താൾ:പ്രപഞ്ചവും മനുഷ്യനും.djvu/141

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊർജോല്പാദനപ്രക്രിയയിൽ പ്രധാന പങ്കുവഹിയ്ക്കുന്നത് എൻസൈമുകളാണെന്നു പറഞ്ഞുവല്ലോ. ഈ എൻസൈമുകൾ പ്രോട്ടീനുകളാണ്. ഓരോ കോശത്തിലെ പ്രവർത്തനങ്ങൾക്കും ആവശ്യമായ എൻസൈമുകളെ നിർമ്മിയ്ക്കുന്നതിന്റെ ചുക്കാൻ പിടിക്കുന്നത് ആ കോശത്തിലെ ക്രോമസങ്ങളിലടങ്ങിയ ജീനുകളാണ്. ഓരോ ജീവിയിലെയും ജൈവപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ജീനുകൾ അതിനു ലഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. പരമ്പരയാ പകർത്തപ്പെടുന്ന പാരമ്പര്യവാഹികളാണവ. ഇങ്ങനെ ബീജകോശങ്ങൾ വഴി പകർത്തപ്പെടുന്ന ജീനുകളുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന ഒരു ജീവി, ചുറ്റുപാടിൽ നിന്ന് ഓക്സിജനും പോഷകവസ്തുക്കളും സമാർജിച്ച് ജീനുകൾ നിർമ്മിക്കുന്ന എൻസൈമുകളുടെ കാർമ്മികത്വത്തിൽ നിരന്തരമായ ഊർജോല്പാദനം നടത്തുന്നതിലൂടെയാണ് സജീവമായി നിലനിൽക്കുന്നത്. ഈ പ്രക്രിയകൾക്കെവിടെയും തകരാറ് സംഭവിച്ചാൽ ഈ ഊർജോല്പാദനം പാടെ നിലയ്ക്കുന്നു. അതിനെ മരണമെന്നു നാം പറയുന്നു. ഉദാഹരണത്തിന്, പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുന്ന ഒരാളിൽ സംഭവിക്കുന്നതെന്താണെന്നു നോക്കാം. മുകളിൽ വിവരിച്ച ഊർജോല്പാദന പ്രക്രിയയിൽ പങ്കുചേരുന്ന ഒട്ടനവധി എൻസൈമുകളിൽ ഒന്നിനെ നിഷ്ക്രിയമാക്കുകയാണ് പൊട്ടാസ്യം സയനൈഡ് ചെയ്യുന്നത്. അതുമൂലം സങ്കീർണ്ണമായ ആ ഊർജോല്പാദന പ്രവർത്തന ശൃംഖല വിച്ഛേദിക്കപ്പെടുന്നു. അതോടെ എല്ലാ കോശങ്ങളിലും ഊർജോൽപാദനം നിലയ്ക്കുന്നു. നിമിഷങ്ങൾക്കുള്ളിലാണ് ഊർജോല്പാദനപ്രക്രിയകൾ നടക്കുന്നതെന്നു പറഞ്ഞുവല്ലോ. അതുകൊണ്ടാണ് പൊട്ടാസ്യം സയനൈഡ് കഴിച്ചാൽ മരണം ഉടനടിയുണ്ടാകുന്നത്. ഓക്സിജനും ഗ്ലൂക്കോസും മറ്റും എല്ലാ കോശങ്ങളിലും എത്തിക്കാൻ പറ്റാത്ത വിധം രക്തചംക്രമണത്തിനോ ശ്വാസോച്ഛ്വാസത്തിനോ തടസ്സം നേരിട്ടാലും ഇങ്ങനെ മരണം സംഭവിക്കുന്നു.

ന്യൂക്ലിയസ്

ഇനി നമുക്ക് കോശത്തിനുള്ളിലേയ്ക്കുതന്നെ പോകാം. കോശദ്രവത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെക്കുറിച്ചെല്ലാം പ്രതിപാദിച്ചുകഴിഞ്ഞു. ഇനി കോശത്തിലെ ഏറ്റവും പ്രധാന ഭാഗമായ ന്യൂക്ലിയസ് അഥവാ കോശകേന്ദ്രമാണുള്ളത്. കോശസ്തരത്തെപ്പോലെ തന്നെയുള്ള ഒരു സ്തരമാണ് ന്യൂക്ലിയസിനെ കോശദ്രവ്യത്തിൽ നിന്ന് വേർതിരിച്ചു നിറുത്തുന്നത്. എങ്കിലും ഈ സ്തരത്തിലുള്ള ചെറു സുഷിരങ്ങൾ വഴി കോശദ്രവവും ന്യൂക്ലിയോപ്ലാസവും ചെറിയതോതിൽ ബന്ധപ്പെട്ടിരിക്കുന്നു.

ന്യൂക്ലിയസ്സിലെ ഏറ്റവും പ്രധാന ഘടകമാണ് പാരമ്പര്യ വാഹികളായ ക്രോമസങ്ങൾ അഥവാ വർണ്ണതന്തുക്കൾ. ജീവികളുടെ എല്ലാ ഗുണഗണങ്ങളെയും നിയന്ത്രിക്കുന്ന ജീനുകൾ ഈ ക്രോമസങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ക്രോമസങ്ങളുടെ എണ്ണവും ഘടനയും ഓരോ ജീവജാതിയിലും