ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുതിർന്നെത്തിപോലും ചില വെള്ളക്കൊള്ളക്കാർ !
തെരുതെരെയവരുടെ പടവുകൾ പാഞ്ഞടുത്തു
ചിറകുകൾ വിരുത്തിയ ഗിരികൾപോലെ.
കരയ്‌‌ക്കുവന്നിറങ്ങവേ ഭവതിതൻ തനയരാ-
ദ്ദൊരകൾതന്നുയിർപ്പൊരുൾ ചുങ്കമായ്‌‌ക്കൊണ്ടു.
അരഞൊടിയിടകൊണ്ടാപ്പടക്കപ്പലശേഷവും
നുരകൾതൻമട്ടിൽച്ചിന്നി നുറുനുറുങ്ങി.
അവശിഷ്ടർ സമുദ്രത്തിൽ നിമഗ്നരായ്, താണുപോയോ-
രഭിമാനമെവിടായെന്നയ്‌‌വാൻപോലെ.

III



"ഇതുമൊരുനാടുപോലുമിടുങ്ങിയ വഴിത്താര-
യിതുകാക്കും കോട്ടപോലുമീമുളവേലി;
എതിരിടും പോലുമെന്നെയെട്ടോപത്തോ ചെവകക്കാർ;-
പുതുമയൊന്നുതിന്നമേൽ ഭൂമിയിലുണ്ടോ?
കഥയെന്തെന്നറിയാതെ കളിക്കുന്നു വഞ്ചി, മൈസൂർ-
ക്കടുവയോ, ടുണക്കില തീയോടുപോലെ,
ശരി, യെന്നാലിതിനെ ഞാൻ കൊള്ളയിടും, ചുട്ടെരിക്കു-
മരികളെ വെട്ടിക്കൊല്ലുമാബാലവൃദ്ധം !!
ഇടിയൊലിയിതുമട്ടിൽ മുഴക്കിയ ടിപ്പുസുൽത്താൻ
കിടങ്ങിൽവീണൊരുകാലിൽ മുടന്തുമേന്തി,
പടക്കൊറ്റി ഭവതിക്കായ് പ്രായശ്ചിത്തംപോലെ നൽകി
മടങ്ങിപോൽ മലനാടു മറന്നിടാതെ.

IV


പല വിരുതുകൾ പഴവന്മാരിക്കണക്കിൽ
പരമ്പരയായ് ലഭിച്ചോർ പടക്കളത്തിൽ.
അവർ ഞങ്ങൾക്കരുളിയ പൈതൃകസ്വത്തൊന്നുമാത്ര-
മളവറ്റു പൊന്തിടുന്ന ദേശാഭിമാനം.
അതു ഞങ്ങൾ നിറവിളക്കെന്നപോലെ സംരക്ഷിക്കു-
മതുഞങ്ങൾക്കനുദിനം നേർവഴികാട്ടും.
അതു ഞങ്ങൾ പലേടത്തുമിക്കഴിഞ്ഞ കൊടുമ്പോരിൽ
ഹൃദയരക്തത്തിൽ മുക്കിയെഴുതിക്കാട്ടി.
അധർമ്മത്തിൻ മസ്തകത്തെയടിച്ചുടച്ചമർത്താനു-
മശരണർക്കവലംബമരുളുവാനും.,
ഉലകത്തിലുപശാന്തിസുഭഗതവളർത്താനും ,
കുലധനമായ മാനം പുലർത്തുവാനും,
അഭിനവഭാരതത്തിൻ ഘടനയിൽ ഭവതിതൻ
വിപുലമാം കർത്തവ്യത്തിൽപ്പങ്കുകൊള്ളാനും.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/39&oldid=173351" എന്ന താളിൽനിന്ന് ശേഖരിച്ചത്