താൾ:പ്രപഞ്ചവും മനുഷ്യനും.djvu/13

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


17


നൽകുന്ന ഒരു പ്രവണതയാണ് 'പാശ്ചാത്യ മാർക്സിസ'ത്തിൽ ശക്തി പ്രാപിച്ചുവന്നത്.

ഇതോടു ബന്ധപ്പെട്ടുകൊണ്ടാണ് രണ്ടാം ഇൻ്റർനാഷണൽ കാലഘട്ടത്തിലെ ശാസ്ത്രമാത്രവാദത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മനുഷ്യചരിത്രവുമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രവിഷയങ്ങളെയെല്ലാം പ്രകൃതിശാസ്ത്രങ്ങളാക്കി ചുരുക്കികാണാനുള്ള രണ്ടാം ഇൻ്റർനാഷണൽ കാലഘട്ടത്തിലെ ശ്രമത്തെയാണ് ശാസ്ത്രമാത്രവാദം (Scientism)എന്നു പറയുന്നത്. പ്രകൃതിശാസ്ത്രത്തിൻ്റെ വിഷയങ്ങളായ പ്രാകൃതികപ്രതിഭാസങ്ങളിൽനിന്ന് ഭിന്നമായി സാമൂഹ്യശാസ്ത്രങ്ങളുടെ വിഷയം കർതൃത്വശേഷിയുള്ള മനുഷ്യരായതുകൊണ്ട്, ഈ രണ്ടുവിഭാഗം വിജ്ഞാനശാഖകൾ മൗലികമായി വ്യത്യസ്തങ്ങളാണെന്ന നിലപാടിൽ നിന്നാണ് ഈ വിമർശനം ഉയർന്നുവന്നിട്ടുള്ളത്. മനുഷ്യചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് മാർക്സിസം കൈകാര്യം ചെയ്യുന്നതെന്നും, അതുകൊണ്ട് മാർക്സിസത്തെ പ്രകൃതിശാസ്ത്രങ്ങളുടെ തലത്തിൽ കാണാൻ പാടില്ലെന്നുമാണ് ഈ നിലപാടെടുക്കുന്നവുടെ വാദഗതി. മാത്രമല്ല, രണ്ടാം ഇൻ്റർനാഷണൽ കാലഘട്ടത്തിലെ ശാസ്ത്രമാത്രവാദത്തിന് അടിത്തറയുണ്ടാക്കിക്കൊടുത്തത് ഏംഗൽസ് തന്നെയാണെന്ന വിമർശനവും ഇവർക്കുണ്ട്. ഏംഗൽസിന്റെ 'പ്രകൃതിയുടെ വൈരുധ്യശാസ്ത്രം' തുടങ്ങിയ കൃതികൾ, പ്രകൃതിശാസ്ത്രങ്ങളെയും സാമൂഹ്യശാസ്ത്രങ്ങളെയും വൈരുധ്യശാസ്ത്രത്തിന്റെ പൊതുവായ ചട്ടക്കൂടിൽവെച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്നാണ് ഇവരുടെ വിമർശനം. ശാസ്ത്രമാത്രവാദത്തെ ശക്തിപ്പെടുത്തുന്നതിൽ ചിലപ്പോഴെങ്കിലും മാർക്സും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരും ഈ വിമർശകർക്കിടയിലുണ്ട്. ഇങ്ങനെ ശാസ്ത്രമാത്രവാദത്തിന്റെ ഉറവിടം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യാൻ കച്ചകെട്ടിയ ചിലരെങ്കിലും, മാർക്സിസം തന്നെ ശാസ്ത്രമാത്രവാദമാണെന്ന് കണ്ടെത്തിമാർക്സിസ്റ്റു വിരുദ്ധ നിലപാടിലേക്കെത്തിയ ചരിത്രവുമുണ്ട്‌.

'പാശ്ചാത്യ മാർക്സി'സത്തിൻറെ ഒരു പൊതുസ്വഭാവമെന്ന നിലയ്ക്ക് വളർന്നുവന്ന ഈ ശാസ്ത്രമാത്രവാദത്തിനെതിരായ നിലപാട് പലപ്പോഴും ശാസ്ത്രത്തിനുതന്നെ എതിരായ സമീപനമായി അധഃപതിച്ചിട്ടുണ്ട്. പ്രകൃതിയെയും പ്രകൃതിശാസ്ത്രങ്ങളെയും എല്ലാം മനുഷ്യചരിത്രത്തിലൂടെ നോക്കിക്കാണുന്ന ഈ നിലപാട് പൊതുവിൽ ഒരു തരം ചരിത്രമാത്രവാദ(historicism)മായിത്തീരുകയാണ് ചെയ്തിട്ടുള്ളത്. സാമൂഹ്യശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രമാക്കി ചുരുക്കി എന്ന് ശാസ്ത്രവാദികൾക്കെതിരായി വിമർശനം ഉന്നയിക്കുന്ന ഇക്കൂട്ടർ തിരിച്ച് പ്രകൃതിശാസ്ത്രങ്ങളെയെല്ലാം സാമൂഹ്യശാസ്ത്രങ്ങളുടെ ഉപോല്പന്നങ്ങളാക്കി ചുരുക്കാനാണ് ശ്രമിച്ചത്.

രണ്ടാം ഇന്റർനാഷണലിന്റെ ശാസ്ത്രമാത്രവാദം യാന്ത്രിക ഭൌതികവാദത്തിൽനിന്ന് ഉടലെടുത്തതാണെങ്കിൽ ചരിത്രമാത്രവാദത്തിൻ്റെ അടിത്തറ ആശയവാദമാണ്. 'പ്രകൃതിശാസ്ത്രങ്ങളിൽ വൈരുധ്യശാസ്ത്രം പ്രയോഗി