ദാനപദ്ധതി
അർത്ഥവാൻ തന്റെയർത്ഥത്തി-ലല്‌പാംശത്തിന്നു താൻപതി;
ചെമ്മേ കാക്കുന്നു നിസ്സ്വർക്കായ്-ശേഷം, ന്യാസം കണക്കവൻ.
നല്ലകാലത്തിലർത്ഥം നാം-നല്‌കിയാൽ നഷ്‌ടമെന്തതിൽ?
ദുഷ്‌ക്കാലമാകിലോ പിന്നെച്ചോദിക്കേ,ണ്ടതു നല്‌കുവാൻ.
താൻ പണിപ്പെട്ടു നേടീട്ടും-തനിക്കനനുഭോഗ്യമായ്'
അന്യർക്കുമുതകാതുള്ളോ-രർത്ഥം കൊണ്ടാർക്കു താൻ ഫലം?
നിധി കാക്കുന്ന ഭൂതങ്ങൾ, -ഖജനാവിന്റെ ഗാട്ടുകാർ,
കേദാരചഞ്ചാരൂപങ്ങൾ, -കൃപണന്മാർ നരാധമർ.
ഉടഞ്ഞുപോകും മറ്റുള്ളോ-രുണ്ടികക്കടയൊക്കെയും;
നീണാൾ വഹിക്കും നിക്ഷേപം-നിസ്സ്വന്റെ കരസമ്പുടം,
വേർപെട്ടുതന്നെ പോകേണം-വിത്തമെപ്പൊഴുതെങ്കിലും;
നഷ്‌ടമെന്തിതു നാം പിന്നെ-നന്മട്ടിൽച്ചെലവാക്കിയാൽ?
പാത്രത്തെ നോക്കിത്താൻ വേണം-പ്രതിപാദിക്കുവാൻധനം;
അരോഗന്നല്ല നല്‌കേണ്ട-താതുരന്നുള്ളൊരൗഷധം
ക്ഷുത്തു മുന്നോട്ടു പായിപ്പൂ-ലജ്ജ പിന്നോട്ടു, മങ്ങനെ
നടുക്കങ്ങിങ്ങുഴന്നയ്യോ,-നരകിക്കുന്നു ദുർഗ്ഗതൻ.
'ദേഹി 'യെന്നോതിടുന്നോന്റെ- ദൈന്യദുഃഖം ധരിക്കുകിൽ
ഹൃത്തുള്ളോർ-വിത്തമോസാരം-ഏകും പ്രാണങ്ങൾകൂടിയും.
'ദേഹി'യാം വാക്കൊടൊന്നിച്ചു-ദീനന്നുയിർവെളിക്കുപോം.
കർണ്ണംവഴി തിരിച്ചെത്തും-കാശിന്റെയൊലി കേൾക്കുകിൽ;
സ്വയമുത്തമനേകുന്നു-ചോദിച്ചേകുന്നു മധ്യമൻ;
ചോദിച്ചീടിലുമേകാത്തോൻ-ക്ഷുദ്രൻ മനുജഗർദ്ദഭം.
നമസ്‌ക്കാരം! നിനക്കെന്റെ-നാവേ! കാലകരത്തിൽ നീ
നരകോൽഘാടനത്തിന്നു-നാസ്‌തികുഞ്ചിക നല്‌കൊലാ.
ഉച്ചപ്പട്ടിണി വായ്‌പോനോ-രുരുളച്ചോറു നൽകുവാൻ
മേരുവാകണമോ മർത്ത്യൻ?-വിത്തംപോലെ വിസർജ്ജനം.
ധീരന്നു വശമാം ലക്ഷ്‌മി;-ശൂരന്നു വശമാം ജയം;
ജ്ഞാനിക്കു വശമാം മോക്ഷം;-ത്യാഗിക്കു വശമാം പുകൾ.