താൾ:പ്രപഞ്ചവും മനുഷ്യനും.djvu/10

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14

അന്ന് കഴിഞ്ഞിരുന്നു. ജഞാനസിദ്ധാന്തപരമായ (epistemological) പ്രശ്നങ്ങളുമായി ബദ്ധപ്പെട്ട് മാർക്സിസ്റ്റു ചിന്തകൻമാർക്കിടയ്ക്ക് ഇന്ന് നടക്കുന്ന ചർച്ചയുടെ തലത്തിലല്ല അന്ന് ഈ പ്രശ്നങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നതെങ്കിലും, പൊതുവിൽ എന്റെ അന്വേഷണങ്ങൾ ആ ദിശയിൽ നീങ്ങിയിരുന്നു എന്നുകാണാം. ഇതുപോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എന്റെ അന്വേഷണങ്ങളിലെ കേന്ദ്രവിഷയമായിരുന്നു. 'പ്രപഞ്ചവും മനുഷ്യനും' എഴുതുമ്പോൾ അതിന്റെ കേന്ദ്ര കണ്ണിയായി വർത്തിച്ചതും ഇതുതന്നെയായിരുന്നു. യാന്ത്രികവാദത്തിന്റെ പൊതുസ്വാധീനം ഇക്കാര്യത്തിലും പ്രകടമാണെങ്കിലും, പലയിടതത്തും ശരിയായ ദിശയിലുള്ള നീക്കങ്ങളും പുസ്തകത്തിൽ കാണാം.

അതേ സമയം, മറ്റു ചില പ്രശ്നങ്ങളിൽ, യാന്ത്രിക വീക്ഷണം മൂലമുണ്ടായ തകരാറ് ഗുരുതരമായിരുന്നു. 'സ്വാതന്ത്ര്യം' എന്ന സങ്കല്പം എന്നും എന്റെ അന്വേഷണവിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. പാഠപുസ്തകമാർക്സിസത്തിലൂടെ, ഈ വിഷയത്തെക്കുറിച്ച് ലഭിച്ച ധാരണ തികച്ചും യാന്ത്രികവാദപരമായിരുന്നു. 'അനിവാര്യതയുടെ അംഗീകരണമാണ് സ്വാതന്ത്ര്യം' എന്ന ഏംഗത്‌സ് ഉദ്ധരിക്കുന്ന ഹെഗേലിയൻ നിർവ്വചനം കുറെകൂടി യാന്ത്രികമായി മനസ്സിലാക്കുകയാണ് ചെയ്‌തത്. മാത്രമല്ല, ശാസ്ത്രവിജ്ഞാനത്തിന്റെ പിന്തുണ ഉപയോഗിച്ചുകൊണ്ട് അനിവാര്യമായ ചട്ടക്കൂടിന്റെ കെട്ടുറപ്പുള്ള ഒരു ചിത്രം അവതരിപ്പിക്കുന്ന ഒരധ്യായം ആദ്യപതിപ്പിൽ ചേർക്കുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായ വീക്ഷണവൈകല്യം അതിൽ മുഴച്ചുനില്ക്കുന്നതുകൊണ്ട് ആ അധ്യായം ഈ പതിപ്പിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. പുസ്തകത്തിന്റെ പൊതുഘടനയെ അത് ബാധിക്കാത്തതുകൊണ്ട് അതിനുപകരമായി ഒന്നും ചേർത്തിട്ടുമില്ല.

'പ്രപഞ്ചവും മനുഷ്യനും' എഴുതിയ കാലത്ത്, വികലമായ വീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലാണെങ്കിലും, ഉണ്ടായിരുന്ന അന്വേഷണബുദ്ധി ഗണ്യമായി പരിമിതപ്പെടുത്തപ്പെടുന്ന അന്തരീക്ഷമാണ് ഒരു പാർട്ടി പ്രവർത്തകനായതിനുശേഷം അനുഭവപ്പെട്ടത്. വിപ്ലവത്തെക്കുറിച്ചുള്ള കാല്പനികധാരണകളുടെ അടിസ്‌ഥാനത്തിൽ, വിപ്ലവപരമെന്ന് ആത്‌മാർത്‌ഥമായി വിശ്വസിച്ച പാർട്ടി ലൈനിലും അച്ചടക്കത്തിലും നിന്നുകൊണ്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്ന ഒരു രീതി കൈക്കൊണ്ടതോടെയാണ് അതുവരെ നിലനിന്നിരുന്ന തുറന്നമനസ്സോടെയുള്ള സമീപനത്തിന് വിഘാതം നേരിട്ടത്. ഇതിനെ തുടർന്നുണ്ടായ മാനസികമായ മുരടിപ്പിൽനിന്ന് മോചനം നേടാൻ പലതരത്തിലുള്ള തിരിച്ചടികളുടെ ശക്തമായ ആഘാതം തന്നെ നേരിടേണ്ടിവന്നു. സമീപനത്തെ സംബന്ധിച്ചിടത്തോളം ഗുണപരമായ മാറ്റമുണ്ടാവാൻ തുടങ്ങിയത് മാവോയുടെ നിര്യാണവും തുടർന്നുള്ള ചൈനയിലെ അട്ടിമറിയും പ്രസ്ഥാനത്തിനുള്ളിൽ ഉണർത്തിവിട്ട പ്രത്യയശാസ്ത്രവിവാദങ്ങളോടുകൂടിയാണ്. മാർക്സിയൻ ദർശനത്തിലേയ്ക്ക് ആഴത്തിലും തുറന്ന മനസ്സോടെയും ഇറങ്ങിച്ചെല്ലാനുള്ള പ്രചോദനം നൽകുന്നത് പാർട്ടി