താൾ:തിരുവിതാംകൂർചരിത്രം.pdf/117

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരുത്തിപ്പാർപ്പിച്ചതു കൂടാതെ അവിടെ ഒരുക്ഷേത്രവും, കൊട്ടാരവും കച്ചേരികളും പണികഴിപ്പിച്ചു. പരദേശത്തുനിന്നും കച്ചവടക്കാരായ ബ്രാഹ്മണരെയും വരുത്തി താമസിപ്പിച്ചു. പണ്ടകശാലയിൽ ഒരു വിചാരിപ്പുകാരനെ നിയമിച്ചു കച്ചവടംവക ചരക്കുകളെ മലയിൽ നിന്നും ശേഖരിച്ചു പണ്ടകശാലയിൽ കൊണ്ടു ഏൽപ്പിക്കുന്നതിനുവേണ്ട എർപ്പാട് ചെയ്തു. മലയാറ്റൂർ മുതലായവനങ്ങളിൽ ഉണ്ടാകുന്ന തടികളെ മാത്തുതരകൻ എന്നൊരു കച്ചവടക്കാരനെ കുത്തകയായി ഏൽപ്പിക്കയും അവൻ അവയെ ആലപ്പുഴയിൽ ശേഖരിച്ചു അവിടെവച്ചു വിൽക്കുകയും ചെയ്തുവന്നു. വനങ്ങളിൽ അനേകം വിചാരിപ്പുകാരന്മാരെ ഓരോസ്ഥലങ്ങളിലായി താമസിപ്പിച്ചു, ഏലം, തേൻ മെഴുകു, തേൻ, ദന്തം, മുതലായ മലംചരക്കുകളെ സൂക്ഷിച്ചു ശേഖരിപ്പിച്ചു. ഇതാകുന്നു ഇപ്പഴത്തെ സഞ്ചായം ഡിപ്പാർട്ട്മെന്റിന്റെ ആദ്യമായ ഉത്ഭവം സർക്കാരിൽനിന്നും മൂന്നുകപ്പലുകൾ തീർപ്പിച്ചു. കുത്തക ചരക്കുകളെ ബംബാ, കൽക്കത്താ മുതലായ സ്ഥലങ്ങളിലേക്കു അയച്ചുകൊടുത്തു. ഈ വ്യാപാരത്തിൽ നല്ല ലാഭം കിട്ടി വന്നു വള്ളങ്ങളുടെ പോക്കുവരത്തിനായി അനേകം തോടുകൾ വെട്ടിച്ചു. തിരുവനന്തപുരത്തുനിന്നും കിഴക്കോട്ടുള്ള റോഡിന്റെ വിസ്താരം കൂടുതൽ ചെയ്തു. ചാലയിൽ കടകൾ കെട്ടിച്ചു കച്ചവടം ഏർപ്പെടുത്തി. കിള്ളിയാറ്റിലും കരമനയാറ്റിലും കല്ലുകൊണ്ടു പാലം കെട്ടിച്ചു. കോട്ടാറ്റിൽ അനേകം നെയ്ത്തുകാരെ വരുത്തി പാർപ്പിച്ചു ആ സ്ഥലത്തേയും പ്രബലപ്പെടുത്തി. നാഞ്ചനാട്ടിൽ അനേകം കൃഷി മരാമത്തു വേലനടത്തിച്ചു. തിരുവനന്തപുരത്തിലെ ക്ഷേത്രം അറ്റകുറ്റം തീർപ്പിക്കയും ധ്വജസ്തംഭത്തിനു സ്വർണ്ണംപൂശിക്കയും ഇന്ദ്രവാഹനവും കുലശേഖര മണ്ഡപവും പണികഴിപ്പിക്കയുംചെയ്തു. 965 -ൽ ആദ്യമായി പത്മനാഭപുരത്തു കമ്മട്ടം ഏർപ്പെടുത്തി. അനന്ത രായൻപണം, അനന്തവരാഹൻ, ചിന്നപ്പണം, മുതലായ സ്വർണ്ണനാണയങ്ങളും അതുകൂടാതെ ചക്രവും അടിപ്പിച്ചു.