താൾ:പ്രപഞ്ചവും മനുഷ്യനും.djvu/112

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നമ്മുടെ ഭൂമി 115


ന്നുവെന്നും പിന്നീട് ചന്ദ്രൻ അതിൽനിന്ന് വേറിട്ടുപോയതാണെന്നുമുള്ള സിദ്ധാന്തം. ചന്ദ്രൻ വേറിട്ടുപോയ ആ സ്ഥാനമാണത്രെ ഇന്നത്തെ പസഫിക് സമുദ്രമായി തീർന്നത്. ഈ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവിനെ തുടർന്നു ഇതിനെ ഗെഴ്സ്റ്റങ്കൺ സിദ്ധാന്തമെന്ന് വിളിക്കുന്നു.

സൗരയൂഥത്തിന് ജന്മമേകിയ വാതകധൂളിമേഘത്തിൽനിന്നുതന്നെ മറ്റു ഗ്രഹങ്ങളെപ്പോലെ ഭൂമിയും ചന്ദ്രനും പ്രത്യേകം വാതകധൂളിഗോളങ്ങളായി ഉരുത്തിരിഞ്ഞുവന്നു പിന്നീട് രൂപാന്തരപ്പെട്ടതാണെന്നു സമർത്ഥിക്കുന്ന മറ്റൊരു സിദ്ധാന്തവുമുണ്ട്. ഇനിയും മറ്റു ചിലരുടെ അഭിപ്രായത്തിൽ ചന്ദ്രൻ സൗരയൂഥത്തിന്റെ മറ്റേതോ മേഖലകളിൽ രൂപപ്പെട്ടതും, പില്ക്കാലത്ത് ഭൂമിയുടെ ആകർഷണപരിധിയിൽ വന്നുപെട്ടതുമാണ്. ഈ സിദ്ധാന്തങ്ങളൊന്നും തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരബന്ധത്തെ തൃപ്തികരമായി വ്യാഖ്യാനിക്കുന്നില്ല.

ഭൂമിയുടെ അകകാമ്പു മുഴുവൻ അത്യധികം ഭാരമുള്ള വസ്തുക്കളാൽ നിർമ്മിക്കപ്പെട്ടിരിക്കുമ്പോൾ ചന്ദ്രനാകട്ടെ, ഭൂമിയുടെ പുറംതോടിലുള്ള ഭാരം കുറഞ്ഞ വസ്തുക്കളായ സിലിക്കേറ്റുകൾ തുടങ്ങിയവകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയോടേറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ചൊവ്വയും ഇതുപോലെതന്നെയാണ്. ചൊവ്വയുടെയും ചന്ദ്രന്റെയും ഘടകവസ്തുക്കൾക്കു തമ്മിൽ അടുത്ത സാദൃശ്യമുണ്ടുതാനും. അപ്പോൾ ഘനപദാർത്ഥനിർമ്മിതമായ ഭൂമിയെപ്പോലുള്ള ഒരു ഗ്രഹത്തിന്റെ ഉപഗ്രഹമായ ചന്ദ്രനും തൊട്ടടുത്ത ഗ്രഹമായ ചൊവ്വയും ഭാരം കുറഞ്ഞ വസ്തുക്കളടങ്ങിയവയായിത്തീർന്നത് എങ്ങനെയാണെന്നത് ഗൗരവാവഹമായ ഒരു പ്രശ്നമാണ്. ഇതിനുത്തരം കണ്ടെത്തിയാൽ ഈ ഗ്രഹങ്ങളുടെ ആവിർഭാവത്തെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ധാരണ രൂപപ്പെടുത്താൻ കഴിയും.

അടുത്ത കാലത്ത് ഈ പ്രശ്നങ്ങൾക്കുത്തരം നൽകാൻ ശ്രമിക്കുന്ന ചില സിദ്ധാന്തങ്ങൾ ആവിഷ്കൃതമായിട്ടുണ്ട്. എം.ഐ.ടി-യിലെ പ്രൊ. ഓറോവന്റെ സിദ്ധാന്തപ്രകാരം ആദിമ വാതകമേഘത്തിലെ ലോഹകണികകളെല്ലാം ഒന്നുചേരുകയും അങ്ങനെ ഭൂമിയുടെ രൂപീകരണത്തിന്റെ മുന്നോടിയെന്നോണം ഉറപ്പുള്ള ഒരു അകക്കാമ്പ് ഉടലെടുക്കുകയും ചെയ്തു. ഈ കേന്ദ്രഘനപദാർത്ഥസഞ്ചയം ആവശ്യമായത്ര വലുതായിക്കഴിഞ്ഞപ്പോൾ അലോഹവസ്തുക്കളുടെ ഒരാവരണം രൂപീകരിക്കുക വളരെ എളുപ്പമായിരുന്നു. ഇങ്ങനെ ഭൂമിയുടെ രൂപീകരണത്തിനു ലോഹവസ്തുക്കളെല്ലാം ഉപയോഗിച്ചു കഴിഞ്ഞപ്പോൾ ചുറ്റുമുണ്ടായിരുന്ന അലോഹവസ്തുക്കളിൽനിന്നു ചന്ദ്രനും രൂപംകൊണ്ടു. ഈ നിഗമനം ചന്ദ്രന്റെയും ഭൂമിയുടെയും ഘടകങ്ങളിലുള്ള അന്തരത്തിനു വിശദീകരണമേകുന്നുണ്ട്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ആർ.എ. ലിറ്റിൽടൺ അല്പം വ്യത്യസ്തമായ വിധത്തിൽ ഈ പ്രശ്നത്തിനു പരിഹാരം കണെത്താൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭൂമിയും ചന്ദ്രനും ചൊവ്വയും