ഡി.എൻ.എ-യ്ക്ക് സമാനമായ ഡി.എൻ.എ. തന്മാത്ര കൃത്രിമമായി സംശ്ലേഷിച്ചെടുക്കാൻ കഴിഞ്ഞു. ഡി.എൻ.എ. തന്മാത്രയാകട്ടെ യഥാർത്ഥവൈറസിന്റെ എല്ലാ നൈസർഗ്ഗിക സ്വഭാവങ്ങളും പ്രകടിപ്പിക്കുകയുണ്ടായി.അങ്ങനെ ഏറ്റവും ലളിതരൂപത്തിലുള്ള ഒരു ജീവകണിക പരീക്ഷണശാലയിൽ ആദ്യമായി നിർമ്മിക്കപ്പെട്ടു.
പാരമ്പര്യരോഗവിമുക്തി
പാരമ്പര്യവാഹികളായ ജീനുകളിൽ സംഭവിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള മ്യൂട്ടേഷന്റെ ഫലമായി ഏതെങ്കിലും ജൈവപ്രക്രിയകൾ താറുമാറാകുന്നതുകൊണ്ടുണ്ടാകുന്ന രോഗത്തെയാണ് പാരമ്പര്യരോഗമെന്നു പറയുന്നത്. ഇത് മാരകമാണെങ്കിൽ, അടുത്ത തലമുറയിലേയ്ക്ക് ആ ജീൻ പകർത്തപ്പെടുന്നതിനുമുമ്പുതന്നെ ആ ജീവി നശിച്ചുപോകും. എന്നാൽ, അത്രതന്നെ അപകടകാരിയല്ലാത്ത പാരമ്പര്യരോഗങ്ങളുണ്ടാകുമ്പോൾ അതിനുത്തരവാദിയായ ജീനുകൾ തലമുറകൾ തോറും പകർത്തപ്പെട്ടുകൊണ്ടിരിക്കും. ഇത്തരം രോഗങ്ങൾ സാധാരണരീതിയിലുള്ള ചികിത്സകൊണ്ട് ഭേദമാവില്ല. രോഗത്തിനടിസ്ഥാനമായ ജീനുകളുടെ ഘടനയിൽ തന്നെ മാറ്റമുണ്ടാക്കണം.
ജീനുകളുടെ രാസഘടനയെക്കുറിച്ചും അവയുടെ സങ്കീർണ്ണ പ്രവർത്തനങ്ങളെക്കുറിച്ചും ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുടെ ശ്രദ്ധ അധികവും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഈ പ്രശ്നത്തിലാണ്. ഇതുവരെ ഇതിൽ പരിപൂർണ്ണ വിജയം നേടിയിട്ടില്ല. എന്നാൽ ഇന്ത്യാക്കാരനായ ഹരഗോവിന്ദഖൊറാണ (ഇപ്പോൾ അമേരിക്കൻ പൗരൻ) യുടെയും നിരൻബർഗിന്റെയും ഹോളിയുടെയും മറ്റും ശ്രമഫലമായി ഈ രംഗത്ത് വമ്പിച്ച പുരോഗതിയുണ്ടായിട്ടുണ്ട്. തികച്ചും രസതന്ത്ര സമ്പ്രദായങ്ങളുപയോഗിച്ചുകൊണ്ടു ഡി.എൻ.എ-യും ആർ.എൻ.എ.യും സംശ്ലേഷണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ അവരാവിഷ്കരിച്ചിട്ടുണ്ട്. അടുത്ത ഭാവിയിൽ തന്നെ, രസതന്ത്രപരമായ സമ്പ്രദായങ്ങളുപയോഗിച്ചുകൊണ്ട് ജീവികളിലെ ജീനുകളുടെ ഘടന ഇഷ്ടാനുസരണം മാറ്റി തീർക്കാൻ കഴിയും. അതോടെ, എല്ലാ പാരമ്പര്യരോഗങ്ങളും നിശ്ശേഷം ദൂരീകരിക്കപ്പെടുമെന്നു മാത്രമല്ല. മനുഷ്യരടക്കമുള്ള ജീവികളുടെ വിവിധ സ്വഭാവങ്ങളെ ആവശ്യാനുസാരം രാസവസ്തുക്കളുപയോഗിച്ച് നിയന്ത്രിക്കാനും കഴിയും.
മനുഷ്യ നിർമ്മാണ ശാലകൾ
ജീവന്റെ കേന്ദ്രബിന്ദുക്കളായ തന്മാത്രകളെക്കുറിച്ചുള്ള ഗവേഷണമേഖലയിലെ ചില നേട്ടങ്ങളേയും സാധ്യതകളേയും കുറിച്ചാണ് മുകളിൽ പ്രതിപാദിച്ചത്. അല്പം വ്യത്യസ്തമായ മറ്റൊരു മേഖലയിലും അത്യന്തം ശ്രദ്ധേയങ്ങളായ ചില കണ്ടുപിടുത്തങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ സ്വാധീനം അടുത്ത ഭാവിയിൽ തന്നെ മനുഷ്യ സമൂഹത്തിൽ ദൂരവ്യാപകഫലങ്ങളുളവാക്കാൻ പോന്നതുമാണ്.