ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എരിയും കൈത്തിരി ശിശുക്കളെപ്പോലെ
മരുന്നറയ്ക്കുള്ളിൽ വലിച്ചെറിഞ്ഞല്ലോ?
മുടിച്ചല്ലോ ഭൂമി മുഴുവനുമൊന്നായ്;-
ക്കെടുത്തല്ലോ ഭാവി, പലർക്കും നിങ്ങൾക്കും.
മദിച്ചു മല്ലിട്ടു മരിപ്പിനേവരും,
യദുകളേരകാതൃണത്തിനാൽപ്പോലെ
സഹജഹിംസയിൽ കുതുകിയായ് നരൻ
പ്രഹരണമെന്നു കരത്തിലേന്തിയോ,
അവന്റെ ലോകം വിട്ടകന്നു പോ,യപ്പോൾ
ഭുവനതാതനാം പുരാൻ പുരാതനൻ;
മറന്നു പോയമ്മട്ടൊരു പദാർത്ഥം താ-
നൊരിക്കൽപ്പണ്ടെന്നോ ചമച്ച വൃത്താന്തം.
സമരമെങ്ങനെ തരും സമാധാനം?
തിമിരമെങ്ങനെ വെളിച്ചമേകിടും?
പുതിയൊരിബ്ഭവദ്വിജയസാഹസം
പ്രതിവിധിയറ്റ പരമപാതകം

VI



ഒരു വഴിയുണ്ടു മനുഷ്യൻ നന്നാവാ-
നൊരേയൊരു വഴി മറുവഴിയില്ല,
ഒരു കുടുംബമായ്പ്പുലർന്നാൽ ജീവിക്കാം,
പിരിഞ്ഞു മാറിയാൽ മരിച്ചു മണ്ണാകാം
ഒരു ജനപദം മതിയിനി,യതിൽ
ശരിക്കു നീതിതൻ ഭരണവും മതി.
മതിയും, ജാതിയും, നിറവും ലോകത്തെ-
പ്‌പൃഥക്കരിച്ചതു മതി, മതി, മതി.
എളിയവരെന്നും വലിയവരെന്നു-
മിളയിൽ മേലൊരു വിഭാഗമേ വേണ്ട
സമസ്തമായിടുമവസ്ഥയിങ്കലും
സമത്വം സർവരും സമാശ്രയിക്കട്ടെ
മുരട്ടുദേശീയമനഃസ്ഥിതിയുടെ
ശിരസ്സിൽ വീഴട്ടെയണുബോംബൊക്കെയും
ശിലകണക്കുള്ളിൽക്കിടക്കും സ്വാർത്ഥത്തിൽ
തലയിലേവരും ചവിട്ടിനിൽക്കട്ടെ
അതിൽനിന്നപ്പൊഴുതുയരും ശാന്തിയാം
സതിയതീശ്വരസധർമ്മചാരിണി
നിലവിലുണ്ടല്പമിനിയും ദൈവിക-
കലയെന്നാലതു വെളിക്കു കാട്ടുവിൻ
അണുബോംബും മറ്റുമവനിനന്നാക്കാ-
നിണക്കുവിൻ; വിഷമമൃതമാക്കുവിൻ.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/16&oldid=173326" എന്ന താളിൽനിന്ന് ശേഖരിച്ചത്