താൾ:പ്രപഞ്ചവും മനുഷ്യനും.djvu/143

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



13

ജീൻ ഒരു രാസസംയുക്തം


രുപതാം നൂറ്റാണ്ടിന്റെ ആദ്യശതകത്തിൽ ജീവശാസ്ത്രജ്ഞന്മാരുടെ മനോമുകുരങ്ങളിൽ ജീൻ എന്ന സങ്കല്പത്തിനു സ്ഥായീഭാവം ലഭിച്ചു കൊണ്ടിരിക്കുകയായിരുന്നെങ്കിലും, അതേക്കുറിച്ച് ഒട്ടേറെ സന്ദേഹങ്ങളും പൊന്തിവന്നിരുന്നു. ജീനുകളുടെ ഭൗതികാടിസ്ഥാനം കോശകേന്ദ്രത്തിലെ ക്രോമസോമുകളാണെന്നു വ്യക്തമായി വരികയായിരുന്നു. പക്ഷേ, ഓരോ ജീവികളിലും ക്രോമസങ്ങളുടെ എണ്ണത്തിനൊരു പരിധിയുണ്ട്. സാധാരണ ജീവകോശങ്ങളിലെല്ലാം ക്രോമസങ്ങൾ ജോഡിയായിട്ടാണു നിലനിൽക്കുന്നത്. മനുഷ്യനിൽ 46 ക്രോമസങ്ങൾ അഥവാ 23 ജോഡി ക്രോമസങ്ങളുണ്ട്. എന്നാൽ മനുഷ്യനിലടക്കം എല്ലാ ജീവികളിലെയും ബീജകോശങ്ങളുടെ എണ്ണം പകുതിയാകുന്നു. മനുഷ്യബീജകോശങ്ങളിൽ 23 ക്രോമസോമുകളെ ഉണ്ടാവുകയുള്ളു. ഒരു ക്രോമസത്തിൽ ഒരു ജീൻ മാത്രമേ നിലിൽക്കുന്നുള്ളുവെങ്കിൽ ഓരോ ജീവികളിലും വളരെ പരിമിതമായ ജീനുകളേ ഉണ്ടാവുകയുള്ളു. എന്നാൽ ഓരോ ജീവിയും പ്രകടിപ്പിക്കുന്ന സ്വഭാവങ്ങൾ അസംഖ്യമെത്ര. മാത്രമല്ല, ഒരു സ്വഭാവം ഒറ്റയ്ക്കെടുത്ത് പഠനവിധേയമാക്കുമ്പോൾ മാത്രമേ, മെൻഡൽ ചൂണ്ടിക്കാണിച്ച നിയമങ്ങൾക്കനുസൃതമായ അനുപാതങ്ങളിൽ ആ സ്വഭാവം തുടർന്നുള്ള തലമുറകളിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഒന്നിലധികം സ്വഭാവങ്ങൾ ഒരുമിച്ചു പഠിക്കുമ്പോൾ ഈ നിയമങ്ങൾ ലംഘിക്കപ്പെടുന്നു.

ഇത്തരം സംശയങ്ങൾ നിലനിന്നിരുന്നതിനാൽ 1903-ൽ സട്ടൻ സിദ്ധാന്തിച്ചതുപോലെ പാരമ്പര്യഘടകങ്ങൾ ക്രോമസങ്ങളിലാണു നിലനിൽക്കുന്നതെന്ന് വിശ്വസിയ്ക്കാൻ പലരും തയ്യാറായില്ല. ഈ പ്രതിസന്ധിക്കൊരു പരിഹാരം കണ്ടെത്തിയത് 1911-ൽ ടി.എച്ച്. മോർഗനാണ്. അദ്ദേഹം ഡ്രോസോഫില എന്നു വിളിക്കപ്പെടുന്ന ഒരു തരം ചെറിയ ഈച്ചകളിൽ നടത്തിയ പരീക്ഷണങ്ങൾ വഴി, ഒരേ ക്രോമസത്തിൽ അനവധി ജീനുകൾ പരസ്പരബദ്ധമായി അണിനിരന്നു നിൽക്കുകയാണെന്നു തെളിയിച്ചു. ബീജകോശ രൂപീകരണ സമയത്തു നടക്കുന്ന ന്യൂനീകരണ വിഭജനത്തിനിടയ്ക്ക്, ക്രോമസങ്ങളെല്ലാം ജോഡികളായി അണിനിരക്കും: ഈ ജോഡികളിൽ പരസ്പരം അഭിമുഖമായി നിൽക്കുന്ന ജീനുകൾ സമാനസ്വഭാവങ്ങളെ പ്രതി നിധീകരിക്കുന്നവയാണ്. ഇങ്ങനെ അണിനിരക്കുന്ന ക്രോമസങ്ങൾ അവയുടെ ഘടകങ്ങൾ പരസ്പരം കൈമാറുകയും പതിവുണ്ട്. മോർഗൻ കണ്ടുപിടിച്ച ഈ രണ്ടു വസ്തുതകളും പാരമ്പര്യശാസ്ത്രത്തിന്റെ മൗലികനിയമങ്ങളാണ്.