താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/80

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനന്തമായ സന്തതിപരമ്പരകൾ ഉണ്ടാകുമെന്നും വേദാംഗജ്യോതിഷം ഉദ്ഘോഷിക്കുന്നു. ബാബിലോണിയർക്ക് ചന്ദ്രൻ 'സിൻ' (Sin) എന്ന ദേവനായിരുന്നു സിറിയയിലും കാൽദിയയിലും (ബാബിലോണിയയ്‌ക്ക് തെക്ക്) അത് 'നമ്മു' , 'ഹുർ', 'ഉർ' എന്നീ പേരുകളിൽ ആരാധിക്കപ്പെട്ടു. ചന്ദ്രന് ഭൂമിയിൽ ഒരു താവളമുള്ളതായി അവർ വിശ്വസിച്ചു - ഉർ എന്ന പ്രദേശത്തിന്റെ തലസ്ഥാനമായ ഹറാനിൽ. ചന്ദ്രൻ അവർക്ക് അറിവിന്റെ ദേവനും നിയമങ്ങളുടെ ദാതാവും ആയിരുന്നു.

ബുധ-ശുക്രന്മാരുടെ പഥം

ജ്യോതിഷികളെ കുഴക്കിയ ഒരു പ്രശ്നമായിരുന്നു ബുധ-ശൂക്രന്മാരുടെ പഥങ്ങൾ. മറ്റു ഗ്രഹങ്ങളെപ്പോലെ അവ ഒരിക്കലും ഉച്ചിയിൽ വരുന്നില്ല. സൂര്യോദയത്തിനു മുമ്പ് കിഴക്ക് അല്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറ് ആണ് ഇവയെ കാണുക. (സന്ധ്യക്കു കാണുന്ന കാലത്ത് പ്രഭാതത്തിൽ കാണില്ല; അതുപോലെ മറിച്ചും). ഈ രണ്ടു കാലത്തിനും ഇടയ്ക്ക് അവ സൂര്യനെ മറികടന്നുപോകുന്നുണ്ട്. അതായത് ബുധനും ശുക്രനും സൂര്യന്റെ ഇരുവശത്തേക്കും ദോലനം ചെയ്യുകയാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഭൂമിയെ ചുറ്റുന്നു എന്നു വിശ്വസിച്ചിരുന്ന കാലത്ത് ഈ പ്രതിഭാസത്തിന് വിശദീകരണം കൊടുക്കുക എളുപ്പമായിരുന്നില്ല. ഈ ഗ്രഹങ്ങളുടെ അത്ഭുതസിദ്ധിയായേ അവർക്കതിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

കോപ്പർ നിക്കസിന്റെ സൗരകേന്ദ്ര സിദ്ധാന്തത്തിന് ഈ പ്രതിഭാസത്തെ എളുപ്പം വിശദീകരിക്കാൻ കഴിഞ്ഞു (യഥാർഥത്തിൽ സൗരകേന്ദ്ര സിദ്ധാന്തത്തിലേക്ക് കോപ്പർനിക്കസിനെ നയിക്കുന്നതിൽ ഇതു വലിയ പങ്കു വഹിച്ചു എന്നു പറയുന്നതാവും ശരി) ചിത്രം നോക്കൂ: ബുധൻ സൂര്യനെ ചുറ്റുന്ന പഥത്തിന്റെ വ്യാസാർധം 579 കോടി കി.മി. ആണ്. ഭൂപഥത്തിന്റെ വ്യാസാർധം 15 കോടി കി.മീറ്ററും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ബുധനും ഇടയ്ക്കുള്ള കൂടിയ കോണളവ് ഏകദേശം 22o ആണ്. അതു കൊണ്ട് സന്ധ്യക്ക്, സൂര്യാസ്തമയത്തിനു ശേഷം ഏറിയാൽ 1½ മണിക്കൂറും രാവിലെ സൂര്യോദയത്തിനു മുമ്പ് 1½ മണിക്കൂറും മാത്രമേ ബുധനെ കാണാൻ പറ്റൂ. മിക്കപ്പോഴും ഇതിലും കുറഞ്ഞ സമയമേ ബുധൻ ചക്രവാളത്തിനു മീതെ കാണപ്പെടൂ (ജാതകത്തിലെ ഗ്രഹനിലയിൽ ബുധൻ എപ്പോഴും രവി നിൽക്കുന്ന രാശിയിലോ, തൊട്ടടുത്ത രാശിയിലോ മാത്രം നിൽക്കുന്നതിനു കാരണമിതാണ്).

ഇതുപോലെ തന്നെയാണ് ശുക്രന്റെ സ്ഥിതിയും. ശുക്രപഥത്തിന്റെ വ്യാസാർധം 10.82 കോടി കി.മി.

ഇസ്രയേലിൽ സ്വർഗത്തിന്റെ രാജ്ഞിയായ 'അഷ്തോർ' ആയിരുന്നു ചന്ദ്രൻ. അഷ്തോറിന്റെ ബഹുമാനാർഥം പൗർണമി നാളിൽ വലിയ കേക്കുകൾ ഉണ്ടാക്കുക അവിടുത്തെ ആചാരമായിരുന്നു. യഹൂദനാട്ടിൽ ചന്ദ്രാരാധന നിർത്താനും യഹോവ