ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിരിഞ്ഞു മേന്മേൽക്കൃശമായ് -വെണ്മയറ്റു വളഞ്ഞതായ്
കൂർത്തൊരഗ്രമെഴും പോത്തിൻ-കൊമ്പുതാൻ ദുഷ്ടസൗഹൃദം.

വക്ത്രം വൈരൂപ്യമാർന്നീടാൻ -ശ്വിത്രമെത്ര പരക്കണം?
ഭോജനം ദുഷ്ടമായീടാൻ-പുഴുവെത്ര കിടക്കണം?

വിപിന്നത വരാൻ മർത്ത്യൻ -വിഷമെത്ര കുടിക്കണം?
അല്പംപോരും പതിച്ചീടാ-നാർക്കും ദുർജ്ജനസംഗമം.
                                               (യുഗ്മകം)
എത്രമേൽ നീരൊഴിച്ചാലു-മേതും പാറ വളർന്നിടാ;
സമുത്ഥാനേച്ഛയുള്ളോരു-ശാഖി വാച്ചു തഴച്ചിടും.

നാകത്തിൽ നമ്മെയേറ്റീടും -നൽക്കോവണികൾ സത്തുകൾ;
നിരയത്തിലിറക്കീടും -നീശ്രേണികളസത്തുകൾ.

മിത്രപദ്ധതി

യഥാർത്ഥാനന്ദമേവർക്കു-മേകുവാനീശദത്തമായ്
മിത്രമെന്നുണ്ടൊരുൽകൃഷ്ട-രത്നമീ രന്തഗർഭയിൽ.

ഓരോന്നു കട്ടുകൊണ്ടോടാ-നൊട്ടേറെപ്പേർ വയസ്യരാം;
ആ മിത്രമുഖരാം മാറ്റാ-രവശ്യം ത്യാജ്യരാർക്കുമേ.

വെള്ളത്തുള്ളിയൊടൊത്താലും-വിഴുങ്ങീടൊല്ല പാരദം;
ലളിതാവേഷമാർന്നാലും-ലാളിച്ചീടൊല്ല യക്ഷിയെ.

വേണ്ടപോലെ പരീക്ഷിച്ചു-വിശ്വാസം വന്നതിന്നുമേൽ
മിത്രമായ് സ്വീകരിച്ചീടാം-വിവേകിക്കു വിശിഷ്ടനെ.

സൂക്ഷിച്ചുവേണം കൈകൊൾവാൻ-സുഹൃദ്വിപ്രവധുക്കളെ;
കൈകൊണ്ടാലില്ല വേർപാടു -കാലധർമ്മത്തിലെന്നിയേ.

ഉടലോടുയിർചേരുമ്പോ-ളുദിച്ചീടുന്നു ജീവിതം;
ഉയിരോടുയിർ ചേരുമ്പോ-ളുത്ഭവിക്കുന്നു സൗഹൃദം.

കാണേണ്ട കേൾക്കയും വേണ്ട; -കരൾകൊണ്ടോർത്തിടുമ്പൊഴും
അന്തരംഗം ദ്രവിച്ചീടി-ലതുതാൻ സ്നേഹലക്ഷണം.

തിന്മവിട്ടു കരേറ്റണം; നന്മയിങ്കൽ നയിക്കണം;
വെടിയൊല്ലേതുകാലത്തും;-മിത്രത്തിൻ ശൈലിയിത്തരം.

ഉറപ്പേറീടുമാപത്താ-മുരകല്ലിലുരയ്ക്കവേ
ചെറ്റെങ്ങാൻ വേഴ്ചയാം പൊന്നിൽ-
ച്ചെമ്പുണ്ടെങ്കിൽത്തെളിഞ്ഞിടും.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/33&oldid=173414" എന്ന താളിൽനിന്ന് ശേഖരിച്ചത്