ഒരൊറ്റ ഞൊടിവാണാലു-മോജസ്സോടൊത്തുവാഴണം;
ശതായുസ്സാകിലും ഹന്ത! -ശവംതാൻ ഭീരു സന്തതം
ഉമി തീകത്തുകിൽപ്പാഴി-ലൊട്ടുനേരം പുകഞ്ഞിടും;
കാൽവിനാഴികയായാലും -കർപ്പൂരം നിന്നെരിഞ്ഞിടും
ധനമിച്ഛിക്കുന്നമധമൻ; -ധനമാനങ്ങൾ മധ്യമൻ;
മാനമുത്തമനും; മന്നിൽ -മാനൈകവിഭവൻ മഹാൻ.
പ്രാണൻ പോകുന്ന കാലത്തും -ഭയം ധീരനിയന്നിടാ;
കൽത്തൂണു പൊട്ടിയാൽപ്പൊട്ടും -ഘനം താങ്ങി; വളഞ്ഞിടാ
വിത്തവും ഭാഗ്യവും മറ്റും -വേർപെടും സമയത്തിലും
ഭർത്താവിനെസ്സുഖിപ്പിക്കും -പ്രാണപ്രേയസിയാം ധൃതി.
സജ്ജനപദ്ധതി
മണ്ണും കല്ലും നിറഞ്ഞോരീ -മന്നിലങ്ങിങ്ങപൂർവ്വമായ്
സ്വർണ്ണവും രത്നവും കാണാം -സൂക്ഷിച്ചടിയിൽനോക്കിയാൽ
കടൽപണ്ടു ജനിപ്പിച്ചു -കാളകൂടാമൃതങ്ങളെ;
ക്ഷോണിയിന്നും ജനിപ്പിപ്പൂ-ദുഷ്ടസാധുജങ്ങളെ
സജ്ജനങ്ങൾക്കു വേണ്ടിത്താൻ സഹസ്രാംശുവുദിപ്പതും,
വായു വീശുവതും, മന്നിൽ-വാരിദം മഴ പെയ്‌വതും.
ധനം മാത്രം ഹരിക്കുന്നു-തസ്കരന്മാരടുക്കുകിൽ;
കക്കുന്നു ദൂരെ വാണാലും -കണ്ണും കരളുമുത്തമർ
അപകാരിക്കുമേകീടു-മഭയം സജ്ജനം പരം;
വറ്റിക്കും ബഡവാഗ്നിക്കും -വാസമേകുന്നു വാരിധി
മനോവാക്കായകർമ്മങ്ങൾ-മഹാന്മാർക്കെന്നുമൊന്നുതാൻ;
മുടക്കംവിട്ടതന്യർക്കോ-മൂന്നും മൂന്നുവിധത്തിലാം
ഗോവിന്റെപാൽ കറന്നിട്ടു-കുറെച്ചെന്നാൽപ്പിരിഞ്ഞുപോം;
പാലാഴിതൻ പാലെന്നാളും പാലായ്ത്തന്നെയിരുന്നിടും.
പ്രളയത്തിങ്കൽ മര്യാദ -പാരാവാരം ത്യജിച്ചിടും;
അതെന്നും കൈവിടുന്നോര-ല്ലതിഗംഭീരർ സത്തുകൾ.
ഖലന്റെ നാവാം പാമ്പിന്റെ -കടിതൻ ദുഷ്ടു മാറുവാൻ
സാധുക്കൾ സേവ ചെയ്യുന്നു -ശമമാം പരമൗഷധം.
താപം തീർക്കും തുഷാരാംശു; -ദൈന്യം തീർക്കും സുരദ്രുമം;
താപവും ദൈന്യവും തീർക്കും -സാധു സാന്ത്വധനങ്ങളാൽ.
താൾ:ദീപാവലി.djvu/29
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല