താൾ:പ്രപഞ്ചവും മനുഷ്യനും.djvu/14

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18

ക്കാനുള്ള ഏംഗത്‌സിന്റെ ശ്രമങ്ങളെ വിമർശിച്ചികൊണ്ട് കർത്താവും വിഷയവും തമ്മിലുള്ള പ്രതിപ്രവർത്തനമുള്ളിടത്ത് മാത്രമേ വൈരുധ്യശാസ്ത്രത്തിന് പ്രസക്തിയുള്ളു എന്ന നിലപാടാണ് ചരിത്രവാദികൾ സ്വീകരിക്കുന്നത്. എന്നാൽ പ്രകൃതിശാസ്ത്രങ്ങളിൽ കർതൃനിരപേക്ഷമായ വിജ്ഞാനമാണ് രൂപീകരിക്കപ്പെടുന്നതെന്നതുകൊണ്ട് അവിടെ വൈരുധ്യശാസ്‌ത്രത്തിന്സ്ഥാനമില്ലത്രെ. കർതൃനിരപേക്ഷരങ്ങളായ പ്രകൃതിശാസ്ത്രങ്ങളെ മനുഷ്യവിജ്ഞാനസമ്പത്തായി കണക്കാക്കണമെങ്കിൽ, അവയെ മനുഷ്യചരിത്രത്തിന്റെ ഉപോല്പന്നങ്ങളെന്ന നിലയ്ക്ക് സാമൂഹ്യശാസ്ത്രങ്ങളുടെ ഭാഗമാക്കിമാറ്റണം. ഫലത്തിൽ കർത്താവിൽനിന്ന് സ്വതന്ത്രമായി നിലനില്ക്കുന്ന ബാഹ്യലോകത്തെ നിഷേധിക്കുന്ന ശുദ്ധ ആശയവാദത്തിലേയ്‌ക്കാണ് ഇത്‌ നയിക്കുന്നത്.

ഇവിടെ നമ്മുടെ മുന്നിൽ ഉയർന്നുവരുന്ന കാതലായ പ്രശ്നം പ്രകൃതിശാസ്ത്രങ്ങളും സാമൂഹ്യശാസ്‌ത്രങ്ങളും തമ്മിൽ നിലവിലുള്ള സമാനതകളും അന്തരങ്ങളും കൃത്യമായി കണ്ടെത്തുക എന്നതാണ്. പ്രകൃതിശാസ്ത്രങ്ങളുടെ പൊതുവായ പ്രധാനപ്പെട്ട സവിശേഷത, അവയുല്പാദിപ്പിക്കുന്നവിജ്ഞാനത്തിൽനിന്നു സ്വതന്ത്രമായി അതിനാധാരമായ വസ്തുക്കളും പ്രതിഭാസങ്ങളും നിലനില്‌ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. പ്രതിഭാസങ്ങളെക്കുറിച്ച് രൂപീകരിക്കുന്ന വിജ്ഞാനം അവയുമായി പൊരുത്തപ്പെടുന്നതാണോ എന്ന് പരീക്ഷണങ്ങളിലൂടെ പരിശോധിച്ചറിയാനും അങ്ങനെ അവ തമ്മിലുള്ള ആന്തരികബന്ധങ്ങൾ കണ്ടെത്താനും പ്രകൃതിശാസ്ത്രങ്ങളുടെ രീതി ഉപയുക്തമാവുന്നു. സാമൂഹ്യശാസ്ത്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ രീതി എത്രത്തോളം പ്രസക്തമാണെന്നാണ്‌ പരിശോധിക്കാനുള്ളത്.

സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു പ്രതിഭാസമാണോ സമൂഹം എന്നകാര്യമാണ് ആദ്യം തീരുമാനിക്കേണ്ടത്. ചരിത്രമാത്രവാദികൾ പൊതുവെ, വ്യക്തിനിഷ്‌ഠങ്ങളായ കർതൃത്വങ്ങളുടെ ആകത്തുകയായിട്ടാണ് സമൂഹത്തെ കാണുന്നത്. ഫലത്തിൽ, വ്യക്തിനിഷ്‌ഠമായ കർതൃത്വങ്ങളിൽനിന്ന് ഗുണപരമായി ഭിന്നമായ പുതിയൊരു സത്തയായി സമൂഹത്തെ അവർ കാണുന്നില്ല. അങ്ങനെ വരുമ്പോൾ, സമൂഹത്തിലെ അംഗങ്ങളായ വ്യക്തികളുടെ മാനസിക വ്യാപാരത്തിൽനിന്ന് സ്വതന്ത്രമായ ഒരു സാമൂഹ്യയാഥാർത്‌ഥ്യത്തെ അവർ അംഗീകരിക്കുന്നില്ലെന്ന് കാണാം. അപ്പോൾ, പ്രകൃതിശാസ്ത്രങ്ങളുടെ മാനദണ്‌ഡം സാമൂഹ്യശാസ്ത്രതലത്തിൽ പ്രായോഗികമല്ലെന്ന് വരുന്നു. എന്നാൽ ഈ വാദഗതി മൗലികമായ സാമൂഹ്യയാഥാർത്‌ഥ്യത്തെ നിഷേധിച്ചുകൊണ്ടാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. വ്യക്തിയും സമൂഹവും മൗലികമായി വ്യത്യസ്തതലത്തിൽ നിലകൊള്ളുന്ന ഭിന്ന യാഥാർത്‌ഥ്യങ്ങളാണ്.വ്യക്തികളുടെ ഒരു സഞ്ചയമല്ല മനുഷ്യസമൂഹം. ഒറ്റപ്പെട്ട വ്യക്തികൾക്ക്ഒരിക്കലും രൂപീകരിക്കാൻ കഴിയാത്ത സാമൂഹ്യബന്ധങ്ങളുടെ ആകത്തുകയാണ് സമൂഹം. വ്യക്തിത്വങ്ങളുടെ തലത്തിൽനിന്ന്, ഗുണപരമായി