ക്കുള്ളിൽ ഉയർന്നുവന്ന ഈ പുതിയ സാഹചര്യമായിരുന്നു. മാർക്സിയൻ വൈരുധ്യശാസ്ത്രത്തിന്റെ അന്തസ്സത്തയായ സമൂർത്തസാഹചര്യങ്ങളുടെ സമൂർത്തവിശകലനം എന്ന സമീപനരീതിയുടെ പ്രാധാന്യം ആഴത്തിൽ ഉൾക്കൊള്ളാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. അതോടുകൂടിയാണ് വീണ്ടും ശാസ്ത്രീയമായ സമീപനരീതി വികസിപ്പിച്ചെടുക്കാനുള്ള അന്വേഷണത്തിന് പൊതുവിൽ ശരിയായ ഒരു ദിശാബോധം ലഭിക്കാൻ തുടങ്ങിയത്. അശാസ്ത്രീയമായ സമീപനരീതിയുമായി ബന്ധപ്പെട്ടുകൊണ്ട്, പ്രസ്ഥാനത്തിന് നേരിട്ട തിരിച്ചടികളെയും നഷ്ടങ്ങളെയും വിലയിരുത്താൻ തുടങ്ങിയതോടെയാണ്, മാർക്സിയൻ ദർശനത്തിന്റെ ശാസ്ത്രീയത വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങൾ പ്രസ്ഥാനത്തിനുള്ളിൽ തന്നെ ആരംഭിച്ചത്.
എന്നാൽ ചൈനയിലെ മുതലാളിത്ത പുനഃസ്ഥാപനത്തോടുകൂടി, ലോകകമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മുന്നിൽ ഉയർന്നു വന്നിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി എന്ന നിലയ്ക്ക്, തിരുത്തൽവാദത്തെയും അതിന്റെ ദാർശനികാടിത്തറയായി നിലകൊള്ളുന്ന യാന്ത്രിക സമീപനത്തെയും തുറന്നുകാട്ടാനുള്ള ശ്രമങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകപ്പെട്ടത്. ഇത്തരമൊരു പശ്ചാത്തലതതിൽ, യാന്ത്രിക ഭൗതികവാദത്തിനെതിരായ സമരത്തിൻ്റെ മറവിൽ, ആശയവാദപരമായ വീക്ഷണങ്ങൾ എങ്ങനെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി ഉയർന്നുവരുന്നു എന്നതിന്റെ നല്ല ദൃഷ്ടാന്തം സാർവ്വദേശീയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ആശയസമരം തന്നെയാണ്. ഇത്തരം പ്രവണതകളെക്കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള ഒരവലോകനത്തിന് മുതിരുകയല്ല ഇവിടെ. പക്ഷേ, നമ്മുടെ ചർച്ചാവിഷയമായ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന ചില വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്നുനടക്കുന്ന ചില വിവാദങ്ങളിലേക്ക് വിരൽ ചൂണ്ടാൻ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. മാർക്സിസവും ശാസ്ത്രവും തമ്മിലുള്ള ബന്ധം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം തുടങ്ങിയ ചില കാതലായ വിഷയങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചയാണ് ഇവിടെ വിവിക്ഷ.
പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവും
ഒക്ടോബർ വിപ്ലവത്തെ തുടർന്ന് കോമിന്റേൺ ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ട് ലോകകമ്മ്യൂണിസ്റ്റുപ്രസ്ഥാനം വളർന്നുവന്നത് അധികവും പ്രായോഗികപ്രശ്നങ്ങളോട് പ്രതികരിക്കുന്ന തരത്തിലാണ്. വിപ്ലവം നടന്ന ഭൂരിപക്ഷം രാജ്യങ്ങളിലും മുതലാളിത്ത പുനഃസ്ഥാപനപ്രക്രിയ അരങ്ങേറിയ വമ്പിച്ച പ്രതിസന്ധിയെപ്പോലും അത് നേരിട്ടത് മുഖ്യമായും പ്രായോഗികതലത്തിലായിരുന്നു. ഈ വെല്ലുവിളിക്കുള്ള മറുപടി ചൈനയിലെ സാംസ്കാരികവിപ്ലവത്തിന്റെ അനിതരസാധാരണമായ പ്രയോഗത്തിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ പ്രായോഗിക സമീപനത്തിന്റെ പിന്നിൽ സൈദ്ധാന്തികാന്വേഷണങ്ങളധികവും സജീവമായ