താൾ:പ്രപഞ്ചവും മനുഷ്യനും.djvu/16

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിൽനിന്ന് അതീതമായി, സാമൂഹ്യഘടന വസ്തുനിഷ്ഠസ്വഭാവം കൈവരിക്കുന്നതുകൊണ്ടാണ്, സാമൂഹ്യഘടനയുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്ന സാമൂഹ്യശാസ്ത്രങ്ങൾ പ്രസക്തമായിരിക്കുന്നത്. മറ്റു പ്രകൃതിശാസ്ത്രങ്ങൾ കണ്ടെത്തുന്ന നിയമങ്ങളുടെ സഹായത്തോടെ വിവിധ മണ്ഡലങ്ങളെ നിയന്ത്രണാധീനമാക്കാൻ കഴിയുന്നതുപോലെതന്നെയാണ് സാമൂഹ്യശാസ്ത്രനിയമങ്ങൾ കണ്ടെത്തുകവഴി, സാമൂഹ്യഘടനയെയും അതിന്റെ ചലനങ്ങളേയും നിയന്ത്രിക്കാൻ നമുക്കു കഴിയുന്നത്. വ്യക്തികളുടെ ആത്മനിഷ്ഠമായ മാനസിക വ്യപാരങ്ങൾ മനശാസ്ത്രത്തിന്റെ വിഷയമാണ്. വസ്തുനിഷ്ഠ സ്വഭാവം കൈകൊള്ളുന്ന സാമൂഹ്യഘടനയുടെ പ്രശ്നങ്ങൾ സാമൂഹ്യശാസ്ത്രത്തിന്റെ വിഷയങ്ങളും.

പ്രകൃതിശാസ്ത്രങ്ങളുടെ ഉത്ഭവവും വളർച്ചയും പ്രവർത്തനരീതിയുമെല്ലാം സാമൂഹ്യശാസ്ത്ര വിഷയങ്ങളാണ്. എന്നാൽ പ്രകൃതിശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാകട്ടെ സമൂഹബാഹ്യവുമാണ്. എന്നാൽ സാമൂഹ്യശാസ്ത്രങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വിഷയങ്ങളും അവയുടെ ആന്തരികഘടനയും സാമൂഹ്യശാസ്ത്രങ്ങളുടെ വിഷയങ്ങൾ തന്നെയാണ്. അതായത്, പ്രകൃതിശാസ്ത്രങ്ങൾ സാമൂഹ്യശാസ്ത്രങ്ങളെ സംബന്ധിച്ചടത്തോളം ബാഹ്യവിഷയങ്ങളായിരിക്കുമ്പോൾ, സാമൂഹ്യശാസ്ത്രങ്ങൾ അവയുടെതന്നെ ആന്തരികഘടനയുടെ പ്രശ്നങ്ങളായി മാറുന്നു. പക്ഷേ, ഈ സവിശേഷത പ്രകൃതിശാസ്ത്രങ്ങളുടെ പൊതുചട്ടക്കൂടിൽ സാമൂഹ്യശാസ്ത്രങ്ങൾ ഉൾപ്പെടുന്നതിന് തടസ്സമാകുന്നില്ല.

പ്രകൃതിയും മനുഷ്യനും

പ്രകൃതിശാസ്ത്ര-സാമൂഹ്യശാസ്ത്രങ്ങളുമായി അഭേദ്യമായ ബന്ധപ്പെട്ട ചില കാര്യങ്ങൾ തന്നെയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ ഉയർന്നുവരുന്നത്. 'പാശ്ചാത്യ മാർക്സിസം' വളർത്തിക്കൊണ്ടുവന്ന ചരിത്രമാത്രവാദവുമായി ബന്ധപ്പെട്ട ആശയവാദത്തിനെതിരായി ഫലപ്രദമായ ഒരു സമരം പാശ്ചാത്യ മാർക്സിസത്തിനുള്ളിൽത്തന്നെ വളർന്നു വരികയുണ്ടായി. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് ഇതുവരെ മാർക്സിസത്തിന്റെ ചട്ടകൂടിനുള്ളിൽ നിന്നുകൊണ്ട് നടന്നിട്ടില്ലാത്ത ഒരു ചർച്ച, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, അടുത്തകാലമായി ഉയർന്നുവന്നിട്ടുള്ളത്. 'പാശ്ചാത്യ മാർക്സിസ'ത്തിന്റെ ആശയവാദത്തോടുള്ള കലാപമെന്ന നിലയ്ക്ക് ആരംഭിച്ച ഈ സമരം, ചിലപ്പോഴൊക്കെ മറുകണ്ടംചാടി യാന്ത്രിക ഭൗതികവാദത്തിലേയ്ക്ക് വഴുതി വീഴുന്നുണ്ടെങ്കിലും, പൊതുവിൽ ആരോഗ്യകരമായ ഒരു സംവാദമാണ് ഇതിലൂടെ വളർന്നുവന്നിട്ടുള്ളത്.

മനുഷ്യസമൂഹത്തിന്റെ ജീവശാസ്ത്രപരമായ അടിത്തറയെക്കറിച്ച് മാർക്സിനും ഏംഗത്സിനും യാതൊരു സംശയവുമുണ്ടായിരുന്നില്ലെങ്കിലും, മനുഷ്യസമൂഹത്തെ വിശകലനം ചെയ്യാൻ ചരിത്രപരവും സാമ്പത്തികശാസ്ത്രപരവുമായ ഉപാധികളാണ് അവർ മുഖ്യമായും ഉപയോഗപ്പെടുത്തിയത്