ഗ്ലൂക്കോസിൽ ഇത്രയധികം ഊർജം എവിടെനിന്നു വന്നു എന്ന ചോദ്യം പ്രസക്തമാണ്. അന്തിമവിശകലനത്തിൽ അതു വന്നു ചേരുന്നത് സൂര്യന്റെ അന്തമറ്റ ഊർജസംഭരണത്തിൽ നിന്നാണെന്ന് കാണാം. പത്രഹരിതകത്തിന്റെ സഹായത്തോടെ സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന ഊർജം എ.ടി.പി. രൂപത്തിൽ ശേഖരിച്ച് അതിന്റെ സഹായത്തോടെ കാർബൺ ഡൈഓക്സൈഡും വെള്ളവും ചേർത്ത് ഗ്ലൂക്കോസ് നിർമ്മിക്കുന്ന ജോലി നിർവഹിക്കുന്നത് സസ്യങ്ങളാണല്ലോ. അങ്ങനെ സൂര്യനിൽനിന്ന് ശേഖരിക്കപ്പെടുന്ന ഊർജമാണ് മറ്റു ജീവികളിൽ ചെലവഴിക്കപ്പെടുന്നത്.
മരണവും ആത്മാവും
സാധാരണയായി, നമ്മുടെ ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായകഘടകമായി നാം കണക്കാക്കിവരുന്ന പ്രാണവായുവിന്റെ അഥവാ ഓക്സിജന്റെ പങ്ക് ജൈവപ്രക്രിയയിൽ എന്താണെന്ന് വ്യക്തമായല്ലോ. ആ നിലയ്ക്ക്, ഈ ഓക്സിജന് പ്രാണവായു എന്ന പേര് വരാനുള്ള കാരണത്തെക്കുറിച്ചും അതിലടങ്ങിയിട്ടുള്ള അബദ്ധധാരണയെക്കുറിച്ചും അല്പം ചിലത് വിശദമാക്കേണ്ടതുണ്ട്. ശരീരത്തെ ജൈവാവസ്ഥയിൽ നിലനിർത്തുന്നതിന് ആവശ്യമാണെന്നു കരുതപ്പെട്ടിരുന്ന ജൈവശക്തി ഈ ഓക്സിജനിലാണ് അടങ്ങിയിരിക്കുന്നതെന്നും, അത് അവസാനമായി നഷ്ടപ്പെട്ടുപോകുമ്പോഴാണ് മരണം സംഭവിക്കുന്നതെന്നുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഓക്സിജന് പ്രാണവായു എന്ന പേരു സിദ്ധിച്ചത്. ഈ വിശ്വാസം തികച്ചും വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് പറയേണ്ടതില്ലല്ലോ.
ഒരു ശരീരത്തെ ജൈവാവസ്ഥയിൽ നിലനിർത്തുന്നത്, മുകളിൽ വിവരിച്ചതുപോലുള്ള പ്രവർത്തനങ്ങൾ കോശങ്ങളിൽ നടക്കുകയും ഊർജം ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ്. ഈ പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നതിന്, ഒരു ജീവശരീരത്തിലുള്ള വസ്തുക്കളെ കൂടാതെ പുറത്തുനിന്നും ചില വസ്തുക്കളാവശ്യമുണ്ട്. ഇവയിലേറ്റവും പ്രധാനമായത് ഓക്സിജനും, ഗ്ലൂക്കോസ് തുടങ്ങിയ ജൈവരാസവസ്തുക്കളുമാണ്. ശ്വസനം വഴി ഓക്സിജൻ ലഭിക്കുന്നു. ഭക്ഷണം വഴി ഗ്ലൂക്കോസ് തുടങ്ങിയവയും. ഊർജോല്പാദനത്തിൽ ഇവ വഹിക്കുന്ന സുപ്രധാന പങ്ക് എന്താണെന്ന് നാം കണ്ടു. ഈ നിരന്തരമായ ഊർജോല്പാദനപ്രക്രിയ എപ്പോൾ നിലയ്ക്കുന്നുവോ അപ്പോൾ ഊർജത്തിന്റെ അഭാവത്തിൽ എല്ലാ ജൈവപ്രവർത്തനങ്ങളും നിലയ്ക്കുന്നു. ഈ സമയത്ത് ശരീരത്തിൽ നിന്നും ഒന്നും തന്നെ നഷ്ടപ്പെടുന്നില്ല. ഊർജം നഷ്ടപ്പെടുകയല്ല, നിരന്തരമായ ഊർജോല്പാദനം നിലയ്ക്കുകയാണു മരണസമയത്ത് സംഭവിക്കുന്നത്. അപ്പോൾ, മരണസമയത്ത് ശരീരത്തിൽ നിന്നും ജീവശക്തിയെ പ്രതിനിധാനം ചെയ്യുന്ന ഒരു ആത്മാവ് നഷ്ടപ്പെടുന്നുണ്ടെന്ന പഴയ വിശ്വാസം എത്ര അർത്ഥശൂന്യമാണെന്നു വ്യക്തമാണല്ലോ.