114 പ്രപഞ്ചവും മനുഷ്യനും
പിന്തുണ ലഭിച്ചിരുന്നില്ലെങ്കിലും ഇന്നു പലരും അതിനെ ഗൗരവപൂർവ്വം പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. വിവിധ മേഖലകളിൽനിന്ന് അതിനെ അനുകൂലിക്കുന്ന തെളിവുകളും ശേഖരിക്കപ്പെട്ടിട്ടുണ്ട്.
അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും
ഭൂമിക്കുള്ളിൽ ഉരുകിക്കിടക്കുന്ന ദ്രാവകം ആവരണപാളികളുടെ വിടവുകളിലൂടെ, അല്ലെങ്കിൽ ദുർബലഭാഗങ്ങളിലൂടെ പുറത്തേക്കു വമിക്കുന്നു. ഈ ബഹിർഗമനം നേരെയാണു നടക്കുന്നതെങ്കിൽ അവിടെ ഒരു അഗ്നിപർവ്വതം ജന്മംകൊള്ളുന്നു. തിളച്ചുമറിയുന്ന ലാവ ചുറ്റുമൊഴുകുകയും, ചൂടുപിടിച്ച വാതകങ്ങൾ അന്തരീക്ഷത്തിൽ ലയിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഈ ലാവ പുറത്തേയ്ക്കു വമിക്കാതെ തങ്ങിപ്പോവുകയും തണുത്തുറയുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണ് ഗ്രാനൈറ്റുപാറകളുണ്ടാകുന്നത്. ചിലപ്പോൾ വാതകം ഇങ്ങനെ തടയപ്പെടുകയും പിന്നീട് അടുത്തുള്ള പാറകളിലെ വിള്ളലുകളിലൂടെ വമിക്കുകയും ചെയ്യുന്നു. ഇവ ചിലപ്പോൾ അടിയിൽ കിടക്കുന്ന വെള്ളത്തെ ചൂടുപിടിപ്പിക്കുന്നതിന്റെ ഫലമായി ചൂടരുവികൾക്കു ജന്മമേകുന്നു.
അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും ഭൂമിയുടെ മുഖഛായ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്. പുറംതോടിന്റെ അടിത്തട്ടിലുള്ള പാറകൾ അടർന്നുവീഴുന്നതിന്റെയും മറ്റും ഫലമായിട്ടാണ് ഭൂകമ്പങ്ങളുണ്ടാകുന്നതെന്നു കരുതപ്പെടുന്നു. ഹിമയുഗങ്ങളിൽ ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള മഞ്ഞുരുകി ഭൂതലത്തിന്റെ പല ഭാഗങ്ങളും മൂടിപ്പോവുക മൂലവും ആദിമരൂപത്തിന് അത്യധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി ആദിമവൻകര തകരുകയും, തെന്നിനീങ്ങുകയും ചെയ്തു. ഭൂകമ്പങ്ങളും പുറംപാളിയിലെ ചലനങ്ങളും അവയെ ഇളക്കിമറിച്ചു. അഗ്നിപർവതങ്ങൾ ഉടലെടുക്കുകയും അവ പുതിയ പർവതങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. വൻകരഭാഗങ്ങൾ അവിടവിടങ്ങളിൽ സ്ഥാനമുറപ്പിച്ചതോടെ പുതിയ പർവ്വതങ്ങൾ ഉയർന്നുവന്നു. ഇവയിൽ നിന്നും ഒലിച്ചുവന്ന വസ്തുക്കളും പാറകളുടെ പാളികളും പർവതപ്രാന്തങ്ങളിൽ ശേഖരിക്കപ്പെടുകയും ചെറുചെറു പർവതശൃംഖലകൾക്കു രൂപം കൊടുക്കുകയും ചെയ്തു. ഭൂമിയുടെ ആവിർഭാവം മുതൽക്കേ ഇത്തരം മാറ്റങ്ങൾ ഇവിടെ നിരന്തരം നടന്നുകൊണ്ടിരുന്നു. അതിന്റെയെല്ലാം ഫലമാണ് ഇന്നു നാം കാണുന്ന ഭൂതലം. ഈ പരിവർത്തനങ്ങൾ എങ്ങനെയെല്ലാം നടന്നുവെന്നു കൃത്യമായി പറയാൻ നമുക്കിന്നു കഴിയില്ല.
ഭൂമിയും ചന്ദ്രനും
പൊതുവിൽ സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭൂമിയുടെയും ചന്ദ്രന്റെയും ഉത്ഭവത്തെക്കുറിച്ചുള്ള പല പരികല്പനകളും നിലനില്ക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നതാണ്, ഭൂമിയും ചന്ദ്രനും ആദിമദശയിൽ ഒരു ഗോളമായിരു