താൾ:പ്രപഞ്ചവും മനുഷ്യനും.djvu/129

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു ജീവിയുടെ ഓരോ പ്രത്യേക സ്വഭാവത്തെയും നിയന്ത്രിക്കുന്ന ഓരോ ഘടകമുണ്ട്‌. (മെൻഡൽ വിഭാവനം ചെയ്ത ഈ ഘടകങ്ങളെയാണ് ജീൻ എന്ന് ഇന്നു നാം വിളിക്കുന്നത്‌). ഒരേ സ്വഭാവത്തെ നിയന്ത്രിക്കുന്ന രണ്ടു വിരുദ്ധ ഘടകങ്ങളുണ്ടാവുക സാധാരണയാണ്. ഉദാഹരണത്തിനു മെൻഡൽ പരീക്ഷണ വിധേയമാക്കിയ പയറുചെടികളെ തന്നെയെടുക്കുക. ഒരു വിഭാഗം വളരെ പൊക്കം കുറഞ്ഞവയും മറ്റൊരു വിഭാഗം വളരെ പൊക്കം കൂടിയവയുമായിരുന്നു. ഉയരം എന്ന ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്ന രണ്ടു ഘടകങ്ങളാണ് ഈ രണ്ട് വിരുദ്ധസ്വഭാവങ്ങൾക്കു കാരണം. ഇങ്ങനെ വരുന്ന രണ്ടു ഘടകങ്ങളിൽ ഒന്ന് പ്രകടാവസ്ഥയിലും മറ്റേത് ഗുപ്താവസ്ഥയിലുമായിരിക്കും. കുറഞ്ഞ ഉയരത്തെ പ്രകടിപ്പിക്കുന്ന രണ്ടു ഗുപ്തജീനുകൾ ഒന്നിച്ച് വരുമ്പോൾ ആ ചെടി ഉയരം കുറഞ്ഞ വർഗ്ഗത്തിൽ പെട്ടതായി തീരുന്നു. പ്രകടജീനാകട്ടെ, ഉയരത്തെ പ്രതിനിധീകരിക്കുന്നു. രണ്ടു പ്രകടജീനുകൾ ഒന്നിച്ചോ, ഒരു പ്രകടജീനും ഒരു ഗുപ്തജീനുമായിട്ടോ വന്നാൽ പ്രകടജീനിന്റെ സ്വഭാവമായ കൂടിയ ഉയരമായിരിക്കും ഫലം.

ഇങ്ങനെ ഒരേ വർഗ്ഗത്തിൽ പെട്ടതെങ്കിലും രണ്ടു വിരുദ്ധ സ്വഭാവങ്ങൾ ശുദ്ധമായി പ്രകടമാക്കുന്ന ജീവികൾ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന അടുത്ത തലമുറ മുഴുവൻ പ്രകടാവസ്ഥയിലുള്ള ഘടകത്തിന്റെ സ്വഭാവമായിരിക്കും പ്രദർശിപ്പിക്കുക. ഈ തലമുറയിലെ അംഗങ്ങളുടെ പരസ്പരബന്ധത്തിൽനിന്നും ഉടലെടുക്കുന്ന രണ്ടാം തലമുറയിൽ നാലിലൊന്ന് ഗുപ്താവസ്ഥയിലായിരുന്ന ഘടകത്തിന്റെ സ്വഭാവം പ്രകടമാക്കും. ശേഷിക്കുന്ന നാലിൽ മൂന്നു ഭാഗമുള്ളതിൽ ഒരു ഭാഗം മാത്രമേ ശുദ്ധമായും പ്രകടസ്വഭാവം പ്രദർശിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ള രണ്ടുഭാഗം തൽക്കാലം പ്രകടസ്വഭാവമാണ് കാട്ടുന്നതെങ്കിലും, പിൻതലമുറകളിൽ ഈ രണ്ടാം തലമുറയിലുണ്ടായ അതേ അനുപാത തോത് നിലനിർത്തുന്നു. ഇതെല്ലാം തന്നെ കാണിക്കുന്നത് ഓരോ ജീവിയുടെയും ഓരോ വ്യത്യസ്ത സ്വഭാവത്തെയും നിയന്ത്രിക്കുന്ന പാരമ്പര്യഘടകങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ്. മാത്രമല്ല, ഈ പാരമ്പര്യഘടകങ്ങൾ നിയതമായ ഒരു വ്യവസ്ഥയനുസരിച്ചാണ് തലമുറകളിലൂടെ രംഗപ്രവേശം ചെയ്യുന്നത്. ഈ നിയമങ്ങളാണ് പാരമ്പര്യ ശാസ്ത്രത്തിന്റെ അടിത്തറ. ഇവയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പരീക്ഷണങ്ങൾ കൂടുതൽ സങ്കീർണ്ണങ്ങളായ പല വസ്തുതകളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. പാരമ്പര്യ ശാസ്ത്രത്തിനു വസ്തുനിഷ്ഠമായ ഒരടിത്തറ പാകിയത്‌ മെൻഡലായിരുന്നതിനാൽ ആധുനിക പാരമ്പര്യശാസ്ത്രത്തിന്റെ പിതൃസ്ഥാനം അദ്ദേഹത്തിനു നൽകിയിരുന്നു.

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മെൻഡലിസത്തിന്റെ പുനരുദ്ധാരണത്തോടുകൂടി മറ്റു ചില നേട്ടങ്ങൾ കൂടി ശാസ്ത്രജ്ഞന്മാർ കൈവരിക്കുകയുണ്ടായി. ജീവകോശങ്ങളുടെ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന അതി ലോലതന്തുക്കളായ ക്രോമസങ്ങളുടെ കണ്ടുപിടുത്തം ഇതിൽ പ്രധാനപ്പെട്ടതാണ്. മെൻഡൽ വിഭാവനം ചെയ്ത പാരമ്പര്യ ഘടകങ്ങൾ നില നിൽക്കുന്നത്.