112 പ്രപഞ്ചവും മനുഷ്യനും
ഭൂമിയുടെ ആന്തരികഘടന ഇന്നത്തെ നിലയിൽ ആയിത്തീർന്നതിന്റെ പശ്ചാത്തലത്തെ കണ്ടെത്താൻ ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതത്യാവശ്യമാണ്. ഇന്നു പൊതുവെ സ്വീകാര്യമായിട്ടുള്ള സൗരയൂഥോത്ഭവസിദ്ധാന്തം കഴിഞ്ഞ അദ്ധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. ആ വാതകധൂളിമേഘസിദ്ധാന്തത്തിൻ പ്രകാരം ഭൂമി രൂപം കൊണ്ടതു താരതമ്യേന തണുത്ത പദാർത്ഥങ്ങളിൽ നിന്നാണല്ലോ. സൂര്യന്റെ ചൂടേറ്റതുകൊണ്ട് ആ തണുത്ത പദാർത്ഥം ഉരുകാനിടയില്ല. തന്മൂലം ഇന്നത്തെ ഭൂമിയുടെ ആന്തരികഘടനയുണ്ടാകുന്നതിനു മറ്റെന്തോ കാരണമുണ്ട്. ഇന്നത്തെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ആദ്യത്തെ കോടിക്കണക്കിനു വർഷങ്ങളിൽ ഭൂമി ഉരുകിയിട്ടുണ്ടായിരുന്നില്ല. വാതകധൂളിവസ്തുക്കളാൽ നിർമ്മിതമായ ഒരു ഘനപദാർത്ഥ സഞ്ചയമായിരുന്നു അത്. പിൽക്കാലത്ത് അതിൽത്തന്നെ നടന്നുകൊണ്ടിരുന്ന അണുഭേദനങ്ങളുടെയും മറ്റും ഫലമായി താപനില ഉയരുകയും ഭൂമിയെ ഏറെക്കുറെ ഉരുകിയ അവസ്ഥയിലേയ്ക്കെത്തിക്കുകയും ചെയ്തിരിക്കണം! ഇങ്ങനെ താരതമ്യേന മൃദുഘടനയോടു കൂടിയ ഈ കാലഘട്ടത്തിലായിരിക്കണം വിവിധ രാസപദാർത്ഥങ്ങൾ ഇന്നത്തെപ്പോലെ പല പാളികളായി വേർതിരിഞ്ഞത്.
ഭൂമി അർദ്ധദ്രവാവസ്ഥയോട് അടുത്തുവന്ന ആ കാലത്താണ് ഏറ്റവും ഭാരംകൂടിയ മൂലകങ്ങളായ ഇരുമ്പും നിക്കലും മറ്റും ഉള്ളിലോട്ടു ആണ്ടുപോയത്. അതുകൊണ്ടാണ്, കേന്ദ്രമേഖലയിലെ അതിമർദ്ദം മൂലം ഘനീഭവിച്ച ഉൾക്കാമ്പ് ഭൂരിഭാഗവും ഇരുമ്പായി തീർന്നത്. ഇരുമ്പിനേക്കാൾ കൂടുതൽ ഭാരമുള്ള മൂലകങ്ങളുണ്ടെങ്കിലും, അവ വളരെ കുറച്ചായതിനാലാണ് ഇവിടെ ഇരുമ്പിനു പ്രാമുഖ്യം ലഭിച്ചത്. കേന്ദ്രമേഖലയിലെ ബാഹ്യതലമാകട്ടെ, ഉരുകിയ ഇരുമ്പിന്റെ ഒരു തടാകമാണ്. അവിടെ ഇരുമ്പിന്റെ കൂടെ നിക്കലും മറ്റു ലോഹങ്ങളുമുണ്ടായിരിക്കാം. ഇതിനു പുറത്തുള്ള പാറകൾ നിറഞ്ഞ മധ്യപാളിയിൽ അധികവും താരതമ്യേന ഭാരം കുറഞ്ഞ ഖനിജങ്ങളാണ്. സിലിക്കേറ്റുകളും മഗ്നീഷ്യവും മറ്റുമാണ് മുഖ്യഘടകം. ഇരുമ്പുമുണ്ടെങ്കിലും. ഈ മധ്യപാളിയിൽത്തന്നെ കീഴോട്ടു ചെല്ലുംതോറും ഇരുമ്പിന്റെ ശതമാനം കൂടിവരുന്നതും കാണാവുന്നതാണ്. താരതമ്യേന ഭാരം കുറഞ്ഞ വസ്തുക്കളാണ് പുറംതോടിന്റെ നിർമ്മിതിയിൽ പങ്കുകൊണ്ടത്. ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ വാതകങ്ങളായി അന്തരീക്ഷത്തിലും തങ്ങിനിന്നു.
ഭൂമി ഒരു കാന്തം
ഭൂമിയുടെ കാന്തശക്തിയെക്കുറിച്ച് വളരെക്കാലം മുമ്പേ അറിവുണ്ടായിരുന്നു. പക്ഷേ, ഭൂമിയുടെ ഈ കാന്തശക്തി ഉള്ളിലാണോ അതോ പുറത്താണോ ഉത്ഭൂതമായതെന്നത് ഒരു പ്രശ്നമായിരുന്നു. പക്ഷേ, ഭൂമിയുടെ ആന്തരികഘടനയെക്കുറിച്ച് മുകളിൽ പറഞ്ഞ വസ്തുതകൾ ഏറെക്കുറെ അറിയപ്പെട്ടതോടുകൂടി കാന്തികമണ്ഡലം കേന്ദ്രമേഖലയിൽതന്നെയാണ് ഉടലെടുത്തതെന്നു വ്യക്തമായി. കാരണം പുറംതോടിലും മധ്യപാളിയി