താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/92

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്റെ സൗരവർഷവും അതനുസരിച്ചുള്ള സൗരകലണ്ടറും നിർമിച്ചു. വർഷങ്ങൾക്കു നമ്പർ കൊടുക്കുന്ന രീതിയും ഉണ്ടായിവന്നു. അതോടെ ദിക് നിർണയവും കാലാവസ്ഥാ പ്രവചനവും പ്രായഗണനയും 'ദൈവജ്ഞനു' മാത്രം ചെയ്യാൻ കഴിയുന്ന പണിയല്ലാതായി. രാജകൊട്ടാരത്തിലും സമൂഹത്തിലും ജ്യോതിഷിക്കു തന്റെ സ്ഥാനവും പ്രാധാന്യവും നിലനിർത്തണമെങ്കിൽ ഫലഭാഗം പോലുള്ള പൊടിക്കൈകൾ ആവശ്യമായിരുന്നു. അന്നു സർവസാധാരണമായിരുന്ന പകർച്ചവ്യാധികളും യുദ്ധങ്ങളും കൂടാതെ വരൾച്ച, ക്ഷാമം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളും 'ഗ്രഹപ്പിഴ'കളായി വ്യാഖ്യാനിക്കാനും ഗ്രഹണം, ധൂമകേതുക്കളുടെ വരവ് ഇവയുമായി ചില ദുരന്തങ്ങളെ ബന്ധിപ്പിക്കാനും ജ്യോതിഷികൾക്ക് എളുപ്പമായിരുന്നു.

സാത്താനും ദൈവവും-നന്മയുടെയും തിന്മയുടെയുടെയും പ്രതീകങ്ങൾ-എല്ലാ സംസ്കാരങ്ങളിലും കാണാം. ഈജിപ്തിലെ സൂര്യദേവനായ 'റാ'യെ വിഴുങ്ങാൻ എപ്പോഴും 'അപെപി' അവസരം പാർത്തിരിക്കുമായിരുന്നു. പേർഷ്യയിൽ 'അധുര മസ്ദ'യുടെ എതിരാളി 'അൻഗ്രാമൈൻയു'വും ബാബിലോണിയയിൽ 'മാർദുകി'ന്റെ മുഖ്യശത്രു 'തയാമത്തും' ആയിരുന്നു. എങ്കിലും ബൈബിളിലെ 'ലൂസിഫർ' നയിക്കുന്ന സാത്താന്മാരുടെ വൻപടപോലൊന്ന് മറ്റെവിടെയും കാണില്ല. (ഭാരതീയരുടെ അസുരന്മാർക്ക് ലൂസിഫറെ പോലെ കഴിവുറ്റ ഒരു നേതൃത്വമില്ല എന്നതാണ് കുഴപ്പം.

നാഗരികതകൾ വളർച്ച മുരടിക്കുകയോ തകരുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് അന്ധവിശ്വാസങ്ങൾ വളരുന്നത് എന്ന് ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് കാണാം. ബാബിലോണിയൻ സംസ്കാരം വളർന്നുകൊണ്ടിരുന്ന ആദ്യഘട്ടങ്ങളിൽ അവർ വളർത്തിയെടുത്തത് പ്രധാനമായും ജ്യോതിശാസ്ത്രത്തെയാണ്, ജ്യോത്സ്യത്തെയല്ല. നിരീക്ഷണങ്ങളുടെ പരിമിതി കാരണം അതിൽ അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും ധാരാളം ഉണ്ടായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ, ആദ്യകാല ജ്യോതിഷത്തിന്റെ ഉദ്ദേശ്യം ഭൗതിക ജീവിതം കൂടുതൽ സുഗമമാക്കുകയും ഉൽപാദനം വർധിപ്പിക്കാനാവശ്യമായ വിജ്ഞാനം നൽകുകയുമായിരുന്നു. എന്നാൽ പിൽക്കാലത്ത്, വിദേശാക്രമങ്ങളുടെയും പ്രകൃതിയിൽ വന്ന മാറ്റങ്ങളുടെയും സമൂഹത്തിൽ യാഥാസ്ഥിതികത്വം പിടിമുറുക്കിയതിന്റെയും ഒക്കെ ഫലമായിട്ടാകാം, മുരടിപ്പ് വന്ന് ഭവിക്കുകയും ജനതയ്ക്ക് ആത്മവിശ്വാസം നഷ്ടമാവുകയും ചെയ്യുന്നതും നാം കാണുന്നു. സ്വന്തം യുക്തിബോധത്തേയും ശേഷിയേയും ആശ്രയിക്കുന്നതിനു പകരം ഭൗമാതീത ശക്തികളിൽ ആശ്രയമർപ്പിക്കാനും ഗ്രഹദൈവങ്ങളിൽ ഭാവിയെ ദർശിക്കാനും അവർ തയ്യാറായി. യുക്തിക്കു പകരം മുക്തി സ്ഥാനം പിടിച്ചു. അന്ത്യനാളിനെയും രക്ഷകനെയും കുറിച്ചുള്ള ചിന്തകളും ഈ ഘട്ടത്തിലാണ് വേരൂന്നിയത്. ബാബിലോണിയൻ സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരായ കാൽദിയന്മാർ ജ്യോതിഷത്തെ ഒരു നിരീക്ഷണശാസ്ത്രം എന്നതിൽ നിന്ന് വെറും ഫലഭാഗമായി തരംതാഴ്ത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു.

ഗ്രീസിലും ഇന്ത്യയിലും ഈജിപ്തിലുമെല്ലാം സംസ്കാരങ്ങളുടെ ഗതി അന്വേഷണാത്മകതയിൽ നിന്ന് യാഥാസ്ഥിതികത്വത്തിലേക്ക് തിരിയുന്ന ഘട്ടത്തിൽ തന്നെയാണ് ഫലഭാഗജ്യോതിഷം അഥവാ ജ്യോത്സ്യം പ്രാമുഖ്യം നേടിയത് എന്നു കാണാൻ പ്രയാസമില്ല.