പക്ഷേ, ഇത്തരം കഴിവുകളെല്ലാം വളരെക്കാലത്തെ പരിണാമത്തിലൂടെ അഥവാ പ്രകൃതി നിർദ്ധാരണപ്രക്രിയയിലൂടെ കരഗതമായതാണെന്നു കരുതാവുന്നതാണ്.
ജൈവസ്വഭാവം അടിസ്ഥാനപരമായ ഭൗതികകണികകളുടെ സ്വഭാവത്തിൽത്തന്നെ അന്തർഗതമായിട്ടുള്ളതാണെന്നും, സവിശേഷമായ രീതിയിൽ അവ പ്രതിപ്രവർത്തിക്കുമ്പോൾ അത് പ്രകടമാവുകയാണു ചെയ്യുന്നതെന്നുമുള്ള ചിന്താഗതിയെ ചോദ്യം ചെയ്യുന്ന മറ്റൊരു വീക്ഷണമുണ്ട്. നിർഗതഗുണങ്ങളെക്കുറിച്ചുള്ള സിദ്ധാന്തമാണത്. ഈ സിദ്ധാന്തപ്രകാരം രചനാപരമായ സങ്കീർണ്ണത വർദ്ധിക്കുന്ന ഓരോ തലത്തിലും പുതിയ ഗുണങ്ങൾ നിർഗമിക്കുന്നു. ഘടകങ്ങളിൽ നിന്നു വ്യത്യസ്തമായ ഗുണങ്ങൾ ഓരോ തലത്തിലും പ്രത്യക്ഷപ്പെടുന്നു. ഒരു തന്മാത്രയിലെ ഘടകങ്ങളായ അണുക്കളിൽനിന്ന് വ്യത്യസ്തമായ ഗുണങ്ങൾ ആ തന്മാത്രയ്ക്കുണ്ടായിരിക്കും. രണ്ടു വ്യത്യസ്ത തന്മാത്രകൾ തമ്മിൽ കൂടിച്ചേരുമ്പോളുണ്ടാകുന്ന പുതിയ വസ്തുവിന് ആ തന്മാത്രകളിൽനിന്നു വ്യത്യസ്തമായ ഗുണവിശേഷങ്ങളുണ്ടാകുന്നു. ഓക്സിജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന ജലം ഓക്സിജനിൽനിന്നും ഹൈഡ്രജനിൽനിന്നും മൗലികമായി വ്യത്യസ്തമാണ്. അതുപോലെ അസംഖ്യം അമിനോ അമ്ലങ്ങൾ ചേർന്നുണ്ടാകുന്ന ഒരു പ്രോട്ടീൻ തന്മാത്ര ആ അമിനോ അമ്ലങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ്. ആയിരക്കണക്കിനു ന്യൂക്ലിയോടൈഡുകൾ അണിനിരന്നുണ്ടാകുന്ന ഡി.എൻ.എ. തന്മാത്ര ആ ന്യൂക്ലിയോടൈഡുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അതുപോലെതന്നെയാണ് ജൈവപ്രതിഭാസത്തിന്റെയും സവിശേഷതയെന്നു കാണാവുന്നതാണ്. ജീവകോശത്തിന്റെ നിർമ്മിതിക്കുപയോഗിച്ചിട്ടുള്ള എല്ലാ ഘടകങ്ങളിൽനിന്നും വ്യത്യസ്തമായ പുതിയൊരു സ്വഭാവം ആ കോശം പ്രദർശിപ്പിക്കുന്നു. പദാർത്ഥത്തിന്റെ മൗലികമായ പ്രവർത്തനരീതിയിലുള്ള ഒരു സവിശേഷതയാണ് നിർഗതഗുണങ്ങളെന്നു അംഗീകരിക്കുകയാണെങ്കിൽ വിവിധ വസ്തുക്കൾ സവിശേഷമായ ഒരു രീതിയിൽ ഒത്തുചേരുമ്പോൾ ഒരു പുതിയ ഗുണം അഥവാ ജൈവസ്വഭാവം ആവിർഭവിക്കുന്നതിൽ അത്ഭുതത്തിനവകാശമില്ല.
ഈ അടിസ്ഥാനത്തിൽ ജലത്തിന്റെ ഗുണങ്ങൾ ഓക്സിജനിലും ഹൈഡ്രജനിലുമടങ്ങിയിട്ടില്ല. പ്രോട്ടീനിന്റെ ഗുണങ്ങൾ അമിനോ അമ്ലങ്ങളിലുമില്ല. ആ നിലയ്ക്കു ജൈവസ്വഭാവങ്ങൾ അവയുടെ ജൈവവസ്തുവിന്റെ ഘടകങ്ങളിലും അടങ്ങിയിട്ടില്ല; മറിച്ച് ആ ഘടകങ്ങൾ സവിശേഷമായ രീതിയിൽ ഒത്തുചേരുമ്പോൾ നിർഗതമാവുന്നതാണത്.