ഡുകൾ അഥവാ പ്രോട്ടീനുകളായിത്തീരുന്നു. ഈ പ്രോട്ടീനുകളിൽ ചിലവ ഘടനാപരമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നവയും മറ്റു ചിലവ എൻസൈമുകളായി പ്രവർത്തിക്കുന്നവയും ആയിത്തീരുന്നു. അങ്ങനെ പരോക്ഷമായിട്ടാണെങ്കിലും ജീനുകളുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ അവ നിർദ്ദേശിക്കുന്ന കോഡുകൾക്കനുസരിച്ചു മാത്രമാണ് പ്രോട്ടീനുകൾ നിർമ്മിക്കപ്പെടുന്നത്.
ജീനുകളിൽ അമിനോ അമ്ളങ്ങൾക്കുള്ള കോഡുകൾ ക്രമീകരിക്കപ്പെട്ടിട്ടുള്ള വിധത്തെക്കുറിച്ചുകൂടി ചിലതു പറയേണ്ടതുണ്ട്. ജീനുകളിൽ അണിനിരന്നിട്ടുള്ള ന്യൂക്ളിയോടൈഡുകളിൽ മുമ്മൂന്നെണ്ണം വീതമുള്ള ഓരോ സെറ്റും, ഓരോ അമിനോ അമ്ളത്തിനുള്ള കോഡാണ്. അപ്പോൾ 150 അമിനോ അമ്ളമുള്ള ഒരു പ്രോട്ടീൻ നിർമ്മിക്കുന്ന ഒരു ജീനിൽ 450 ന്യൂക്ളിയോടൈഡുകളുണ്ടായിരിക്കും. ഈ ജീൻ ഒരു നീണ്ട ഡി.എൻ.എ. തന്മാത്രയിലെ ഒരു ചെറുഭാഗം മാത്രമായിരിക്കും. എന്നാൽ ഒരു ജീനിനെയും തൊട്ടടുത്ത ജീനിനെയും തമ്മിൽ വേർപെടുത്തുന്ന ഒരു പരിധി അവയ്ക്കിടയിലുണ്ടായിരിക്കും. ഇങ്ങനെയുള്ള ഒരു ജീൻ നിർമ്മിക്കുന്ന സന്ദേശ ആർ.എൻ.എ-യിലും 450 ന്യൂക്ളിയോടൈഡുകളുണ്ടായിരിക്കും. ഈ സന്ദേശം ആർ.എൻ.എ-യിലെ കോഡോണുകളുമായി തുലനം ചെയ്തു നോക്കാൻ പറ്റുംവിധത്തിൽ മൂന്നു ന്യൂക്ളിയോടൈഡുകളാണ് കൈമാറ്റ ആർ.എൻ.എ.യുടെ അഗ്രത്തിലുള്ളത്. തന്മൂലം ഇവയുടെ പ്രവർത്തനങ്ങൾ അത്യന്തം സമ്യക്കായവിധം നടത്താൻ കഴിയുന്നു.
അടുത്ത കാലത്തു നടന്ന ഊർജ്ജസ്വലമായ ഗവേഷണങ്ങളുടെ ഫലമായി ഓരോ അമിനോ അമ്ളത്തെയും പ്രതിനിധീകരിക്കുന്ന കോഡോണുകളെന്തെല്ലാമാണെന്ന് ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിനു കൈമാറ്റ ആർ.എൻ.എ-യിലെ ന്യൂക്ളിയോടൈഡുകൾ മൂന്നും അഡനിൻ(AAA) ആയിരിക്കുമ്പോൾ അത് ഫിനൈൽ അലനിൻ എന്ന അമിനോ അമ്ളത്തെയാണ് വഹിക്കുക. റിബോസോമിലെ സന്ദേശ ആർ.എൻ.എ-യിൽ ഇതിനനുസൃതമായ അനുക്രമം മൂന്നു യുറാസിലുകളായിരിക്കും (UUU). അപ്പോൾ, ഇത്തരമൊരു സന്ദേശ ആർ.എൻ.എ-യെ നിർമ്മിച്ച ഡി.എൻ.എ-യിലെ ന്യൂക്ളിയോടൈഡുകളുടെ അനുക്രമം AAA എന്നായിരിക്കും. ഒരു മ്യൂട്ടേഷൻ മൂലം ഇത് AAT എന്ന് മാറുകയാണെങ്കിൽ അതു നിർമ്മിക്കുന്ന ആർ.എൻ.എ-യിലെ അനുക്രമം UUA എന്നായി മാറും. ഇതുമൂലം പ്രോട്ടീനിലെ അമിനോ അമ്ളവും മാറിവരും.
ആകെയുള്ള നാലുതരം ന്യൂക്ളിയോടൈഡുകളെ മുമ്മൂന്നു വീതമുള്ള കോഡോണുകളാക്കി തരം തിരിച്ചാൽ 64 വിവിധ തരം കോഡോണുകളുണ്ടാക്കാൻ കഴിയും. എന്നാൽ പ്രധാനമായും 20 അമിനോ അമ്ളങ്ങളേ ഉള്ളുതാനും. ഇതിൽ നിന്നും വ്യക്തമായത് ഓരോ അമിനോ അമ്ളത്തിനും ഓരോ കോഡോൺ മാത്രമല്ല ഉള്ളതെന്നാണ്. അഞ്ചും ആറും കോഡോണുകൾ ഒരേ അമിനോ അമ്ളത്തിന്റെ കോഡായി വർത്തിക്കുന്നുണ്ട്. അതേ