താൾ:പ്രപഞ്ചവും മനുഷ്യനും.djvu/132

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാ ജീവികളും കോശനിർമ്മിതമാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ജീവലോകത്തെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കാം. ഏകകോശജീവികളും ബഹുകോശജീവികളും. ബാക്ടീയങ്ങളും, അമീബയെപ്പോലുള്ള ആയിരക്കണക്കിന് പ്രോട്ടോസോവകളും ഏകകോശ ശരീരികളാണ്. എന്നാൽ നിയതമായ കോശശരീരമില്ലാത്ത ജീവികളും നിലനിൽക്കുന്നുണ്ട്. വൈറസുകളും റിക്കറ്റുകളും ആ കൂട്ടത്തിൽ പെടുന്നു. വെറുമൊരു ന്യൂക്ലിക്കമ്ല തന്മാത്രയും, അതിനെ പൊതിഞ്ഞുകൊണ്ട് പ്രോട്ടീൻ തന്മാത്രകളും ചേർന്നാൽ വൈറസായി. അതിനെ ഒരു കോശമെന്നു പറയുക വയ്യ. തന്മൂലം എല്ലാ ജീവികളും കോശനിർമ്മിതമാണെന്നു പറയുമ്പോൾ വൈറസുകളെ ആ നിർവ്വചനത്തിൽ നിന്ന് ഒഴിച്ചുനിർത്തേണ്ടിവരും. അവയെ മാറ്റി നിറുത്തിക്കൊണ്ടുള്ള മറ്റു ജീവികളിൽ ഏറ്റവും ചെറിയ കോശത്തെ പ്രതിനിധാനം ചെയ്യുന്നത് ബാക്ടീരയങ്ങളാണ്. ഏറ്റവും വലിയ ജീവകോശത്തിന് ഏതാനുമിഞ്ച് വ്യത്യാസമുണ്ട്. എല്ലാ ജീവികളുടെയും അണ്ഡങ്ങൾ ഏകകോശങ്ങളാണ്. പക്ഷികളുടെ മുട്ടയും അതിൽ പെടുന്നു. ഒട്ടകപക്ഷിയുടെ മുട്ടയാണ് ഇന്നു നിലവിലുള്ള ഏറ്റവും വലിയ പക്ഷിമുട്ട. അതാണ് ഏറ്റവും വലിയ ജീവകോശവും.

ഇനി നമുക്ക് സാധാരണ ഗതിയിലുള്ള ജീവകോശങ്ങളുടെ സ്ഥിതി എന്താണെന്നു നോക്കാം. ഏകകോശജീവികളിൽ നിന്നും പുരോഗതി പ്രാപിച്ച ഏതാനും കോശങ്ങൾ മാത്രമടങ്ങുന്ന വളരെ ചെറിയ ജീവികൾ മുതൽ നമ്മുടെ ശരീരത്തെപ്പോലെ കോടാനുകോടി കോശങ്ങളാൽ നിർമ്മിതമായ ശരീരത്തോടുകൂടിയ സസ്യങ്ങളും ജന്തുക്കളുമടങ്ങിയതാണ് ബഹുകോശ ജീവലോകം. കെട്ടിടങ്ങൾ പണിയുന്നതിന് ഇഷ്ടികകൾ അടുക്കിവെക്കും പോലെയാണ് ജീവശരീരത്തിൽ കോശങ്ങൾ അണിനിരന്നിരിക്കുന്നതെന്ന് പറഞ്ഞാൽ അത് വളരെ അവ്യക്തമായ ഒരു ഉപമ മാത്രമേ ആകുന്നുള്ളു. സസ്യങ്ങളിലെ കോശങ്ങൾ ഏതാണ്ടതുപോലെയാണെന്നു പറയാം. എന്തുകൊണ്ടെന്നാൽ അവയിൽ, കോശഭിത്തി, ദൃഢമായ സെല്ലുലോസുകൊണ്ട് നിർമ്മിച്ചിരിക്കുന്നതുകൊണ്ട്, കോശങ്ങളെല്ലാം നിയതമായ രൂപം നിലനിർത്തുന്നു. എന്നാൽ ജന്തുക്കളിൽ കോശചർമ്മം ലോലമായതിനാൽ, കോശങ്ങളെല്ലാം വിവിധ രൂപമാതൃകകളുള്ളവയും, വിവിധ അവസ്ഥകളിൽ വ്യത്യസ്തരൂപം കൈക്കൊള്ളുന്നവയുമ്മാണ്. മാത്രമല്ല, എല്ലാ ജീവികളിലും കോശങ്ങളെല്ലാം തന്നെ ശരീരക്രിയാപരമായ പ്രവർത്തനങ്ങളിലൂടെ നിരന്തരം പരസ്പരബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നു.

വൈവിധ്യം

ഒരു ജീവിയിൽതന്നെ, വിവിധ അവയവങ്ങളിലെയും കലകളിലെയും കോശങ്ങൾ വ്യത്യസ്ത ആകൃതിയും പ്രവർത്തനക്രമവും ഉള്ളവയായിരിക്കും. നാഡീവ്യൂഹത്തിലെ കോശങ്ങളായ ന്യൂറോണുകൾക്കെല്ലാം ഒരു നീണ്ട ആക്സോണും, ഒരു കോശശരീരവും അതിൽനിന്ന് പുറപ്പെടുന്ന അസംഖ്യം ചെറുശാഖകളും കാണാം. മാംസപേശിയിലെ കോശങ്ങളാകട്ടെ, രണ്ടറ്റവും