ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നരൻ തൻ സാഹചര്യത്താൽ-നാനാപക്ഷിമൃഗാദികൾ
ജീവിപ്പീലേ ഗുണം നേടി?-ജ്ജന്മനാ ഗുണി താനവൻ

ഗുണത്തെയേവൻ ഹൃത്തിങ്കൽ-ക്കുടിവെയ്ക്കാതിരിക്കുമോ,
അവന്നനർത്ഥബീജങ്ങ-ളായുർവിത്തബലാദികൾ

ഗുണത്തിനത്രേ മാഹാത്മ്യം-കുലത്തിന്നല്ല കേവലം;
പൂവിൽച്ചിലപ്പോൾ കാണ്മീലേ-പുഴുപോലും ജനിപ്പതായ്

ഗുണത്തിനത്രേ സൗന്ദര്യം, കോലത്തിന്നല്ല നിശ്ചയം?
മെയ്മെഴുപ്പുള്ള പാമ്പിന്റെ വേഴ്ചയ്ക്കേവൻ കൊതിച്ചീടും?

സൽഗുണത്തിന്നുതാൻമെച്ചം-സ്ഥാനത്തിന്നല്ല തെല്ലുമേ;
കമ്പത്തിന്മേലിരുന്നാലും-കാകൻ ഗരുഡനാകുമോ?

നേടണം നാം ഗുണംതന്നെ,-നിഷ്ഫലം ഗളഗർജ്ജനം;
കണ്ഠഘണ്ട കൊതിച്ചാരു-കറവപ്പശു വാങ്ങീടും?

സൽഗുണത്തിൻ മുഖംവെച്ചു-സഞ്ചരിക്കുന്ന ദുർഗ്ഗുണം
ആച്ചര്യകൊണ്ടതിൻ മേന്മ-യറിയിക്കുന്നതത്ഭുതം.

ആത്മാവിൻമുന്നിൽ നാണംകൊ-ണ്ടധോവദനനാകുവോൻ
വാനംമുട്ടെ ഞെളിഞ്ഞാലും-വാമനൻ; മശകം കൃമി

ശ്രദ്ധയെപ്പിൻതുടർന്നീടും-വിദ്യ; ദാനത്തിനെപ്പുകൾ
സമുദ്യമത്തെസ്സമ്പത്തു-സൽഗുണത്തെ പ്രമോദവും

തന്നെബ്ഭരിക്കുവാൻവേണ്ട-ശക്തിയില്ലാതിരിപ്പവൻ
വാച്യനും ശോച്യനും തന്നെ-വസുധാനാഥനാകിലും

പഞ്ചേന്ദ്രിയങ്ങൾ നമ്മൾക്കു-പരിചാരകരാകവേ
അവയ്ക്കു ദാസ്യം നാം ചെയ്താൽ-ഹാസ്യമെന്തതിനപുറം?

കാമം സാധുവിനർത്ഥത്തിൻ-കൈങ്കര്യത്തിൽക്കഴിഞ്ഞീടും;
കാൽക്കീഴമർത്തിടും ധർമ്മം-കാമാർത്ഥങ്ങളെ നിത്യവും

വിത്തമെങ്ങോ കിടക്കട്ടൈ-വൃത്തത്തെക്കാത്തുകൊള്ളണം
വിത്തം പോയാൽ വരും വീണ്ടും;-വൃത്തം പോയതു പോയതാം

മേധ വേണം പഠിച്ചീടാൻ-മെയ്ക്കരുത്തടരാടുവാൻ;
അർത്ഥം ഭോഗം ഭുജിച്ചീടാൻ;-ആർക്കും ഗുണികളായിടാം.

ഗുണമാകുന്ന പോർച്ചട്ട-ഗുണിതൻ മേനി കാത്തിടും;
പാവങ്ങൾക്കഭയം നൽകും;-പാഴർക്കാടൽ വളർത്തിടും

ചെവിക്കു ചെവിയായ് ലോകം-ശ്രവിക്കും ഗുണിതൻഗുണം
കാറ്റിന്വഴിക്കു പാഞ്ഞീടും-കൈതപ്പൂമണമെങ്ങുമേ

മറ്റുള്ള നേട്ടം യാതൊന്നും-മരിച്ചാൽക്കൂടെ വന്നിടാ,
വാരുറ്റ സൽഗുണംമാത്രം-വാസനാരൂപമായ്‌വരും.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/7&oldid=173422" എന്ന താളിൽനിന്ന് ശേഖരിച്ചത്