താൾ:പ്രപഞ്ചവും മനുഷ്യനും.djvu/150

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



14

ജൈവപ്രവർത്തനങ്ങൾ

രേയൊരു ഭ്രൂണകോശം വിഭജിച്ചു പെരുകിയിട്ടാണ് ഒരു ജീവി, ഒരു മനുഷ്യൻ രൂപംകൊള്ളുന്നത്. ആ ഭ്രൂണകോശത്തിൽ ആ ജീവിയുടെ, ആ മനുഷ്യന്റെ എല്ലാ സ്വഭാവങ്ങളെയും പ്രതിനിധീകരിക്കുന്ന ജീനുകൾ നിലനില്ക്കുന്നു. ഒരു മനുഷ്യന്റെ സൃഷ്ടിക്കു അടിത്തറയേകുന്ന പ്രാഥമികകോശത്തിൽ മാതാപിതാക്കളിൽനിന്ന് വന്നു ചേർന്ന നാല്പതിനായിരത്തോളം ജീനുകൾ നിലനില്ക്കുന്നു. വളർച്ചയെത്തിയ ഒരു മനുഷ്യന്റെ ശരീരത്തിലുള്ള കോടാനുകോടി കോശങ്ങളിലോരോന്നിലുമുണ്ട് അതേ നാല്പതിനായിരം ജീനുകൾ. ഭ്രൂണകോശത്തിലുണ്ടായിരുന്ന പ്രാഥമിക ജീനുകൾ ഇത്രയധികമായി പെറ്റുപെരുകുന്നതെങ്ങനെയാണ്? അതും, അവയുടെ മൗലികഘടനയിൽ യാതൊരു വ്യത്യാസവും വരാത്തത്ര സൂക്ഷ്മ രീതിയിൽ.

കോശവിഭജനം

നിരന്തരവും ക്രമികവുമായി നടന്നുകൊണ്ടിരിക്കുന്ന കോശവിഭജനങ്ങളാണ് ഒരു ഭ്രൂണകോശത്തെ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തുന്നത്. ഓരോ കോശത്തിനും ഒരു പരിധിവരെ മാത്രമേ വളരാൻ കഴിയുകയുള്ളു. അതു കഴിഞ്ഞാൽ പിന്നെ വിഭജിക്കാൻ നിർബന്ധിതമാകുന്നു. ഈ വിഭജനത്തിൽ സുപ്രധാനമായ പങ്കു വഹിക്കുന്നത് ക്രോമസങ്ങളാണ്. വിഭജനത്തിന് തൊട്ടുമുമ്പുള്ള ഘട്ടത്തിൽ ക്രോമസങ്ങൾ എല്ലാം കൂടി പിണഞ്ഞ് ഒരു വലപോലെ കിടക്കുന്നു. മാത്രമല്ല, അവ വളരെയേറെ ചുരുണ്ടുകൂടി കിടക്കുന്നതു കാരണം അവയുടെ യഥാർത്ഥ നീളത്തിന്റെ ഒരു ചെറിയ അംശംപോലും ദൃശ്യമാവുന്നില്ല. ഒരു മനുഷ്യകോശത്തിലെ ക്രോമസങ്ങളെല്ലാം ചുരുളുകൾ നിവർത്ത് തുടർച്ചയായി നിരത്തിവച്ചാൽ ഏകദേശം 5 അടിയോളം നീളമുണ്ടായിരിക്കുമത്രേ! അപ്പോൾ ഈ ക്രോമസങ്ങൾ എത്രലോലമാണെന്ന് ചിന്തിച്ചുനോക്കൂ. കാരണം, ഇത്രയധികം നീളമുള്ള ഈ ക്രോമസങ്ങളെല്ലാം ഒതുങ്ങിയിരിക്കുന്ന ഒരു കോശത്തിന്റെ ന്യൂക്ലിയസ്സിനെ കണ്ടെത്തണമെങ്കിൽ മൈക്രോസ്കോപ്പിന്റെ സഹായം തേടണം! ഇങ്ങനെ ചുരുണ്ടുകൂടി കിടക്കുന്ന ക്രോമസങ്ങളിൽ ഓരോന്നിലും ഓരോ കേന്ദ്രകണികയുമുണ്ട്. വിഭജന സമയത്ത് ക്രോമസങ്ങളെ രണ്ടറ്റത്തേയ്ക്കു വലിച്ചുനീക്കുന്നതിന് ഇവ സഹായിക്കുന്നു.

കോശവിഭജനത്തിന്റെ പ്രഥമഘട്ടത്തിൽ ക്രോമസങ്ങൾ കൂടുതൽ ചുരുങ്ങിക്കൂടുന്നതിന്റെ ഫലമായി, നീളം കുറഞ്ഞവയും വണ്ണം കൂടിയവയുമായിത്തീരുന്നു. ഈ അവസരത്തിലെല്ലാം ക്രോമസങ്ങൾ ഇരട്ടയായി