താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/94

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ വേണം എണ്ണാൻ. ഓരോ രാശിഭാവവും ജീവിതത്തിലെ തന്നെ ഓരോരോ ഭാവങ്ങൾക്ക് ആധാരമാണത്രേ. വിവാഹകാര്യങ്ങൾക്ക് ഏഴാം ഭാവം (കളത്രഭാവം), ആയുസ്സിന് എട്ടാം ഭാവം, ധനപരമായ കാര്യങ്ങൾക്ക് രണ്ടും പന്ത്രണ്ടും ഭാവങ്ങൾ... എന്നിങ്ങനെ. ജനനസമയത്ത് ഓരോ ഭാവത്തിലും നിൽക്കുന്ന ഗ്രഹങ്ങൾ നവജാതശിശുവിൽ പ്രഭാവം ചെലുത്തുന്നു. അവയുടെ രശ്മികൾ വെറും പ്രകാശമല്ല, പ്രത്യേക പ്രഭാവങ്ങളാണ് (ഗ്രഹങ്ങൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം അന്നത്തെ ജ്യോത്സ്യർ എങ്ങനെ അറിയാൻ!). ജ്യോതിശാസ്ത്രത്തിൽ കാര്യകാരണബോധം, സിദ്ധാന്തവും നിരീക്ഷണവും തമ്മിലുള്ള അന്യോന്യ ബന്ധം, ഇതൊന്നും ക്രമേണ ആവശ്യമില്ലെന്നായി.

പെരിക്ലിസും ഗ്രഹണവും

ഏതൻസ് ഭരിച്ച ഏറ്റവും പ്രശസ്തനായ രാഷ്ട്രതന്ത്രജ്ഞനും സൈന്യാധിപനും ആയിരുന്നു പെരിക്ലിസ് (മരണം ക്രിസ്തുവിനു മുമ്പ് 429). ഗ്രീസിൽ ശാസ്ത്രവും കലകളുമെല്ലാം ഏറെ വികസിച്ചുവന്ന കാലം. ഒരിക്കൽ നാവികയുദ്ധം നടക്കവേ പെട്ടെന്ന് സൂര്യഗ്രഹണം സംഭവിച്ചപ്പോൾ നാവികർ സംഭീതരായി; യുദ്ധം ഉപേക്ഷിക്കുമെന്ന നിലവന്നു. പെരിക്ലിസ് തന്റെ കോട്ട് ഊരി വിളക്കിനു മുന്നിൽ പിടിച്ചിട്ട് കപ്പിത്താനോട് ചോദിച്ചുവത്രേ: “ഇപ്പോൾ വിളക്കു കാണാൻ കഴിയുന്നുണ്ടോ?” ഗ്രഹണവും ഇതുപോലെ സൂര്യനെ ചന്ദ്രൻ മറയ്ക്കുന്നതാണെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കൊടുത്തു.

വിവിധ ജ്യോതിഷ ചിന്താപദ്ധതികൾ ബാബിലോണിയയിലും തുടർന്ന് ഈജിപ്തിലും ഇന്ത്യയിലുമെല്ലാം വളർന്നു വികസിച്ചു. ചിലർ സൂര്യനും സൗരരാശികൾക്കും പ്രാമുഖ്യം കൽപിച്ചപ്പോൾ മറ്റു ചിലർ ചന്ദ്രനും ചന്ദ്രരാശികൾക്കും പ്രാമുഖ്യം കൽപിച്ചു. ഇവർ തമ്മിൽ തർക്ക വിതർക്കങ്ങൾ നടന്നു. ജ്യോതിഷികളുടെ സംഗമങ്ങളും വിവാദങ്ങളും പതിവായി. അഭിപ്രായവ്യത്യാസങ്ങളിൽ പ്രധാനമായ ഒന്ന് ഇതായിരുന്നു. ഏതു സമയത്തെ ഗ്രഹനിലയാണ് കുഞ്ഞിന്റെ ഭാവി തീരുമാനിക്കുന്നത് ? കുഞ്ഞു പിറക്കുന്ന സമയത്തെ ഗ്രഹനിലയോ, അതോ ഗർഭധാരണസമയത്തെ ഗ്രഹനിലയോ ? ഈ തർക്കം നൂറ്റാണ്ടുകൾ നീണ്ടുനിന്നു. കൊട്ടാരത്തിലെ മുഖ്യ ജ്യോത്സ്യൻ, രാജാവ് എപ്പോൾ യുദ്ധത്തിനും നായാട്ടിനും പുറപ്പെടണമെന്ന് ഉപദേശിക്കും പോലെ തന്നെ ശ്രേഷ്ഠനായ പുത്രൻ പിറക്കാൻ എപ്പോൾ രാജ്ഞിയുമായി സംഭോഗം നടത്തണമെന്നും ഉപദേശിക്കാൻ ചുമതലപ്പെട്ടവനായി. എന്തായാലും, തർക്കങ്ങളുടെ ഒടുവിൽ, ഭൂരിപക്ഷാഭിപ്രായം ജനനസമയത്തെ ഗ്രഹനില നോക്കിയാൽ മതിയെന്നായിരുന്നു (ഗർഭധാരണ സമയം മിക്കപ്പോഴും നിശ്ചയമുണ്ടാവില്ലല്ലോ).

ബാബിലോണിയരുടെ തത്വചിന്തയിൽ ഫലഭാഗത്തിന്റെയും മിസ്റ്റിസിസത്തിന്റെയും അംശം ആദ്യം മുതലേ ഉണ്ടായിരുന്നു എന്നതാണ് സത്യം. എന്നാൽ ഗ്രീക്കു സംസ്കാരം അങ്ങനെയായിരുന്നില്ല. അത് ഭൂമിയിൽ കാലുറച്ചു വളർന്നതാണ്. അവരുടെ ദൈവങ്ങൾ പോലും 'ഇമ്മിണി വലിയ' മനുഷ്യർ മാത്രമായിരുന്നു. തമ്മിൽ പോരടിക്കുകയും മനുഷ്യരുടെ വഴക്കുകളിൽ ഭാഗം ചേരുകയും സ്ത്രീകളെ (ദേവപുത്രിമാരെയും മനുഷ്യപുത്രിമാരെയും) തട്ടിക്കൊണ്ടുപോവുകയും ഗ്രീസിന്റെതന്നെ വടക്കുള്ള ഒളിംപസ് കുന്നുകളിൽ താമസിച്ച്, ഇടയ്ക്കുമാത്രം വാനയാത്ര നടത്തുകയും ചെയ്യുന്ന രസികൻ ദൈവങ്ങൾ.