താൾ:പ്രപഞ്ചവും മനുഷ്യനും.djvu/124

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോലും മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ല, എന്നാൽ, പ്രാപഞ്ചിക പ്രതിഭാസങ്ങളെയും മറ്റും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ നേരത്തെതന്നെ ആഭിമുഖ്യം പുലർത്തിപ്പോന്ന പാശ്ചാത്യചിന്തകർ ഈ സങ്കീർണ്ണപ്രശ്നത്തിന്റെ കുരുക്കുകളോരോന്നായി അഴിക്കുകയായിരുന്നു. അതുകൊണ്ട്, തദ്വിഷയകമായി പടിഞ്ഞാറുദയം ചെയ്ത ചില പരികല്പനകളെക്കുറിച്ചെങ്കിലും സൂചിപ്പിക്കുന്നത് ഇവിടെ ഉചിതമായിരിക്കുമല്ലോ.

ഒരു ജീവിയും സ്വയംഭൂവായി ഉടലെടുക്കുന്നില്ല. ഒരു തലമുറ അടുത്ത തലമുറയ്ക്കു ജന്മമേകുകയാണു ചെയ്യുന്നത്. അപ്പോൾ തലമുറകളിലൂടെ പകർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരടിസ്ഥാനഘടകം നിലനിൽക്കുന്നുണ്ടെന്നുള്ളതിന് സംശയമില്ല. മാത്രമല്ല അടിസ്ഥാനഘടകങ്ങൾ, ജന്മം കൊള്ളുന്ന ജീവിയുടെ വിവിധ സ്വഭാവങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. ഒരു മനുഷ്യശിശു മനുഷ്യരായ മാതാപിതാക്കളിൽനിന്നു മാത്രമേ ഉയിരെടുക്കുകയുള്ളു. ഓരോ ജീവിയും അതാതു വർഗ്ഗത്തിൽപ്പെട്ട ജീവികളെ മാത്രമേ സൃഷ്ടിക്കുന്നുള്ളു. അതായത്, മാതാപിതാക്കൾ അവരുടെ രൂപസ്വഭാവങ്ങൾക്ക് അടിസ്ഥാനമായ എന്തോ ഒന്ന് അടുത്ത തലമുറയിലേയ്ക്ക് പകരുന്നുണ്ട്. അത് എന്താണെന്നുള്ള അന്വേഷണമാണ്, ഈ മണ്ഡലത്തിൽ വസ്തു നിഷ്ഠപഠനങ്ങൾക്ക് കളമൊരുക്കിയത്.

ബി.സി. ആറാംശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ ഗ്രീക്കുചിന്തകനായ പൈത്തഗോറസ് രസകരമായ ഒരു സിദ്ധാന്തം മിനഞ്ഞെടുക്കുകയുണ്ടായി. സംഭോഗസമയത്ത്, പുരുഷന്റെ തലച്ചോറ്, നാഡികൾ, മറ്റു ശരീരഭാഗങ്ങൾ എന്നിവയിൽനിന്ന് ജലനിബദ്ധമായ ഒരാവി കീഴ്പോട്ടിറങ്ങിവരികയും, സ്ത്രീയുടെ ഗർഭപാത്രത്തിൽ വെച്ച്, അതു സമാനമായ ശരീരഭാഗങ്ങൾക്ക് ജന്മമേകുകയും ചെയ്യുന്നതായി അദ്ദേഹം വിഭാവനം ചെയ്തു. മറ്റൊരു ഗ്രീക്കുചിന്തകനായിരുന്ന എമ്പദോക്ലിസിന്റെ അഭിപ്രായത്തിൽ, ഭ്രൂണരൂപീകരണത്തിന് മാതാപിതാക്കളുടെ സംഭാവനകൾ തുല്യമാണ്.

ഇരുന്നൂറുകൊല്ലങ്ങൾക്കുശേഷം, അരിസ്റ്റോട്ടിലും ഇതുപോലൊരു സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. പുരുഷശരീരത്തിലെ രക്തത്തിൽ നിന്നും രൂപം കൊള്ളുന്ന, അതിന്റെ ഏറ്റവും ശുദ്ധരൂപമാണ് ശുക്ലദ്രവമെന്ന് അദ്ദേഹം അനുമാനിച്ചു. അത്രതന്നെ ശുദ്ധരൂപത്തിലല്ലാത്ത സ്ത്രീരക്തത്തിൽ നിന്നാണ്, ഭ്രൂണശരീരം ജന്മം കൊള്ളുന്നതെങ്കിലും, അതിനു തനതായ രൂപഗുണാദികൾ നൽകുന്നത് പുരുഷരക്തമത്രെ! ചുരുക്കത്തിൽ അരിസ്റ്റോട്ടലിന്റെ നിഗമനത്തിൽ സ്ത്രീ ശരീരനിർമ്മിതിക്കാവശ്യമായ വസ്തുക്കൾ നൽകുമ്പോൾ, ആ ശരീരത്തിൽ 'ജീവശക്തി' നൽകുന്നത് പുരുഷനാണ്.

ഏതാണ്ട് രണ്ടായിരം വർഷത്തോളം അരിസ്റ്റോട്ടിലിന്റെ നിഗമനങ്ങൾക്കിളക്കം തട്ടിയില്ല. പതിനേഴാം നൂറ്റാണ്ടിലെ വൈദ്യഗ്രന്ഥങ്ങളിൽ പോലും, മാതാപിതാക്കളിൽ നിന്നുവരുന്ന ശുക്ലദ്രവം ഗർഭപാത്രത്തിൽ വച്ച് സംയോജിച്ച്, കട്ടയായി ഭ്രൂണമായി രൂപാന്തരപ്പെടുന്നതിന്റെ ചിത്രീകരണങ്ങൾ ഉൾ