ലുമുള്ള വസ്തുക്കൾ ഒരു കാന്തമണ്ഡലത്തിനു രൂപം കൊടുക്കാൻ പറ്റിയതല്ല. അതേസമയം അത് ദ്രവാവസ്ഥയിലുള്ള കേന്ദ്രലോഹമേഖലയിൽ ഉടലെടുക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അഥവാ അവിടെ മാത്രമേ കാന്തികമണ്ഡലത്തിനു ജന്മംകൊള്ളാൻ കഴിയൂ. ഈ കേന്ദ്രദ്രാവകത്തിന്റെ ചലനംമൂലം വൈദ്യുതപ്രവാഹങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. അഥവാ അതൊരു ഡയനാമോ ആണ്.
കഴിഞ്ഞ 500 കോടി കൊല്ലങ്ങളിലായി ഭൂമിയുടെ കാന്തമണ്ഡലം ഇന്നത്തേതുതന്നെയായിരുന്നുവെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, പുറം തോടിലുള്ള വിവിധ അടുക്കുകളിൽ പല കാലങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരുന്ന പ്രകൃതിനിർമ്മിതമായ കാന്തസൂചികൾ വ്യക്തമാക്കുന്നത് വിവിധ കാലഘട്ടത്തിൽ ഭൂമിയുടെ കാന്തമണ്ഡലത്തിന്റെ ദിശ വ്യത്യസ്തമായിരുന്നുവെന്നാണ്. ഇങ്ങനെ സംഭവിക്കുന്നതിനു മൂന്നു സാധ്യതകളാണുള്ളത്. ഒന്ന്, ഭൂമിയുടെ അക്ഷം നേരെ എതിർദിശയിലേയ്ക്കു തിരിഞ്ഞിട്ടുണ്ടായിരിക്കണം. രണ്ട്, ആന്തരികതലം ഒരു ഡയനാമോ ആണെന്ന സിദ്ധാന്തത്തിനനുസരിച്ച് അതുല്പാദിപ്പിക്കുന്ന വൈദ്യുതപ്രവാഹത്തിന്റെ ദിശ പലതവണ ആവർത്തികമായി എതിർദിശയിലായിരുന്നിരിക്കണം. മൂന്ന്, ഭൂമിയുടെ പുറംതോട് പലപ്പോഴും തെന്നിനീങ്ങിയിട്ടുണ്ടായിരിക്കണം.
ഭൂഖണ്ഡങ്ങളുടെ വ്യതിചലനം
ആൽഫ്രഡ് വാഗ്നറുടെ വിവാദാസ്പദമായ 'ഭൂഖണ്ഡവ്യതിചലന'സിദ്ധാന്തപ്രകാരം ഇന്നു ഭൂമുഖത്തുള്ള എല്ലാ ഭൂഖണ്ഡങ്ങളും ആദിമസമുദ്രത്തിൽ ഒരൊറ്റ വൻകരയായിട്ടാണു സ്ഥിതിചെയ്തിരുന്നത്. അത്, സാന്ദ്രത കൂടിയ താഴത്തെ പാളിക്കു മീതെ പൊന്തിക്കിടക്കുകയായിരുന്നു. പിൽക്കാലത്ത് ആ ഒരൊറ്റ വൻകര വിഭജിക്കപ്പെടുകയും, പല ഭാഗത്തേക്കു തെന്നിനീങ്ങുകയും ചെയ്തുവത്രേ.
ഈ സിദ്ധാന്തപ്രകാരം അതിവിപുലമായ യൂറേഷ്യ ഏറെക്കുറെ മാറ്റം കൂടാതെതന്നെ നിലനിന്നിട്ടുണ്ട്. എന്നാൽ രണ്ട് അമേരിക്കകൾ ആഫ്രിക്കയുടെയും യൂറോപ്പിന്റെയും പടിഞ്ഞാറുഭാഗത്തുനിന്നുവിട്ടുപോയതാണ്. തെക്കേ അമേരിക്ക, ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്തു ചേർത്തുവെയ്ക്കുകയാണെങ്കിൽ നല്ല യോജിപ്പായിരിക്കും. എന്നാൽ ഇന്ത്യൻ സമുദ്രപ്രദേശത്ത് ഒരു വലിയ 'ഗ്വോണ്ടാന ലാൻഡ്' നിലനിന്നിരുന്നു എന്നു കരുതപ്പെടുന്നു. അന്റാർട്ടിക്കയും ഇന്ത്യയും ആഫ്രിക്കയും ആസ്ത്രേലിയയുമെല്ലാം അതിലൊന്നിച്ചുകിടക്കുകയായിരുന്നു. അവ ഛിന്നഭിന്നമായി, അന്റാർട്ടിക്കയും ആസ്ത്രേലിയയും അകന്നുപോയി. ഇന്ത്യ യൂറേഷ്യയോടു ചേർന്നതിന്റെ ഫലമായി, അവയ്ക്കിടയിൽ ഉണ്ടായിരുന്ന കടൽ അപ്രത്യക്ഷമായി. അവിടെ ഹിമാലയം ഉയർന്നുവന്നു. ഇങ്ങനെ ഇന്നു വേർപെട്ടുനില്ക്കുന്ന എല്ലാ വൻകരകളും രാജ്യങ്ങളും ആദിമസമുദ്രത്തിൽ ഒരുമിച്ചു നിന്നിരുന്നവയായിരുന്നുവെന്നു വാദിക്കാം. ആദ്യകാലത്ത് വാഗ്നറുടെ സിദ്ധാന്തത്തിനു വലിയ