പ്രോട്ടീൻ നിർമ്മിതി
അമിനോ അമ്ളങ്ങൾ അണിനിരക്കുന്നത് തോന്നിയതുപോലെയല്ല, ഓരോ പ്രോട്ടീനിലും നിശ്ചിതമായ ഒരു അനുക്രമമനുസരിച്ചാണ് അമിനോ അമ്ളങ്ങൾ കൂട്ടുചേരുന്നത്. ഈ അനുക്രമത്തെ നിർണ്ണയിക്കുകയാണ് മുകളിൽ വിവരിച്ച സന്ദേശ ആർ.എൻ.എ-യുടെ ജോലി. ഡി.എൻ.എ-യിലുള്ള ന്യൂക്ളിയോടൈഡ് അനുക്രമം അതേപടി പകർത്തിക്കൊണ്ടുവന്നിരിക്കുകയാണല്ലോ സന്ദേശ ആർ.എൻ.എ. അത് സൈറ്റോപ്ലാസത്തിലെ റിബോസോമുകളിൽ വന്നുചേരുന്നു. റിബോസോമിൽ വെച്ച് അതിലെ ആർ.എൻ.എ-സന്ദേശത്തിന്റെ 'വായന' നടക്കുന്നു. സന്ദേശക ആർ.എൻ.എ-യിലെ മുമ്മൂന്ന് ന്യൂക്ലിയോടൈഡുകൾ ഓരോ അമിനോ അമ്ളങ്ങൾക്കുള്ള കോഡുവാക്യങ്ങളാണ്. റിബോസോമിൽ വെച്ച് വായിക്കപ്പെടുന്ന ഈ കോഡുകൾക്കോരോന്നിനും അനുസൃതമായ അമിനോ അമ്ളങ്ങൾ അവിടെ വന്നുചേരുകയും പരസ്പരം ബന്ധിപ്പിക്കപ്പെടുകയും ചെയ്യണം.അപ്പോഴാണ് പ്രോട്ടീൻ തന്മാത്ര രൂപം കൊള്ളുക.
റിബോസോമിൽ വെച്ച് സന്ദേശക ആർ.എൻ.എ യിലെ കോഡുവാക്യങ്ങൾ തർജ്ജമ ചെയ്യപ്പെടുന്നതിനനുസരിച്ച് ഓരോ അമിനോ അമ്ളങ്ങളെ അവിടെ കൊണ്ടെത്തിക്കുന്ന ജോലി നിർവ്വഹിക്കുന്ന ഒരു തരം ആർ.എൻ.എ യുണ്ട്. ഇതിനെ കൈമാറ്റ ആർ.എൻ.എ. എന്നു വിളിക്കുന്നു. ഏതാണ്ട് 90 ന്യൂക്ളിയോടൈഡുകളാണ് ഒരു കൈമാറ്റ ആർ.എൻ.എ.യിലുണ്ടായിരിക്കുക. ഇതിൽ ഒരറ്റത്തുള്ള മൂന്ന് ന്യൂക്ളിയോടൈഡുകളാണ് സംജ്ഞാവാഹികളായിട്ടുള്ളത്. ഈ അറ്റമാണ് റിബോസോമിൽ ചെന്നു നിൽക്കുന്ന സന്ദേശ ആർ.എൻ.എ-യിലെ ന്യൂക്ളിയോടൈഡുകളുമായി ഒത്തുനോക്കുന്നത്. ഓരോ കൈമാറ്റ ആർ.എൻ.എ-യും ഒരു പ്രത്യേക അമിനോ അമ്ളത്തെ വഹിച്ചുകൊണ്ടു ചെല്ലുന്നു. ഇങ്ങനെ കൈമാറ്റ ആർ.എൻ.എ.യുമായി അമിനോ അമ്ളം ബന്ധിപ്പിക്കപ്പെടുന്നതിനു മുമ്പ് അമിനോ അമ്ലം എ.ടി.പി-യുമായി ചേർന്ന് സജീവമായിട്ടുണ്ടായിരിക്കണം. സാധാരണഗതിയിൽ 20-ഓളം അമിനോ അമ്ളങ്ങളാണ് പ്രമുഖമായി കണ്ടുവരുന്നത്. ഇവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം കൈമാറ്റ ആർ.എൻ.എ-യുമുണ്ടായിരിക്കും. പലപ്പോഴും ഒരേ അമിനോ അമ്ളത്തിന് ഒന്നിലധികം കൈമാറ്റ ആർ.എൻ.എ.ഉണ്ടായിരിക്കുന്നതുകൊണ്ട് അവയുടെ എണ്ണം അധികമായിരിക്കും.
ഒരു അമിനോ അമ്ളത്തിനുള്ള കോഡ് അടങ്ങിയിട്ടുള്ള സന്ദേശ ആർ.എൻ.എ-യിലെ മൂന്നു ന്യൂക്ളിയോടൈഡുകളുടെ ഒരു സെറ്റിനെ 'കോഡോൺ' എന്നു പറയുന്നു. റിബോസോമിൽ എത്തിച്ചേർന്നിട്ടുള്ള സന്ദേശ ആർ.എൻ.എ-യിലെ കോഡോണുകൾ ഏതാണെന്നു പരിശോധിച്ച് അവയ്ക്കനുസ്യതമായ അമിനോ അമ്ളങ്ങളെ എത്തിച്ചുകൊടുക്കുകയാണ് കൈമാറ്റ ആർ.എൻ.എ. ചെയ്യുന്നത്. ഇങ്ങനെ വന്നു ചേരുന്ന അമിനോ അമ്ളങ്ങളെല്ലാം പെപ്റ്റൈഡ് ബോണ്ടുകൾ മുഖാന്തിരം ബന്ധിക്കപ്പെട്ട പോളിപെപ്റ്റൈ