ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശുദ്ധാന്തസ്സാരരായിട്ടുടനുടനണയും
  നാട്ടുകാരോടു കൂടി-
ബ്ബദ്ധാന്തർഭക്തിഭാരം ഭഗവതി നടയിൽ
  കൂടി മുട്ടിച്ചു കൂട്ടം        12

ആ രാവങ്ങിനെ നിദ്രയാരുമറിയാ-
  തേതന്നെ തീരുമ്പൊഴ-
യ്ക്കാരാവങ്ങൾ മുഴക്കിവന്നു കയറീ
  ശത്രുക്കൾ തെക്കേപ്പുറം;
ആരാഞ്ഞാത്മസുതാദി ജീവകഥയും
  കാണാഞ്ഞു നെഞ്ഞത്തടി-
ച്ചാരാൽ വീടുകൾതോറുമുണ്ടു മുറയി-
  ട്ടീടുന്നു മുത്തശ്ശിമാർ.        13

അക്കാര്യം മുഴുവൻ ധരിച്ച ധരണീ
  പാലൻ കുളിച്ചമ്പലം
പുക്കാക്കാളിയെഴും നടയ്ക്കൽ വടിപോ-
  ലന്നാശു വീണാനുടൻ
ഉൾക്കാളും ഭയമല്ല ഭക്തി ശിവയിൽ-
  ശത്രുക്കളിൽ ക്രോധമാ-
ദുഃഖാക്രാന്ത ജനങ്ങളിൽ കൃപയുമായ്
  പ്രാർത്ഥിച്ചുപോലിത്തരം.        14

'പെരുമ്പടപ്പിൽ ക്ഷിതിപാലരത്നം
പെരുമ്പടക്കോപ്പിഹ കൂട്ടി വന്നു;
ഒരുമ്പെടേണം പട നീ തടുപ്പാൻ
കുരുമ്പയമ്മേ! മമ തമ്പുരാട്ടി!'        15

എന്നർത്ഥിച്ചപ്പടിഞ്ഞാറുടയ നടയിലായ്
  മന്നവൻ വീണനേരം
തന്നത്താനാ വടക്കേക്കതകു നടയിൽ നി-
  ന്നിട്ടു പൊട്ടിത്തുറന്നു;

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/4&oldid=209914" എന്ന താളിൽനിന്ന് ശേഖരിച്ചത്