അകലുവാൻ വേണ്ട സമയമാണ് ഒരു തിഥി കാലം. സൂര്യനിൽ നിന്ന് കിഴക്കോട്ട് ചന്ദ്രനിലേക്കുള്ള ദൂരത്തെ തിഥി സ്ഫുടം എന്നു പറയും. അമാവാസി നാൾ തിഥി സ്ഫുടം പൂജ്യം. അവിടെ നിന്ന് 12 ഭാഗ വരെ ചന്ദ്രന് അകലാൻ വേണ്ട കാലം ഒന്നാം തിഥി അഥവാ ശുക്ലപക്ഷ പ്രഥമ. (ഇത് ഏകദേശം ഒരു ദിവസം തന്നെ; കാരണം ചന്ദ്രൻ 13 ⅓ ഭാഗ സഞ്ചരിക്കുന്ന സമയം കൊണ്ട് സൂര്യൻ ഒരു ഭാഗ സഞ്ചരിക്കുമല്ലോ. വ്യത്യാസം 12 ⅓ ഡിഗ്രി അഥവാ ഏകദേശം 12 ഡിഗ്രി). തുടർന്ന് ഓരോ 12 ഭാഗയ്ക്കും ദ്വിതീയ, തൃതീയ, ചതുർഥി, പഞ്ചമി... എന്ന ക്രമത്തിൽ പേരു