താൾ:പ്രപഞ്ചവും മനുഷ്യനും.djvu/107

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

9

നമ്മുടെ ഭൂമി

സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഉള്ളിൽ നടന്നുകൊണ്ടിരിക്കുന്നതെന്താണെന്ന് നമുക്കിന്നറിയാം. പക്ഷെ, നാമധിവസിക്കുന്ന ഭൂമിയുടെ ഉൾത്തലങ്ങളെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയൂ. ഭൂമിയുടെ ആന്തരികഘടനയെക്കുറിച്ചുള്ള നമ്മുടെ ഊഹാപോഹങ്ങൾക്ക് നിദാനം മറ്റു ഗ്രഹങ്ങളുടെയും മറ്റും ഘടനയെക്കുറിച്ചുള്ള അറിവാണ്. വാസ്തവത്തിൽ സൗരയൂഥത്തിലെ ഏറ്റവും രഹസ്യമയനായ ഗ്രഹം ഭൂമിയാണെന്ന് പറയാം. 1969 ജൂലായ് 21-ാം തീയതി ചന്ദ്രനിൽ കാലുകുത്തിയ ആംസ്ട്രോങ്ങും ആൽഡ്രിനും ഇങ്ങോട്ടു നോക്കിയപ്പോൾ കണ്ടത് നീല നിറം കലർന്ന പ്രകാശം ചൊരിയുന്ന വലിയൊരു ചന്ദ്രനെയാണ്. കാഴ്ചയിൽ തികച്ചും ഒരു ഗോളമെന്ന് അവർക്ക് തോന്നിയെങ്കിലും ഭൂമി കൃത്യമായ ഒരു ഗോളമല്ല. നടുവിൽ ഒരു ചെറിയ തുറിപ്പ് അതിനുണ്ട്. ഉത്തരധ്രുവത്തിൽനിന്ന് ദക്ഷിണധ്രുവത്തിലേയ്ക്കുള്ള വ്യാസം 7900 മൈലാണ്. ഈ വ്യത്യാസമാണ് ഭൂമിയെ ഒരു പൂർണ്ണഗോളമല്ലാതാക്കി തീർക്കുന്നത്.

ഭൂമിയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ ഈ ഗോളത്തെക്കുറിച്ചുമാത്രം ചിന്തിച്ചാൽ പോരാ. അതിന് ചുറ്റുമുള്ള വിപുലമായ ആവരണം കൂടി നമ്മുടെ പഠനവിഷയമാകണം. ഭൂമിയെ അതിന്റെ ആവരണത്തിൽനിന്ന് വേർതിരിച്ച് നിറുത്തിക്കൂടാ. എന്തൊക്കെയാണതിന്റെ ആവരണത്തിലുള്ളത്? ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് 40,000-60,000 മൈലുകൾ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ കാന്തികമേഖലയാണ് പ്രധാനമായത്. അതുകഴിഞ്ഞാൽ പിന്നെ അയണുകൾ നിറഞ്ഞ അയണ-മണ്ഡലമാണ്. ഇതാണല്ലോ റേഡിയോ തരംഗങ്ങളെയും മറ്റും പ്രതിഫലിപ്പിച്ച്, ഭൂഗോളത്തിന്റെ മറുപുറങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്നത്. സ്ട്രാറ്റോസ്ഫിയർ അഥവാ സമതാപമണ്ഡലമാണടുത്തത്. നമ്മുടെ ബാഹ്യാന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ അവിടെ താപനില ഏറെക്കുറെ സമാനമായി നിലനില്ക്കുന്നു. അടുത്തത് ട്രോപോസ്ഫിയർ അഥവാ ക്ഷോഭമണ്ഡലമാണ്. ബാഹ്യാന്തരീക്ഷത്തിന്റെ ഈ കീഴ്പാളിയിൽ ഉയരം കൂടുംതോറും താപനില കുറയുന്നു. വായുനിബദ്ധമായ അന്തരീക്ഷം, ജീവികളുടെ അന്തരീക്ഷം അഥവാ ജീവമണ്ഡലം, ഉറച്ച പുറംപാളി അഥവാ ലിത്തോസ്ഫിയർ, ജലാശയങ്ങളെല്ലാമടങ്ങുന്ന ജലമണ്ഡലം എന്നെല്ലാം ഭൂമിയുടെ ഉപരിതലത്തെയും തരംതിരിക്കാൻ കഴിയും. നമ്മുടെ പ്രകൃതിസിദ്ധമായ അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ നൈട്രജൻ, ഓക്സിജൻ, ആർഗൺ, കാർബൺഡയോക്സൈഡ്, നിയോൺ, ഹീലിയം, ക്രിപ്റ്റോൺ,