താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/86

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൽകാൻ വേണ്ട ശാസ്ത്രവിജ്ഞാനത്തിന്റെ അഭാവവും ചേർന്നാണ് ഗ്രഹങ്ങളുടെ ദേവസങ്കൽപത്തിലേക്ക് നയിച്ചത്. സൂര്യന്റെ അയനചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ഗ്രഹങ്ങളുടെ വക്രഗതിയും ഗ്രഹശോഭയിലുണ്ടാകുന്ന ഏറ്റക്കുറവും

ചന്ദ്രന്റെ വൃദ്ധിക്ഷയവും ഗ്രഹങ്ങളുടെ ശോഭാവ്യതിയാനവും

അമാവാസിക്കു ശേഷം ഒരു നേർത്ത കലയായി പടിഞ്ഞാറെ മാനത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രൻ ക്രമേണ ഓരോ ദിവസവും വലുതാവുകയും കിഴക്കോട്ടു നീങ്ങിപ്പോവുകയും ചെയ്യുന്ന പ്രതിഭാസം പ്രാചീനകാലം മുതൽക്കേ മനുഷ്യനിൽ അത്ഭുതം ഉളവാക്കിയിരുന്നു. സൂര്യപ്രകാശം ഏറ്റാണ് ചന്ദ്രൻ പ്രകാശിക്കുന്നത് എന്ന് ബാബിലോണിയയിലെയും ഭാരതത്തിലെയും ജ്യോതിശാസ്ത്രജ്ഞർ മനസ്സിലാക്കി വരുമ്പോഴേക്കും ഫലഭാഗ ജ്യോതിഷം അഥവാ ജ്യോത്സ്യം പിടിമുറുക്കിക്കഴിഞ്ഞിരുന്നു. വെളുത്ത പക്ഷത്തിൽ വൃദ്ധി പ്രാപിച്ചു വരുന്ന ചന്ദ്രൻ ദുർബലനും പാപിയും ആയിരിക്കുമെന്നും ആണ് ജ്യോത്സ്യം പറയുന്നത്.

വൃദ്ധിക്ഷയങ്ങളുടെ യഥാർഥ കാരണം നമുക്കിന്നറിയാം. എല്ലാകാലത്തും ചന്ദ്രഗോളത്തിന്റെ നേർപകുതിയിൽ സൂര്യപ്രകാശം വീഴുന്നുണ്ട്. എന്നാൽ, ഭൂമിക്കു ചുറ്റും ചന്ദ്രന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് ഈ പ്രകാശമാനമായ ഭാഗത്തിന്റെ ഒരു പങ്ക് നമ്മുടെ കണ്ണിൽ നിന്ന് മറയ്ക്കപ്പെടും (ചിത്രം കാണുക). അമാവാസിയിൽ പൂർണമായും മറയ്ക്കപ്പെടും. പൗർണമിയിൽ സൂര്യപ്രകാശം പതിക്കുന്ന ഭാഗം പൂർണമായും കാണും. നമ്മൾ നോക്കുന്ന സ്ഥാനത്തു നിന്ന് എപ്പോഴും ചന്ദ്രന്റെ പകുതി ഗോളഭാഗം നമുക്ക് അഭിമുഖമായി വരുമെങ്കിലും അതിൽ സൂര്യപ്രകാശം വീഴുന്ന അംശം എത്രയുണ്ട് എന്നതിനനുസരിച്ച് ചന്ദ്രക്കലയുടെ വലിപ്പം മാറും.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ - (സൂര്യനെ ചിത്രത്തിന്റെ മുകൾ ഭാഗത്ത്, വിദൂരത്ത് സങ്കൽപിക്കുക) ചന്ദ്രന്റെ ഒരു പകുതിയിൽ എപ്പോഴും സൂര്യപ്രകാശം പതിക്കുന്നുണ്ടാവും. അതിൽ എത്ര അംശം നമുക്ക് കാണാൻ കഴിയുന്നു എന്നത് ചന്ദ്രന്റെ സ്ഥാനം അനുസരിച്ച് മാറും.

ഗ്രഹശോഭയിലുണ്ടാകുന്ന ഏറ്റക്കുറവും പണ്ടേ ശ്രദ്ധിക്കപ്പെട്ട ഒരു വസ്തുതയാണ്. ചൊവ്വയുടെ കാര്യത്തിലാണ് ഇത് ഏറെ ശ്രദ്ധേയം. ചൊവ്വ സന്ധ്യക്ക് കിഴക്കുദിക്കുന്ന കാലത്ത് അതിനു ശോഭ ഏറ്റവും കൂടുതലായിരിക്കും. സന്ധ്യക്കു പടിഞ്ഞാറോ പ്രഭാതത്തിനു മുമ്പ് കിഴക്കോ പ്രത്യക്ഷപ്പെടുന്ന കാലത്ത് ശോഭ തീരെ കുറവും ആയിരിക്കും. യുദ്ധ ദേവനായ ചൊവ്വയുടെ ബലവും ബലക്ഷയവുമായാണ് ജ്യോതിഷികൾ അതിനെ കണ്ടത്. യഥാർഥ കാരണം ഇന്നു നമുക്കറിയാം(ചിത്രം നോക്കൂ). ചൊവ്വയെ സന്ധ്യക്കു കിഴക്കു കാണുമ്പോൾ അതു ഭൂമിയോട് ഏറ്റവും അടുത്ത് A എന്ന സ്ഥാനത്തായിരിക്കും. ദൂരക്കുറവു കാരണം ശോഭ ഏറ്റവും കൂടുതലുമായിരിക്കും.സന്ധ്യക്ക് പടിഞ്ഞാറു കാണുന്ന കാലത്ത് B യിലും പ്രഭാതത്തിൽ കാണുന്ന കാലത്ത് C യിലും ആയിരിക്കും ചൊവ്വയുടെ സ്ഥാനം. ദൂരം കൂടുന്നതുകൊണ്ട് ശോഭ കുറയും. കൂടാതെ സൂര്യന്റെ പരഭാഗശോഭയും (Background light) അപ്പോൾ ഗ്രഹത്തിന്റെ ദൃശ്യത കുറയ്ക്കും.

ശുക്രന്റെ കാര്യത്തിൽ മറ്റൊരു വിചിത്രമായ സംഗ