താൾ:പ്രപഞ്ചവും മനുഷ്യനും.djvu/134

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്യൂക്ലിയോപ്ലാസത്തിലും വ്യത്യസ്തഘടനയും വ്യത്യസ്തപ്രവർത്തനരീതിയുമുള്ള വിവിധ ഭാഗങ്ങളുണ്ട്. ഇവയെ കോശാംഗങ്ങൾ അഥവാ ഓർഗനല്ലുകൾ എന്നു വിളിക്കുന്നു.

കോശസ്തരം

കോശസ്തരമെന്നു കേൾക്കുമ്പോൾ ഒരു നേർത്ത പടലമെന്നതിൽ കവിഞ്ഞൊന്നും നമ്മുടെ മനസ്സിൽ രൂപംകൊള്ളുകയില്ല. എന്നാൽ കോശസ്തരത്തെക്കുറിച്ചുള്ള ആധുനികനിരീക്ഷണങ്ങൾ അതിന്റെ രാസപരമായ ഘടനയും, അതു നിർവഹിക്കുന്ന കർത്തവ്യങ്ങളും സങ്കീർണ്ണമാണെന്നു ചൂണ്ടിക്കാണിക്കുന്നു.

ഒരു ജീവകോശത്തിന്റെ ആന്തരികഘടകങ്ങളുടെ സാന്ദ്രത ബാഹ്യാന്തരീക്ഷത്തിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. ഉദാഹരണത്തിനു സോഡിയം ധാരാളമുള്ള ഒരു മാധ്യമത്തിൽ വളരുന്ന ഒരു കോശത്തിനുള്ളിൽ പൊട്ടാസ്യത്തിനാണ് മുൻ തൂക്കം. ഈ അന്തരത്തിനു കാരണം കോശസ്തരത്തിന്റെ അന്തർവ്യാപന വിവേചനശക്തിയാണ്. ചില മൂലകങ്ങളെ മാത്രം തിരഞ്ഞെടുക്കാനും മറ്റുള്ളവയ്ക്കു പ്രവേശനം നിഷേധിക്കാനുമുള്ള കോശചർമ്മത്തിന്റെ കഴിവും അപരമാണ്. ഈ കഴിവുകളെ സാധൂകരിക്കത്തക്കവിധത്തിലാണ് അതിന്റെ രാസഘടനയും. നടുക്ക് രണ്ട് അടുക്കുകളായി നിലനിൽക്കുന്ന ലൈപ്പിഡ് (ഒരു തരം കൊഴുപ്പ്) എന്ന ജൈവരാസസംയുക്തവും അതിന്റെ അകത്തും പുറത്തുമായി ഓരോ പ്രോട്ടീൻ ചങ്ങലയും ചേർന്ന് 75A (ആംഗ്സ്ട്രോം.1 A=1/10,000 000 മി.മീ) വീതിയുള്ളതാണ് ഏകകോശസ്തരം. ഇങ്ങനെയുള്ള രണ്ടു കോശസ്തരങ്ങൾ ചേർന്നുള്ള ഒരു ഇരട്ടസ്തരമാണ് സാധാരണഗതിയിൽ എല്ലാ ജീവകോശങ്ങളെയും ആവരണം ചെയ്യുന്നത്. ഏകകോശജീവികൾ മുതൽ ഏറ്റവും വലിയ ജീവികൾവരെ എല്ലാ ജീവശരീരങ്ങളിലെയും കോശസ്തരത്തിന്റെ മൗലികഘടന ഇതുതന്നെയാണ്. അതീവസങ്കീർണ്ണമായ ചില രാസഭൗതികപ്രവർത്തനങ്ങൾ വഴിയാണ് ഈ കോശസ്തരത്തിലൂടെ ചില പ്രത്യേക രാസവസ്തുക്കളെമാത്രം കടത്തിവിടുകയും മറ്റുള്ളവയെ നിരോധിക്കുകയും ചെയ്യുന്നത്.

സൈറ്റോപ്ലാസം

കോശസ്തരത്തിനുള്ളിൽ ന്യൂക്ലിയോപ്ലാസമൊഴിച്ചുള്ള പ്രോട്ടോപ്ലാസത്തെയാണ് സൈറ്റോപ്ലാസമെന്നു പറയുന്നതെന്നു സൂചിപ്പിച്ചുവല്ലോ. ഈ സൈറ്റോപ്ലാസത്തിൽ കോശസ്തരത്തിന്റെ അതേഘടനയോടുകൂടിയ സ്തരപടലങ്ങൾ സർവത്ര ചിന്നിച്ചിതറിയും കട്ടകൂടിയും കിടക്കുന്നതു കാണാം. ഈ കോശാന്തരസ്തരപടലം ബാഹ്യസ്തരത്തിന്റെ തുടർച്ചയെന്നോണം കണ്ടുവരുന്നതിനാൽ അതിൽനിന്ന് ഉത്ഭവിച്ചതാണെന്നൂഹിക്കാൻ ന്യായമുണ്ട്. അതുപോലെതന്നെ ഈ സ്തരപടലം കോശകേന്ദ്രസ്തരവുമായും ബന്ധം പുലർത്തുന്നുണ്ട്. ഈ സ്തരപടലത്തോട് പറ്റിച്ചേർന്നുകൊണ്ട് അസംഖ്യം ചെറുകണികകൾ കാണാം. പ്രോട്ടീൻ നിർമ്മിതി വലിയ തോതിൽ നടക്കുന്ന അവയവ