താൾ:പ്രപഞ്ചവും മനുഷ്യനും.djvu/155

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാണ്. ഡി.എൻ.എ. ഇരട്ടിക്കുന്നതെങ്ങനെയാണെന്ന് നോക്കേണ്ടതുണ്ട്. അപ്പോൾ, ജൈവസ്വഭാവത്തിന്റെ അടിസ്ഥാന പ്രക്രിയയുടെ രഹസ്യം നമുക്കു മനസ്സിലാകും. കാരണം, ഡി.എൻ.എ-യുടെ ഇരട്ടിക്കലാണല്ലോ രണ്ടുതരത്തിലുള്ള കോശവിഭജനത്തിനും അതുവഴി വളർച്ചയ്ക്കും പ്രത്യുല്പാദനത്തിനും അടിസ്ഥാനമായി വർത്തിക്കുന്നത്. ഡി.എൻ.എ യുടെ ഘടന എന്താണെന്നു കഴിഞ്ഞ അദ്ധ്യായത്തിൽ നാം കാണുകയുണ്ടായി. നാലുതരം നൈട്രജൻ ബേസുകൾ ജോഡി ചേർന്നുള്ള പടികളാൽ ബന്ധിക്കപ്പെട്ടിട്ടുള്ള രണ്ടു ചരടുകൾ പിരിച്ചിരിക്കുന്നതു പോലെയാണ് ഓരോ ഡി.എൻ.എ തന്മാത്രയും. ഇതിലെ രണ്ടിഴകളോടു ചേർന്നു നിൽക്കുന്ന നൈട്രജൻ ബേസുകളെ തമ്മിൽ നടുക്കു ബന്ധിപ്പിക്കുന്നതു ദുർബലമായ ഹൈഡ്രജൻ ബോണ്ടുകൾ വഴിയാണെന്നും സൂചിപ്പിക്കുകയുണ്ടായി. ഡി.എൻ.എ ഇരിട്ടിക്കാൻ സമയത്ത് ഡി.എൻ.എസ് എന്ന ഒരു എൻസൈം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈ ഹൈഡ്രജൻ ബോണ്ടുകൾ വിച്ഛേദിക്കപ്പെടുകയും, തൽഫലമായി ഇരട്ടച്ചരടുകൾ കൊണ്ടു രൂപീകൃതമായിട്ടുള്ള ആ ഏണികളുടെ പടികൾ നടുക്കുവെച്ച് മുറിയുകയും ചെയ്യുന്നു. അതോടെ ഡി.എൻ.എ ചങ്ങലയിലെ രണ്ടു തന്തുക്കൾ അവയിലുള്ള ബേസുകളോടുകൂടി സ്വതന്ത്രമാവുകയും, അവരുടെ പിരി അയയുകയും ചെയ്യുന്നു. ഇങ്ങനെ സ്വതന്ത്രമായ ഓരോ ഡി.എൻ.എ തന്തുവിലുമുള്ള ഒറ്റപ്പെട്ടുപോയ ഹൈഡ്രജൻ ബേസുകൾ ചുറ്റുമുള്ള പ്രോട്ടോപ്ലാസത്തിൽ ചിതറിക്കിടക്കുന്ന നൈട്രജൻ ബേസുകളിൽനിന്ന് അനുയോജ്യമായ ഇണകളെ തിരഞ്ഞെടുക്കുന്നു. ഇതോടൊപ്പം ഓരോ റിബോസ് തന്മാത്രകളെയും ഫോസ്ഫേറ്റുകളെയും കൂട്ടിച്ചേർത്ത് ആ ന്യൂക്ലിയോടൈഡുകൾ പൂർത്തീകരിക്കയും പരസ്പരം ബന്ധിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പിളരുകയും പിരി അയയുകയും ചെയ്ത ഓരോ ഡി.എൻ.എ തന്തുവും വീണ്ടും പിരിഞ്ഞ ഇരട്ട ചങ്ങലകളായി മാറുന്നു. ഈ പ്രക്രിയ ഒരു ഡി.എൻ.എ. തന്തുവിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ക്രമികമായി സംഭവിക്കുമ്പോഴേയ്ക്കും ആദ്യത്തെ ഒരു ഡി.എൻ.എ. തന്മാത്ര രണ്ട തന്മാത്രകളായി തീർന്നിട്ടുണ്ടാകും.

ജീൻഘടന

ക്രോമസങ്ങളാണ് പാരമ്പര്യവാഹികളെന്നും, ക്രോമസങ്ങളിലെ സുപ്രധാന ഘടകമായ ഡി.എൻ.എ-യുടെ ഘടനയെന്താണെന്നും വ്യക്തമായി. ഡി.എൻ.എ-യിൽ എത്രത്തോളം ചേർന്നതാണ് പാരമ്പര്യ ഘടകങ്ങളായ ജീനുകൾ എന്നു പരിശോധിക്കേണ്ടതുണ്ട്. ഒരു ജീൻ ഒരു ജൈവസ്വഭാവത്തെ നിയന്ത്രിക്കുന്നതായി നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ജൈവസ്വഭാവങ്ങൾ മൗലികമായി രണ്ടുതരമുണ്ട്. ഒന്ന് ഘടനാപരവും മറ്റേത് പ്രവർത്തനപരവും. ജൈവശരീരത്തിന്റെ ഘടനാപരമായ എല്ലാ സവിശേഷതകളെയും നിയന്ത്രിക്കുന്നത് പ്രത്യേകം പ്രത്യേകം പ്രോട്ടീനുകളാണ്. അതുപോലെ, ജൈവശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിയ്ക്കുന്നത് പ്രത്യേക എൻസൈമുകളാണ്. ഈ എൻസൈമുകളാകട്ടെ, പ്രോട്ടീ