താൾ:പ്രപഞ്ചവും മനുഷ്യനും.djvu/128

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനീവക്കാരനായ ചാൾസ് ബോണറ്റ് മെപ്പെർഷ്യസിന്റെ നിഗമനങ്ങളെ നിരാകരിച്ചു. അവ്യക്തരൂപികളായ കണികകളിൽനിന്ന് ഭ്രൂണം വളർന്നു വരില്ലെന്നും, അതിന് നിയതമായ ഘടനാവിശേഷമുള്ള പ്രാരംഭരൂപങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കരുതി. മാത്രമല്ല, പാരമ്പര്യഘടകങ്ങൾ ബീജദ്രവത്തിൽ ചിതറിക്കിടക്കുന്നതായിട്ടാണ് മോപ്പർഷ്യസ് സങ്കല്പിച്ചതെങ്കിൽ, ബീജകോശങ്ങളിൽ മാത്രമേ അവ നിലനിൽക്കുന്നുള്ളുവെന്ന് ബോണറ്റ് സിദ്ധാന്തിച്ചു.

എപ്പിജനിസിസ്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ഫ്രിഡ്രിക് വൂൾഫ് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ, ഇന്ന് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള എപ്പിജനിസിസ് എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന്റെ പ്രാഥമിക രൂപം അവതരിപ്പിച്ചു. ഈ തത്വപ്രകാരം, ബീജകോശങ്ങളുൾക്കൊള്ളുന്ന ഘടകങ്ങൾ വിവിധ അവയവങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് വേർതിരിക്കപ്പെടാത്ത ഏകരൂപികളായ വസ്തുക്കളാണ്. സ്ത്രീപുരുഷബീജസംയോഗത്തിനുശേഷം, പടിപടിയായുള്ള വളർച്ചയുടെ ഫലമായാണ് വ്യക്തമായ ഘടനയോടു കൂടിയ ഒരു ജീവി രൂപംകൊള്ളുന്നത്. ആധുനിക ജീവസിദ്ധാന്തത്തിന്റെ ഉള്ളടക്കവും ഇതുതന്നെയാണ്.

ലാമാർക്ക്

ഇതോടെ കൂടുതൽ വ്യക്തമായ ധാരണകളോടുകൂടി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചു ചിന്തിക്കാൻ ശാസ്ത്രജ്ഞന്മാർ തയ്യാറായി. ഒരു ജീവിയുടെ സ്വഭാവങ്ങൾക്കും സവിശേഷഗുണങ്ങൾക്കും കാരണം ആ ജീവിയുടെ ശരീരഘടനയല്ല, മറിച്ച് പൂർവികർ പരിതഃസ്ഥിതിക്കനുസരിച്ച് സ്വായത്തമാക്കിയ ജീവിതരീതിയും സ്വഭാവങ്ങളുമാണെന്നു ഫ്രഞ്ചുകാരനായ ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്കു കരുതി. പ്രത്യേക സാഹചര്യങ്ങളിൽ ഉടലെടുക്കുന്ന ആവശ്യങ്ങളാണ് ഓരോ ജീവിയുടെയും പ്രവർത്തനത്തിനു കടിഞ്ഞാണിടുന്നത്. അതിനനുസരിച്ച് വിവിധ അവയവങ്ങളുടെ ഉപയോഗവും നിർണ്ണയിക്കപ്പെടുന്നു. കൂടുതൽ ഉപയോഗിക്കപ്പെടുന്ന അവയവങ്ങൾ പുതിയ കഴിവുകൾ ആർജിക്കുന്നു. ഉപയോഗശൂന്യമായവ ക്രമത്തിൽ അപ്രത്യക്ഷമാകുന്നു. ജൈവപരിണാമത്തിന്റെ അടിസ്ഥാനതത്ത്വമെന്ന നിലയ്ക്കു ലാമാർക്ക് ആവിഷ്കരിച്ച ഈ സിദ്ധാന്തം ആദ്യം ശ്രദ്ധേയമായി തോന്നിയിരുന്നെങ്കിലും, പിൽക്കാലത്ത് അത് പിൻ തള്ളപ്പെടുകയുണ്ടായി.

ചാൾസ് ഡാർവിനും പാൻജനിസിസും

ജൈവപരിണാമത്തെക്കുറിച്ചു പരക്കെ സ്വീകാര്യമായ ഒരു സിദ്ധാന്തം ആവിഷ്കരിച്ചതുവഴി ശാസ്ത്രലോകത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഡാർവിൻ ലാമാർക്കിന്റെ നിഗമനങ്ങളിലെ അപാകതകൾ തിരുത്തി. അദ്ദേഹം ആവിഷ്കരിച്ച പ്രകൃതി നിർദ്ധാരണതത്ത്വം ജൈവപരിണാമത്തിന്റെ അടി