താൾ:പ്രപഞ്ചവും മനുഷ്യനും.djvu/165

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


15

ജീവൻ

മനുഷ്യന്റെ കൈകളിൽ

ജൈവപ്രതിഭാസം പൂർണ്ണമായും മനുഷ്യന്റെ നിയന്ത്രണങ്ങൾക്കുള്ളിൽ വന്നുചേരുമെന്ന് വിശ്വസിക്കാൻ അടുത്തകാലം വരെ പലരും തയ്യാറായിരുന്നില്ല. എന്നാലിന്ന് സ്ഥിതി അതല്ല. ആധുനികശാസ്ത്രത്തിന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഏതൊരുവനും ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരാൻ നിർബദ്ധനാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിലുണ്ടായ അത്ഭുതകരങ്ങളായ നേട്ടങ്ങളെ അതിശയിക്കുന്ന പലതും ഈ ദശകത്തിൽ (1970-80) നാം കാണാനിരിക്കുന്നതേയുള്ളു.

ജൈവസ്വഭാവങ്ങളുടെ കേന്ദ്രനിയന്ത്രണബിന്ദുക്കളായ ജീനുകൾ, വിവിധ പ്രോട്ടീനുകൾ സംശ്ലേഷണം ചെയ്ത് ജീവികളുടെ ഘടനാപരവും ധർമ്മപരവുമായ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതെങ്ങനെയാണെന്നു വ്യക്തമായതു കഴിഞ്ഞ ദശകത്തിലാണ്. ജീനുകളുടെ പരസ്പര നിയന്ത്രണം വഴിയായി, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ സവിശേഷീകൃതമായ വികാസപ്രക്രിയയിലൂടെ മുന്നേറുന്നതെങ്ങനെയെന്നതിനെക്കുറിച്ചും ഒട്ടേറെ സൂചനകൾ ലഭിക്കുകയുണ്ടായി. എന്നാൽ ഈ വക നേട്ടങ്ങൾക്കെല്ലാം മകുടം ചാർത്തുമാറുള്ള ഒരു മഹത്തായ കണ്ടുപിടുത്തം കഴിഞ്ഞ വർഷങ്ങളിൽ നടക്കുകയുണ്ടായി. ഒരു ജീവിയുടെ അടിസ്ഥാനപരമായ ജൈവവസ്തുവിന് സമാനമായ പദാർത്ഥം പരീക്ഷണശാലയിൽ കൃത്രിമമായി സംശ്ലേഷണം ചെയ്തെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ നേട്ടം. അതോടെ പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു വസ്തുവാണ് ജീവനെന്ന പ്രതിഭാസമെന്നു വ്യക്തമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവൻ മനുഷ്യന്റെ പിടിയിലൊതുങ്ങി.

1967 ഡിസംബർ മാസത്തിലാണ് ഈ ചരിത്രം സ്യഷ്ടിച്ച സംഭവം നടന്നത്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസ്സർ ആർതർ കോൺബർഗും അദ്ദേഹത്തിന്റെ സഹകാരികളായ, അതേ സ്ഥാപനത്തിലെ ഡോ. ആർ.എൻ. സിൻഷീമറും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഡോ. എം. ഗൗലിയനുമാണ് ഈ സംരംഭത്തിൽ വിജയിച്ചത്.

ഡി.എൻ.എ.യുടെയും ആർ.എൻ.എ.യുടെയും കണ്ടുപിടുത്തത്തെ തുടർന്നുള്ള കാലഘട്ടങ്ങളിൽ പ്രൊ. കോൺബർഗും മറ്റും ഈ ന്യൂക്ളിക്കമ്ലങ്ങൾ സംശ്ളേഷണം ചെയ്യാനുള്ള തീവ്രശ്രമത്തിലേർപ്പെട്ടിരിക്കുകയായി