താൾ:പ്രപഞ്ചവും മനുഷ്യനും.djvu/117

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ജീവൻ എന്ന പ്രതിഭാസം 121


തയെയും അവയെ പ്രതിനിധാനം ചെയ്യുന്ന പദങ്ങളുടെ അർത്ഥകല്പനയെയും കുറിച്ച് നിരന്തരം സമാർജിക്കപ്പെട്ടുകൊണ്ടിരുന്ന നൂതന വിജ്ഞാനസമ്പത്തിന്റെ വെളിച്ചത്തിൽ പുനഃപരിശോധന നടത്താൻ ആരും തയ്യാറായില്ല. തന്മൂലം പ്രാചീന സാങ്കല്പികമേഖലകളിൽ ഉദിച്ചുയർന്ന ഒട്ടേറെ ആശയങ്ങൾ ആധുനിക ശാസ്ത്രീയതയ്ക്കു മുന്നിൽ മരിച്ചുവീണെങ്കിലും, അവയുടെ ശുഷ്ക്കിച്ച പ്രേതങ്ങൾ കണക്കേ അർത്ഥകല്പന മാറിയ പദങ്ങൾ ഇന്നും നമ്മുടെയിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് അലഞ്ഞുതിരിയുന്നു. പദാർത്ഥം, ജീവൻ, മനസ്സ് തുടങ്ങിയവ അത്തരത്തിൽപ്പെടുന്നു.

സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കീ പദങ്ങളെ ഉപേക്ഷിക്കാൻ പെട്ടെന്നു കഴിയില്ല. ഭാഷയിൽ ഇഴുകിച്ചേർന്നുപോയ പദങ്ങളെ ഉന്മൂലനം ചെയ്യുക എളുപ്പമല്ല. സാർവത്രികമായ അംഗീകരണത്തോടുകൂടി പുതിയ പദങ്ങൾ വളർന്നുവരേണ്ടതുണ്ട്. അതുവരെ നമ്മുടെ പുതിയ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് ഈ പഴകിയ പദങ്ങൾതന്നെ ഉപയോഗിക്കേണ്ടിവരുന്നു. പുതിയ വീഞ്ഞ് പഴയ കുപ്പിയിൽതന്നെ നിറയ്ക്കാൻ നാം നിർബ്ബന്ധിതരാണ്. ഈ പശ്ചാത്തലത്തിൽ, ഇത്തരം പദങ്ങളുടെ പഴയ അർത്ഥങ്ങളെ നിരാകരിക്കുകയും പുതിയ അർത്ഥം അവയ്ക്കു കല്പിച്ചുകൊടുക്കുകയും ചെയ്യാനേ നമുക്കു കഴിയുന്നുള്ളു. ജീവന്റെ കാര്യത്തിൽ നാമിവിടെ ആ നിലപാടാണ് സ്വീകരിക്കുന്നത്. ഇനിയും ജീവനെന്ന പദം ഉപയോഗിക്കുമ്പോൾ, ഭൗതികവസ്തുക്കളിൽനിന്ന് വ്യത്യസ്തമായി ജീവികളിൽ പ്രവർത്തിക്കുന്ന ഒരു അതിഭൗതികശക്തിയെന്ന പഴയ ആശയമല്ല പ്രതിബിംബിക്കപ്പെടുന്നത്. മറിച്ച്, സ്വയം പുനരാവർത്തിക്കാനും പരിതഃസ്ഥിതിക്കനുയോജ്യമായി നിലനില്ക്കാനും കഴിവുള്ള സങ്കീർണ്ണമായ ഒരു രാസ-ഭൗതികവ്യവസ്ഥയുടെ പ്രവർത്തനഫലമായുണ്ടാകുന്ന സ്വഭാവത്തെയാണ് ഇവിടെ ജീവൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ

അചേതന വസ്തുക്കൾതന്നെ പുതിയ രീതിയിൽ സംശ്ലേഷിക്കപ്പെട്ടതിന്റെ ഫലമാണ് സചേതനവസ്തുക്കൾ എന്നു ബോദ്ധ്യമായതോടെ ജീവനും അതോടു ബന്ധപ്പെട്ട പ്രശ്നങ്ങളും ശാസ്ത്രത്തിന്റെ പിടിയിലൊതുങ്ങാൻ തുടങ്ങി. എന്നാൽ നൂറിൽപരം വർഷങ്ങൾക്കുമുമ്പ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാൻപോലും ജീവശാസ്ത്രജ്ഞന്മാർ ഒരുമ്പെട്ടിരുന്നില്ല. അന്നു ജീവലോകത്തെ വിലയിരുത്തിയിരുന്നതും പഠിച്ചിരുന്നതും സങ്കീർണ്ണതയുടെ തോതിൽ വരുന്ന വ്യത്യാസമനുസരിച്ചായിരുന്നു. തികച്ചും സാങ്കല്പികമായ മേഖലകളിൽ പൂർണ്ണതയെക്കുറിച്ചുള്ള ഒരു ചിത്രം നിലനിർത്താൻ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ഭാവനാമാത്രസന്തതികളായ ദൈവങ്ങളെയും മാലാഖമാരെയും ആ പൂർണ്ണതയുടെ മേഖലകളിൽ പ്രതിഷ്ഠിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല. ആ മാലാഖമാരോട് ഏറ്റവും അടുത്തുനിന്നിരുന്ന മനുഷ്യനിൽ നിന്നാരംഭിച്ച് പൂർണ്ണതയുടെ മേഖലകളിൽ പ്രതിഷ്ഠിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല. ആ മാലാഖമാരോട്