11
സങ്കല്പങ്ങളിൽനിന്ന് യാഥാർത്ഥ്യത്തിലേയ്ക്ക്
ഏതാണ്ട് ഇരുപതുലക്ഷം ജീവജാതികൾ ഇന്ന് ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. അതിൽ ഒരു ജാതി മാത്രമാണ് മനുഷ്യൻ അഥവാ ഹോമോസാപിയൻ. സാധാരണ ദൃഷ്ടിക്ക് ഗോചരീഭവിക്കുന്ന പ്രകടമായ ഈ വൈവിധ്യം ജീവിലോകത്തിന്റെ അടിസ്ഥാനസ്വഭാവമാണ്. വർഗ്ഗങ്ങൾ തമ്മിലുള്ള ഈ വൈവിധ്യത്തെ അതിശയിപ്പിക്കുന്നതാണ് ഒരേ വർഗ്ഗത്തിലെ അംഗങ്ങൾക്കിടയിലുള്ള വൈവിധ്യം. മാനവസമുദായത്തിലെ ഇരുനൂറ്റമ്പതോളം കോടി അംഗങ്ങളിൽ (ഒരേ ഭ്രൂണകത്തിൽ നിന്നുണ്ടായ ഇരട്ട സന്തതികൾ ഒഴികെ) ഒരാളെങ്കിലും മറ്റൊരാളെ അതേപടി പ്രതിബിംബിക്കുന്നില്ല. എങ്കിലും എല്ലാവരും മനുഷ്യൻ തന്നെയാണ്. ഇൻഡ്യക്കാരനായാലും, നീഗ്രോയായാലും, വെള്ളക്കാരനായാലും, മംഗോളിയനായാലും ഇവരെ എല്ലാവരെയും 'മനുഷ്യ'രാക്കുന്ന ചില പൊതുഘടകങ്ങൾ നിലനിൽക്കുന്നു. കുറേക്കൂടി വിശാലമായി ചിന്തിക്കുമ്പോൾ മറ്റൊരു വസ്തുത കൂടി തെളിഞ്ഞുവരുന്നതു കാണാം. അണുജീവിയായാലും, മത്സ്യമായാലും, പറവയായാലും, മനുഷ്യനായാലും എല്ലാറ്റിനെയും 'ജീവിക'ളാക്കുന്ന ചില പൊതുഘടങ്ങൾ അവയിൽ വർത്തിക്കുന്നുണ്ട്. ഈ പൊതുഘടകത്തിന്റെ സവിശേഷതകൾ മനസ്സിലാക്കിയാൽ 'ജീവൻ' എന്ന വിശേഷണത്തിന് അർഹമാകുന്ന സങ്കീർണ്ണതകൾ എന്തെല്ലാമാണെന്ന് വ്യക്തമാകും. അതോടൊപ്പം തന്നെ ഈ പൊതുഘടകങ്ങളിൽ വരുന്ന പരിവർത്തനങ്ങൾ കൂടി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമ്പോൾ ജീവിലോകത്തെ വൈവിധ്യത്തിന്റെ കാരണവും അനാവരണം ചെയ്യപ്പെടും.
സഹസ്രാബ്ദങ്ങൾക്കു മുമ്പു മുതൽക്കേ ജീവരഹസ്യത്തിലേയ്ക്കെത്തി നോക്കാൻ അന്വേഷണകുതുകികൾ ഉൽസുകരായിരുന്നെങ്കിലും, ഈ അടുത്തകാലത്തു മാത്രമേ ജൈവപ്രതിഭാസത്തിന്റെ കേന്ദ്രഘടകത്തെ കണ്ടെത്താൻ കഴിഞ്ഞുള്ളു. ഈ നീണ്ട കാലയളവിനുള്ളിൽ അസംഖ്യം പരികല്പനകളെ സൃഷ്ടിച്ചുകൊണ്ട് ഈ പ്രശ്നം ഉയർന്നുനിൽക്കുകയായിരുന്നു. 'ജീവൻ' വസ്തുനിഷ്ഠപഠനങ്ങൾക്കപ്രാപ്യമാണെന്ന മുൻ വിധിയോടെ, പ്രശ്നത്തെ സമീപിച്ച ഭാരതീയചിന്തകർക്ക് ആരംഭിച്ചേടത്തുനിന്ന് ഒരടി