താൾ:പ്രപഞ്ചവും മനുഷ്യനും.djvu/102

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചരിക്കുന്നു. യുറാനസ് ഒരു വശത്തേയ്ക്കു വല്ലാതെ ചെരിഞ്ഞിരിക്കുന്നതാണിതിനു കാരണം.

സൗരയൂഥത്തിലെ പരിധിയിലെ കാവൽക്കാരനായ പ്ലൂട്ടോയെക്കുറിച്ചു നമുക്ക് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്ലൂട്ടോ സൂര്യനു ചുറ്റും തുല്യ അകലത്തിലല്ല ചുറ്റിക്കറങ്ങുന്നത്. ഒരു വശത്ത് അത് കൂടുതലകന്നു പോകുന്നു. അതിന്റെ ഭ്രമണപഥത്തിലെ ഏറ്റവുമകന്ന സ്ഥാനത്തെത്തുമ്പോൾ സൂര്യനിൽ നിന്നു 450 കോടി മൈലകലെ ആയിരിക്കുമത്. 248 വർഷങ്ങൾ വേണം പ്ലൂട്ടോവിന് ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം വയ്ക്കാൻ. പ്ലൂട്ടോയ്ക്കു മുമ്പുള്ള ഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തമായി വളരെ ചെറിയ ഒരു ഗ്രഹമാണിത്. വെറും 3600 മൈലാണിതിന്റെ വ്യാസം. ആന്തരസംഘത്തിലെ ഗ്രഹങ്ങളുടെ കൂടെയാണ് യഥാർത്ഥത്തിൽ ഇതു വരേണ്ടിയിരുന്നത്. വലിപ്പം കുറഞ്ഞതിനനുസൃതമായി ഇതിന്റെ ഘടനയിലുമുണ്ട് പ്രത്യേകത. ഘനപദാർത്ഥങ്ങൾ കൊണ്ടാണ് അതു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതിനു സ്വയം ചുറ്റാൻ ആറുദിവസം വേണം താനും. ഈ സ്വഭാവങ്ങളെല്ലാം കാണിക്കുന്നത് പ്ലൂട്ടോ ഗ്രഹങ്ങളുടെ ബാഹ്യസംഘത്തിൽ പെടാനർഹനല്ലെന്നാണ്. മറ്റേതെങ്കിലും വഴിയിലൂടെ അത് ആ സ്ഥാനത്ത് വന്നുപെട്ടതായിരിക്കും. ഒന്നുകിൽ അത് നെപ്റ്റ്യൂണിന്റെയോ മറ്റോ ഒരു ഉപഗ്രഹമായിരുന്നിരിക്കാം; അവിടെ നിന്നു രക്ഷപെട്ട് സൂര്യന്റെ ആകർഷണവലയത്തിൽ പെട്ടുപോയതായിരിക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹത്തിന്റെ ഉപഗ്രഹമായിരുന്നിരിക്കാം. യാദൃശ്ചികമായി അവിടെനിന്നും തെറ്റിത്തെറിച്ചലഞ്ഞു തിരിയുമ്പോൾ സൂര്യന്റെ ആകർഷണശക്തിയിൽ കുടുങ്ങിപ്പോയതായിരിക്കാം. ഏതായാലും ഇതിനെക്കുറിച്ചു വ്യക്തമായൊരഭിപ്രായം രൂപീകരിക്കാൻ നമുക്കിന്നു കഴിയുകയില്ല.

ഈ ഒമ്പതു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും കൂടാതെ സൗരയൂഥത്തിൽ മറ്റു ചിലർ കൂടിയുണ്ട്. ധൂമകേതുക്കളും ഉൽക്കാപിണ്ഡങ്ങളുമാണവ. സൂര്യനു ചുറ്റും കറങ്ങുന്ന വാതകസംഘാതങ്ങളാണു ധൂമകേതുക്കൾ. അവയെ കാണുന്നതു നാശസൂചകമായിട്ടാണ് പണ്ടുമുതൽക്കേ കണക്കാക്കിപ്പോന്നിട്ടുള്ളത്. വാസ്തവത്തിൽ അവ നിരുപദ്രവികളാണ്. ജ്വലിക്കുന്ന ഒരു തലയും ലക്ഷക്കണക്കിനു മൈൽ നീളമുള്ള ഒരു വാലുമാണിതിനുള്ളത്. ഈ വാൽ അത്യന്തം നേർത്ത വാതകം കൊണ്ടു നിർമ്മിതമാണ്. പലപ്പോഴും ലക്ഷക്കണക്കിനു മൈൽ നീളമുള്ള ഈ വാലിലെ പദാർത്ഥം ഒരൗൺസിലധികമുണ്ടാകില്ലത്രേ! നന്നേ ചെറിയ തരികളും മഞ്ഞിൻകട്ടകളും കൊണ്ട് നിർമ്മിതമാണ് അവയുടെ തല. 2000 കോടിയിലധികം ധൂമകേതുക്കൾ ഭൂമിയെ ചുറ്റുന്നുണ്ടത്രേ. പക്ഷേ ഇവയെല്ലാം ചേർന്നാലും ഭൂമിയോളം ഭാരമുണ്ടാവുകയില്ല! ഇവ സൂര്യനിൽനിന്നു വളരെ അകന്നു നിൽക്കുമ്പോൾ വളരെ സാവധാനത്തിലേ സഞ്ചരിക്കുകയുള്ളു. പക്ഷേ അടുത്തുവരും തോറും ഗതിവേഗം വർദ്ധിക്കുന്നു. ഈ ഘട്ടത്തിൽ വാൽ പിന്നിൽ ഇഴയുന്നുണ്ടാകും. പക്ഷേ, സൂര്യനെ ചുറ്റി