താൾ:പ്രപഞ്ചവും മനുഷ്യനും.djvu/138

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രവത്തിൽ ഒട്ടേറെ അജൈവ രാസസംയുക്തങ്ങളുടെ കണികകൾ കാണാം. വർണ്ണവസ്തുക്കളും മറ്റും ഈ വിഭാഗത്തിൽ പെടുന്നതാണ്. സസ്യങ്ങളിലും മറ്റും വർണ്ണവസ്തുക്കൾ സുപ്രധാന ഘടകങ്ങളാണ്. സസ്യങ്ങളിൽ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഭക്ഷ്യനിർമ്മിതി നടത്തുന്നതിൽ നിർണ്ണായകപങ്കു വഹിക്കുന്ന പത്രഹരിതകം എന്ന വർണ്ണകണികകൾ ക്ലോറോപ്ലാസ്റ്റുകൾ എന്ന ചെറിയ സ്തരനിർമ്മിതാവയവങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജത്തെ ആഗിരണം ചെയ്ത്, വായുവിൽ നിന്നു ലഭിയ്ക്കുന്ന കാർബൺ ഡയോക്സൈഡും, വേരുകൾ വഴി വലിച്ചെടുക്കുന്ന ജലവും ചേർത്ത് സ്റ്റാർച്ച് നിർമ്മിക്കുന്ന പ്രക്രിയയെ പ്രകാശസംശ്ലേഷണം എന്നാണു പറയുന്നത്. ഈ പ്രകാശസംശ്ലേഷണം വഴി നിർമ്മിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളാണ് യഥാർത്ഥത്തിൽ എല്ലാ ജന്തുക്കളുടെയും നിലനിൽപ്പിനാധാരമായി വർത്തിക്കുന്നത്. കാരണം, ജന്തുക്കൾക്കൊന്നും തന്നെ സ്വന്തമായി ഭക്ഷണം നിർമ്മിക്കാനുള്ള കഴിവില്ല. മറ്റേതെങ്കിലും ജീവികളെ നശിപ്പിക്കാതെ അവയ്ക്കു നിലനിൽക്കാനാവില്ല. ചില ജന്തുക്കൾ നേരിട്ട് സസ്യങ്ങളെ ഭക്ഷിക്കുന്നു. മറ്റു ചിലവ സസ്യഭോജികളായ ജന്തുക്കളെയും. മനുഷ്യനെപ്പോലുള്ള ജന്തുക്കൾ സസ്യങ്ങളെയും ജന്തുക്കളെയും ഭക്ഷിച്ച് ജീവിക്കുന്നു. എന്തായാലും ജീവിലോകത്തിന്റെ നിലനില്പിനാധാരമായ ഭക്ഷ്യവസ്തുക്കൾ മുഴുവൻ നിർമ്മിക്കപ്പെടുന്നത് സസ്യങ്ങളിൽ വെച്ചാണ്. ഈ പ്രക്രിയയിൽ നിർണ്ണായകപങ്കു വഹിക്കുന്ന ക്ലോറോപ്ലാസ്റ്റുകൾ സസ്യകോശങ്ങളിലെ സുപ്രധാന ഘടകമാണ്.

പച്ചനിറമുള്ള ക്ലോറോപ്ലാസ്റ്റുകളെ കൂടാതെ പലനിറത്തിലുള്ള ക്രോമോപ്ലാസ്റ്റുകളും നിറമില്ലാത്ത ല്യൂക്കോപ്ലാസ്റ്റുകളും സസ്യകോശങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇവയിൽ ചിലത് ഭക്ഷ്യസംഭരണത്തിനും, ഇലകൾക്കും പൂക്കൾക്കും മറ്റും നിറപ്പകിട്ടേകുന്നതിനും ഉപകരിക്കുന്നു.

എല്ലാ ജന്തുകോശങ്ങളിലും ന്യൂക്ലിയസ്സിനോടടുത്ത് ഒന്നോ രണ്ടോ ചെറുകണികകൾ കാണാം. ഇവയെ സെൻട്രോസോമുകൾ എന്നു വിളിക്കുന്നു. കോശവിഭജനസമയത്തു ഈ രണ്ടു കണികകൾ കോശത്തിന്റെ രണ്ടു ധ്രുവങ്ങളിലേയ്ക്കു നീങ്ങുകയും, അവയ്ക്കിടയിൽ തന്തുക്കൾ കൊണ്ടുനിർമ്മിതമായ ഒരു മേഖല സംജാതമാവുകയും ചെയ്യും. ഇവിടെവെച്ചാണ് ക്രോമസങ്ങൾ വേർതിരിയുകയും, രണ്ടു ധ്രുവങ്ങളിലേയ്ക്ക് ആനയിക്കപ്പെട്ട് രണ്ട് ന്യൂക്ലിയസ്സുകളായി തീരുകയും ചെയ്യുന്നത്.

സെൻട്രോസോം കണികകളുടെ ഘടന സവിശേഷമാണ്. നടുക്കു രണ്ടു തന്തുക്കളും, ചുറ്റും ഒമ്പതു തന്തുക്കൾ ചേർന്നുള്ള ഒരു സിലിണ്ടറാകൃതിയിലുള്ള ഭാഗവും ചേർന്ന അവയവങ്ങളാണിവ. ഈ ഓരോ തന്തുക്കളും ചിലപ്പോൾ ഈരണ്ടെണ്ണം ചേർന്നതായിരിക്കും. ഇതേഘടനതന്നെയാണ്, എല്ലാ ജീവകോശങ്ങളിൽനിന്നും പുറപ്പെടുന്ന സീലിയങ്ങൾക്കും രോമങ്ങൾക്കും മറ്റുമുള്ളത്. ഏകകോശജീവികളുടെ പുറത്തും, വലിയ ജീവി